India - 2025
പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ നിയമതടസ്സങ്ങള്‍ ഉണ്ടെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
സ്വന്തം ലേഖകന്‍ 01-06-2017 - Thursday
പാലാ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദേശീയസംസ്ഥാന പാതയോരത്തുനിന്നും ഒഴിവാക്കപ്പെട്ട മദ്യശാലകൾക്ക് പാതയുടെ പേര് മാറ്റിയാലും തുറക്കാനാവാത്ത നിയമപരമായ തടസ്സങ്ങള്‍ ഉണ്ടെന്നും സുപ്രീംകോടതിയിൽ ഈ നടപടി ചോദ്യം ചെയ്യപ്പെടുമെന്നും കെസിബിസി മദ്യവിരുദ്ധസമിതി.
ദേശീയ പാതയിലെ റോഡപകടങ്ങളിൽ 2012ൽ 48768 പേരും 2015ൽ 51204 പേരും കൊല്ലപ്പെട്ടെന്നും 2014ൽ ദേശീയ പാതയിൽ 1.24 ലക്ഷം അപകടങ്ങളും 1.35 ലക്ഷം പേർക്ക് മുറിവും 46110 മരണങ്ങളും സംഭവിച്ചതായി വിവിധ പഠനങ്ങളുടെ വെളിച്ചത്തിൽ കോടതിവിധിയിൽ പറയുന്നു. ഇതേ വർഷം തന്നെ സംസ്ഥാന പാതയിൽ 1.13 ലക്ഷം അപകടങ്ങളും 1.24 ലക്ഷം മുറിവേറ്റവരും 39352 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. എക്സ്പ്രസ് പാതയിൽ 4208 അപകട കേസുകളും 4229 മുറിവേറ്റവരും 1802 മരണങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.
റോഡ് സേഫ്റ്റി കൗണ്‍സിലിന്റെയും മറ്റ് ഏജൻസികളുടെയും നിരവധി വർഷങ്ങളിലെ പഠനങ്ങളുടെയും റിപ്പോർട്ടുകളുടെയും വെളിച്ചത്തിൽ പാതയോരത്തെ മദ്യശാലകളാണ് ഇതിന് മുഖ്യകാരണമെന്ന് സുപ്രീംകോടതിയുടെ കണ്ടെത്തലാണ് 2016 ഡിസംബർ 15 ലെ സുപ്രധാന വിധിക്ക് സുപ്രീംകോടതിക്ക് സഹായകമായത്. പേരിന്റെ പേരിലാണ് അപകടങ്ങൾ നടക്കുന്നതെന്ന ധ്വനിയാണ് പാതയുടെ പേര് മാറ്റാൻ ശ്രമിക്കുന്നവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
പാതയുടെ പേര് മാറ്റി മദ്യശാലകൾ പുനസ്ഥാപിച്ചാൽ അപകടങ്ങളും മരണങ്ങളും ഇല്ലാതാകുന്നില്ല. സംസ്ഥാന പാതയുടെ പേര് മാറ്റി ഈ ഗണത്തിൽപ്പെടുത്തിയുള്ള ഫണ്ടുകൾക്കും വികസനങ്ങൾക്കും തടസം ഉണ്ടാക്കുന്ന, ഉദ്ദേശിച്ച ഫലം ലഭിക്കാത്ത മടയത്തര തീരുമാനങ്ങൾക്ക് സർക്കാർ പോകില്ലെന്നു കരുതുന്നതായും കെസിബിസി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.
