Christian Prayer - 2025
നവവത്സരാരംഭ പ്രാര്‍ത്ഥന
കടപ്പാട്: ഫാ. ജേക്കബ് ഏറണാട്ട് 01-01-2016 - Friday
നേതാ : പിതാവിന്‍റെയും + പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍
സമൂ : ആമ്മേന്‍.
നേതാ : അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.
സമൂ : ആമ്മേന്‍.
നേതാ : ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ : ആമ്മേന്‍.
നേതാ : സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
നമുക്കു പ്രാര്‍ത്ഥിക്കാം
നേതാ : സ്നേഹപിതാവായ ദൈവമേ, എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന കാരുണ്യവാനായ കര്‍ത്താവേ, ഈ പുതിയ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ഞങ്ങള്‍ അങ്ങേ സന്നിധിയില്‍ അണയുന്നു. അങ്ങയുടെ ദിവ്യസാന്നിദ്ധ്യം ഏറ്റുപറയുന്നു. അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ഈ ഒരു വര്‍ഷം മുഴുവനിലുമുള്ള ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും പദ്ധതികളും, ആഗ്രഹങ്ങളും താത്പര്യങ്ങളും, സന്തോഷങ്ങളും സന്താപങ്ങളും, വിജയങ്ങളും പരാജയങ്ങളും, ഞങ്ങളെത്തന്നെയും ഞങ്ങള്‍ അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു. അങ്ങയുടെ സ്വന്തമായി കാത്തു പരിപാലിച്ചു കൊള്ളണമേ. പിതാവും, പുത്രനും, പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ,
സമൂ : ആമ്മേന്‍
സങ്കീര്‍ത്തനം100
വിജ്ഞാപനം : സങ്കീര്‍ത്തകനോടു ചേര്‍ന്നു നമുക്കു ദൈവത്തെ സ്തുതിക്കാം.
നേതാ : ഭൂവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍. സന്തോഷപൂര്‍വ്വം അവിടുത്തെ പൂജിക്കുവിന്‍.
സമൂ : ഭൂവാസികളേ....
നേതാ : ദിവ്യകീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് അവിടുത്തെ തിരുമുമ്പില്‍ പ്രവേശിക്കുവിന്‍
സമൂ : ഭൂവാസികളേ....
നേതാ : അവിടുന്നു നമ്മുടെ സ്രഷ്ടാവാകുന്നു നാം അവിടുത്തെ ജനങ്ങളുമാകുന്നു.
സമൂ : ഭൂവാസികളേ....
നേതാ : സ്തോത്രം പാടി അവിടുത്തെ വാതിലുകള്‍ കടക്കുവിന്‍ നന്ദിയുള്ള ഹൃദയത്തോടെ തിരുനാമം കീര്‍ത്തിക്കുവിന്‍
സമൂ : ഭൂവാസികളേ....
നേതാ : കര്‍ത്താവു നല്ലവനും കാരുണ്യവാനുമാകുന്നു അവിടുത്തെ വിശ്വസ്തത എന്നും നിലനില്‍ക്കും.
സമൂ : ഭൂവാസികളേ....
നേതാ : പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ : ആദിമുതല്‍ എന്നേക്കും, ആമ്മേന്‍.
നമുക്കു പ്രാര്‍ത്ഥിക്കാം
നേതാ : ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലിപുഷ്പങ്ങളെ അലങ്കരിക്കുകയും ചെയ്യുന്ന സ്നേഹസമ്പന്നനായ ദൈവമേ, ഭയവും, ആകുലതയും വെടിഞ്ഞ് എന്നും എല്ലായിടത്തും അങ്ങയുടെ പരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് ജീവിക്കുവാനുള്ള കൃപാവരം ഞങ്ങള്‍ക്കു നല്‍കണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും.
സമൂ : ആമ്മേന്‍.
സുവിശേഷവായന
നേതാ : വി. മത്തായി എഴുതിയ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സുവിശേഷം (മത്താ. 5:3-12).
