Seasonal Reflections - 2026
നോമ്പുകാലം ആത്മീയ പരിവർത്തനത്തിനുള്ള സമയം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 28
സി. റെറ്റി ജോസ് എഫ്‌സിസി/ പ്രവാചകശബ്ദം 15-03-2026 - Sunday
"എന്റെ സമയം സമാഗതമായി" (മത്തായി 26:18).
പഴയ നിയമത്തിൽ പെസഹാ ഇസ്രായേൽ ജനത്തിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനത്തിന്റെ ഓർമ്മയായിരുന്നു. എന്നാൽ ഈശോ, "എന്റെ സമയം സമാഗതമായി" എന്ന് പറയുമ്പോൾ, പഴയ നിയമത്തിലെ പെസഹാ കുഞ്ഞാടിന് പകരം ഈശോ തന്നെത്തന്നെ ബലിയായി അർപ്പിക്കുന്ന പുതിയ നിയമത്തിലെ പെസഹാ ആരംഭിക്കുന്നു എന്നാണ് അതിന്റെ അർത്ഥം. മനുഷ്യകുലത്തെ പാപത്തിൽ നിന്ന് മോചിപ്പിക്കുന്ന 'യഥാർത്ഥ പെസഹാ കുഞ്ഞാടായി' ഈശോ മാറുകയാണ്.
വിശുദ്ധ ജോൺ ക്രിസോസ്റ്റം പഠിപ്പിക്കുന്നത് പോലെ, ഈ വാക്കുകൾ അവിടുത്തെ ദൈവത്വത്തെയും സർവ്വജ്ഞാനത്തെയുമാണ് സൂചിപ്പിക്കുന്നത്. തനിക്ക് എന്ത് സംഭവിക്കുമെന്ന് കൃത്യമായി അറിഞ്ഞുകൊണ്ട്, പിതാവിന്റെ ഇഷ്ടത്തിന് പൂർണ്ണമായി കീഴടങ്ങുന്ന മനോഭാവമാണിത്. ഈശോ പെസഹാ ആചരിക്കാൻ തിരഞ്ഞെടുത്തത് ഒരു അജ്ഞാതനായ മനുഷ്യന്റെ വീടാണ്. ശിഷ്യന്മാരുമായി സ്വകാര്യമായി സമയം ചിലവഴിക്കാനാണ് ഈശോ ഈ രഹസ്യാത്മകത തിരഞ്ഞെടുത്തതെന്ന് പറയാറുണ്ട്. നമ്മുടെ ഹൃദയത്തിൻ്റെ ഒരുക്കത്തിനായി ഈശോയോടോപ്പമുള്ള 'സ്വകാര്യ സമയം' നമ്മുക്ക് ആവശ്യമാണ്.
നമ്മുടെ ഉള്ളിലെ 'യൂദാസുമാരെ' (തിന്മകളെ) പുറത്താക്കി, ഈശോയെ സ്വീകരിക്കാൻ നമ്മുടെ ഹൃദയമാകുന്ന വീട് ഒരുക്കാനുള്ള സമയം ആഗതമായി എന്ന സന്ദേശവും ഈ വചനം നൽകുന്നുണ്ട്. "എന്റെ സമയം സമാഗതമായി" എന്ന് ഈശോ പറഞ്ഞതുപോലെ, നമ്മുടെ ആത്മീയ പരിവർത്തനത്തിനുള്ള സമയമാണ് ഈ നോമ്പുകാലം എന്ന് തിരിച്ചറിയുക. ഈ നോമ്പുകാലം നമ്മുടെ പാപത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിതരാകാൻ ദൈവം നമുക്കായി നിശ്ചയിച്ചിട്ടുള്ള സമയമാണ്. പുറമെയുള്ള അനുഷ്ഠാനങ്ങളേക്കാൾ ഹൃദയത്തിന്റെ ആഴത്തിലുള്ള മനസ്താപത്തിന് പ്രാധാന്യം നൽകുക.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















