India - 2025
മദ്യനയം: സര്‍ക്കാര്‍ നിലപാട് നിര്‍ഭാഗ്യകരമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
സ്വന്തം ലേഖകന്‍ 02-06-2017 - Friday
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് കേരള സർക്കാർ നിലപാട് വേദനാജനകവും നിർഭാഗ്യകരവുമാണെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ് ഡോ. സൂസപാക്യം. കേരള സർക്കാരിന് മദ്യലോബിയുമായി രഹസ്യധാരണകൾ ഉണ്ടെന്നുള്ള ആരോപണം ഇതോടെ ശക്തിയാർജിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മദ്യശാലകളുടെമേൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം എടുത്തുകളയാനുള്ള തീരുമാനം അപലപനീയമാണ്. ഇതിലൂടെ കേരളത്തിൽ എവിടെ വേണമെങ്കിലും മദ്യഷാപ്പുകൾ സ്ഥാപിക്കാനുള്ള അധികാരം എക്സൈസ് വകുപ്പിൽ നിക്ഷിപ്തമാക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നതെന്നും ആർച്ച്ബിഷപ് പ്രസ്താവനയിൽ പറഞ്ഞു.
2017 ഏപ്രിൽ മാസത്തിൽ മദ്യവില്പനയിൽ 2016 ഏപ്രിൽ മാസത്തെക്കാൾ 94,48,562 ലിറ്ററിന്റെ (അതായത് 30.34 ശതമാനം) വൻ കുറവാണ് ഉണ്ടായത്. തൽഫലമായി സർക്കാരിന്റെ വരുമാനത്തിൽ 120 കോടി രൂപയുടെ നഷ്ടമുണ്ടായതായുള്ള ധനകാര്യ മന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും പ്രസ്താവനകൾ അങ്ങേയറ്റം വേദനയോടെയാണ് ശ്രവിച്ചത്.
അതിലൂടെ കേരളത്തിലെ ജനങ്ങൾക്കുണ്ടായ 120 കോടി രൂപയുടെ ലാഭവും അതിലുപരി ആയിരക്കണക്കിന് കുടുംബങ്ങൾ അനുഭവിച്ച സന്തോഷവും സംതൃപ്തിയും അഭിമാനത്തോടെ കാണുവാൻ ജനക്ഷേമം കാംക്ഷിക്കുന്ന സർക്കാരിനു കഴിയണമായിരുന്നു. മദ്യനയം അട്ടിമറിക്കാൻ നിരവധി വാദമുഖങ്ങൾ സർക്കാർ ഉയർത്തിയിരുന്നു. മദ്യനിയന്ത്രണം ടൂറിസത്തിനു വൻ തിരിച്ചടിയായി എന്ന വാദമുഖം ടൂറിസം വകുപ്പിന്റെ തന്നെ കണക്കുകളിൽനിന്ന് വസ്തുതാവിരുദ്ധമാണെന്നു തെളിഞ്ഞു.
ഭരണഘടനാവിരുദ്ധമായ ഓർഡിനൻസിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കൂടിയായ കേരള ഗവർണർ ഒപ്പിടില്ലെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് മതമേലധ്യക്ഷന്മാരുൾപ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തക പ്രതിനിധികൾ ഇന്ന് ഉച്ചയ്ക്ക് 12ന് ഗവർണറെ നേരിട്ടുകണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തും.
