Purgatory to Heaven. - 2025
ആത്മാക്കളുടെ മുക്തിദായകയായ പരിശുദ്ധ മറിയം
സ്വന്തം ലേഖകൻ 01-01-2016 - Friday
ശുദ്ധീകരണ സ്ഥലത്തുനിന്നും സ്വർഗ്ഗത്തിലേക്ക്: ജനുവരി-1
“മകളേ ഭൂമിയിലെ സ്ത്രീകളില്‍ വച്ച് അത്യന്നതനായ ദൈവത്താല്‍ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ടവളാണ് നീ” (യൂദിത്ത് 13:18)
ഡൊമിനിക്കന്‍ സന്യാസിനിയും ധന്യയുമായ സിസ്റ്റര്‍ പൌളയുടെ വിവരണമനുസരിച്ച്: ഒരു ശനിയാഴ്ച അവള്‍ അഗാധമായി ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് ശുദ്ധീകരണ സ്ഥലത്തേക്ക് നയിക്കപ്പെട്ടു. സ്വര്‍ഗ്ഗ തുല്യമായ ആനന്ദം നിറഞ്ഞ ആത്മാക്കളുടെ ആ തടവറ കണ്ട അവള്‍ ആശ്ചര്യപ്പെട്ടു. സാധാരണയായി കഠിനമായ അന്ധകാരം കൊണ്ട് നിറഞ്ഞിരുന്ന അതിന്റെ മധ്യഭാഗത്ത് നിന്നും അത്യുജ്ജലമായ ശോഭ പുറത്തേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു. ചുറ്റും തിങ്ങിനിറഞ്ഞ മാലാഖമാരുടെ നടുവിലായി അവള്‍ കന്യകാമറിയത്തെ ദര്‍ശിച്ചു. ഭൂമിയിലെ തങ്ങളുടെ ജീവിത കാലത്ത് മാതാവിനോടുള്ള ഭക്തിയില്‍ ജീവിച്ചിരുന്നവരുടെ ആത്മാക്കളെ മോചിതരാക്കി സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുവാന്‍ പരിശുദ്ധ അമ്മ ഓരോ മാലാഖയോടും ആവശ്യപ്പെടുന്നതായും അവള്‍ കണ്ടു.
വിചിന്തനം: നമ്മുടെ ജീവിതത്തിലും, മരണത്തിലും നമ്മളെ സഹായിക്കുവാന്‍ എപ്പോഴും തയ്യാറായിരിക്കുന്നവളാണ് ദൈവമാതാവായ പരിശുദ്ധ മറിയം. ഇന്ന് സഭ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ ഈ അമ്മയുടെ മാധ്യസ്ഥം തേടി നമുക്ക് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൽക്കു വേണ്ടി പ്രാർത്ഥിക്കാം. അങ്ങനെ അവൾ നമ്മളെയും സ്വര്‍ഗ്ഗീയ രാജ്യത്തേക്ക് നയിക്കട്ടെ
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണാത്മാക്കള്‍ക്കായ് പ്രാര്‍ത്ഥിക്കാം.)
