News - 2025
വെള്ളപ്പൊക്ക ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാര്‍ത്ഥിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 07-07-2025 - Monday
വത്തിക്കാന്‍ സിറ്റി: ടെക്സാസിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാര്‍ത്ഥനയുമായി ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകർക്കൊപ്പം ത്രികാല പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ദുരന്തത്തിന് ഇരയായവരെ പാപ്പ പ്രത്യേകം അനുസ്മരിച്ചത്.
അമേരിക്കയിലെ ടെക്സാസിലെ ഗ്വാഡലൂപ്പ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരന്തത്തിന് ഇരയായ പ്രിയപ്പെട്ടവരെ, പ്രത്യേകിച്ച് വേനൽക്കാല ക്യാമ്പിലുണ്ടായിരുന്ന മക്കളെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുകയാണെന്നും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു.
അതേസമയം മധ്യ ടെക്‌സാസിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 78 ആയി ഉയര്‍ന്നു. 41 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ പ്രസിദ്ധമായ ക്യാംപ് മിസ്‌റ്റിക്കിൽ ഉണ്ടായിരുന്ന 10 പെൺകുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്.
മിന്നൽ പ്രളയമുണ്ടായ സമയത്ത് 700 പെൺകുട്ടികളാണ് ക്യാംപ് മിസ്റ്റിക്കിൽ ഉണ്ടായിരുന്നത്. ക്യാംപിലെ കാബിനുകൾക്കുള്ളിൽ ആറടിപ്പൊക്കത്തിൽ വെള്ളം വന്നു നിറഞ്ഞിരിന്നു. കത്തോലിക്ക സന്നദ്ധ സംഘടനയുടെ മൊബൈൽ റിലീഫ് യൂണിറ്റുകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഭക്ഷണം, വെള്ളം എന്നിവ ദുരിതബാധിതരിലേക്ക് എത്തിക്കുവാന്‍ പ്രയത്നം തുടരുകയാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
