India - 2025
കത്തോലിക്ക സഭയുടെ ആശുപത്രികളിൽ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും
സ്വന്തം ലേഖകന്‍ 06-07-2017 - Thursday
കൊച്ചി: കത്തോലിക്ക സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ധാരണയായി. കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷന്റെയും (ചായ്) കെസിബിസി ലേബർ- ഹെൽത്ത് കമ്മീഷനുകളുടെയും ആശുപത്രി ഡയറക്ടർമാരുടെയും കൊച്ചിയിൽ ചേർന്ന സംയുക്തയോഗത്തിലാണു തീരുമാനമെടുത്തത്.
പുതുക്കിയ ശമ്പളം അടുത്തമാസം ഒന്നുമുതൽ ലഭിക്കും. കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ അധ്യക്ഷതയിൽ പിഒസിയിൽ ആണ് യോഗം നടന്നത്. നഴ്സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിക്കാൻ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ 11 അംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേ സമയം വേതന വർധനവിൽ സർക്കാർ തീരുമാനത്തിനായി കാത്തിരിക്കില്ല.
Must Read: അനേകം കുരുന്നു ജീവനുകളെ രക്ഷിക്കാൻ ദൈവം ഉപകരണമാക്കുന്ന ഈ സഹോദരി എല്ലാ നേഴ്സ്മാർക്കും ഒരു പ്രചോദനമാകട്ടെ
2013 ജനുവരി ഒന്നു മുതൽ നഴ്സിംഗ് മേഖലയിൽ നിലവിൽ വന്ന മിനിമം വേതനം സഭയുടെ നേതൃത്വത്തിലുള്ള എല്ലാ ആശുപത്രികളിലും നടപ്പിലാക്കിയിട്ടുണ്ടെന്നു യോഗം വിലയിരുത്തി. നേരത്തെ ജൂലൈ 3 സീറോ മലബാര്‍ സഭാദിനത്തില്‍ നേഴ്സുമാര്‍ക്ക് ന്യായമായ വേതനം നല്‍കണമെന്ന് ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടിരിന്നു. ഇതിന് പിന്നാലെ നടന്ന യോഗത്തിലാണ് തീരുമാനം.
കെസിബിസി ലേബര്‍ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ, ഹെൽത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സൈമണ്‍ പള്ളുപ്പേട്ട, കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) പ്രസിഡന്‍റ് ഫാ. തോമസ് വൈക്കത്തുപറന്പിൽ, ലേബർ കമ്മീഷൻ ജോയിന്‍റ് സെക്രട്ടറി ജോസഫ് ജൂഡ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