"ഈശോ ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാരാകുന്നു; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു. കരയുന്നവര്‍ ഭാഗ്യവാന്മാരാകുന്നു. അവര്‍ക്ക് ആശ്വാസം ലഭിക്കും. സൗമ്യശീലര്‍ ഭാഗ്യവാന്മാരാകുന്നു; ഭൂമി അവര്‍ക്ക് അവകാശമായി കിട്ടും. ധര്‍മ്മത്തെക്കുറിച്ചു വിശപ്പും ദാഹവുമുള്ളവര്‍ ഭാഗ്യവാന്മാരാകുന്നു; അവര്‍ക്കു കരുണ ലഭിക്കും. നിര്‍മ്മലഹൃദയര്‍ ഭാഗ്യവാന്മാരാകുന്നു. അവര്‍ ദൈവത്തെ കാണും. സമാധാന സംസ്ഥാപകര്‍ ഭാഗ്യവാന്മാരാകുന്നു; അവര്‍ ദൈവമക്കളെന്നു വിളിക്കപ്പെടും. ധര്‍മ്മത്തെക്കുറിച്ചു പീഡയനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാരാകുന്നു; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു. മനുഷ്യര്‍ എന്നെപ്രതി നിങ്ങളെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും, നിങ്ങള്‍ക്കെതിരായി പലതരത്തിലുള്ള അപവാദങ്ങള്‍ പരത്തുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ ഭാഗ്യവാന്മാരാകുന്നു; അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിച്ചുല്ലസിക്കുവിന്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും."
സമൂ : നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി.
(മാതാപിതാക്കന്മാര്‍ മക്കള്‍ക്ക് അവസരോചിതമായ ഒരു ചെറിയ ഉപദേശം നല്‍കുന്നു.)
സമൂഹ പ്രാര്‍ത്ഥന
നേതാ : നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും പ്രതീക്ഷയോടും കൂടെ സുവിശേഷസൗഭാഗ്യങ്ങള്‍ അരുളിച്ചെയ്ത ദിവ്യഗുരുവിനെ ധ്യാനിച്ചുകൊണ്ട് "കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ" എന്ന്‍ അപേക്ഷിക്കാം.
സമൂ : കര്‍ത്താവേ....
നേതാ : അങ്ങയെ സ്തുതിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനുമായി അവിടുന്നു നല്‍കിയിരിക്കുന്ന ഈ പുതുവത്സരം ഏറ്റം ഫലദായകമാക്കുവനുള്ള അനുഗ്രഹം നല്‍കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ : കര്‍ത്താവേ....
നേതാ : ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു ഞങ്ങളെ നയിക്കണമെന്നും പ്രകാശിപ്പിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ : കര്‍ത്താവേ....
നേതാ : സകലവിധ ആകുലചിന്തകളേയും ഭയാശങ്കകളെയും ഞങ്ങളില്‍ നിന്ന്‍ അകറ്റിക്കളയണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ : കര്‍ത്താവേ....
നേതാ : ശാരീരികവും ആദ്ധ്യാത്മികവുമായ എല്ലാ അപകടങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ : കര്‍ത്താവേ....
നേതാ : ദാരിദ്ര്യം, യുദ്ധം, പകര്‍ച്ചവ്യാധികള്‍, പ്രകൃതിക്ഷോഭങ്ങള്‍ മുതലായ വിനാശങ്ങളില്‍ നിന്നു ഞങ്ങളെയും ഞങ്ങളുടെ നാടിനെയും സംരക്ഷിക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ : കര്‍ത്താവേ....
നേതാ : ഞങ്ങളിലും ഞങ്ങളുടെ ഇടവകയിലും നാനാജാതി മതസ്ഥരായ ഞങ്ങളുടെ അയല്‍വാസികളിലും അങ്ങയുടെ കൃപാവരം സമൃദ്ധമായി ചൊരിയണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ : കര്‍ത്താവേ....
(മറ്റു നിയോഗങ്ങളും ഇവിടെ ചേര്‍ക്കാം)
പ്രാര്‍ത്ഥിക്കാം
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, ഈ നവവത്സരാരംഭത്തില്‍ അങ്ങയുടെ സന്നിധിയില്‍ ഒരുമിച്ചുകൂടി അങ്ങയെ പ്രകീര്‍ത്തിക്കുവാന്‍ അവസരം നല്‍കിയതിനു ഞങ്ങള്‍ അങ്ങയോടു നന്ദി പറയുന്നു. അങ്ങയുടെ അനന്തകരുണയില്‍ ആശ്രയിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കുന്ന ഈ പുതുവത്സരം അനുഗ്രഹ പ്രദമാക്കണമേ. അനുനിമിഷം അവിടുത്തെ തിരുഹിതം ആരാഞ്ഞറിഞ്ഞു നന്മയില്‍ വളരുന്നതിനും സ്നേഹമസൃണമായ സേവനം വഴി അങ്ങേയ്ക്കു സജീവസാക്ഷ്യം വഹിക്കുന്നതിനും ഞങ്ങളെ പ്രാപ്തരാക്കണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും.
സമൂ : ആമ്മേന്‍.
