Daily Saints.

January 10: ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍

സ്വന്തം ലേഖകന്‍ 04-01-2016 - Monday

ക്രിസ്തുമസ്സ് കഴിഞ്ഞുള്ള മൂന്നാം ഞായറാഴ്ച തിരുസഭ യേശുവിന്റെ ജ്ഞാനസ്നാന തിരുനാള്‍ ദിവസമായി കൊണ്ടാടുകയാണ്. യേശുവിന്‍റെ ജനന തിരുനാളിന്റെ സമാപനം ഔദ്യോഗികമായി കുറിച്ചു കൊണ്ടാണ് ജോര്‍ദ്ദാന്‍ നദിയിയിലെ ജ്ഞാനസ്നാനത്തെ തിരുസഭ സ്മരിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിന്റെ വ്യക്തമായ ഇടപെടലുള്ള ജ്ഞാനസ്നാത്തെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായിട്ടാണ് പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നത്.

ജോര്‍ദാനിലെ യേശുവിന്റെ ജ്ഞാനസ്നാന സമയത്ത് ദൈവീക രഹസ്യമായ ത്രീത്വത്തിന്‍റെ വലിയ ഇടപെടല്‍ ഉണ്ടായതുകൊണ്ടു പൗരസ്ത്യ സഭയില്‍ ഈ ആഘോഷം ‘തിയോഫാനി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ വിശുദ്ധ സ്നാപക യോഹന്നാന്റെ ജ്ഞാനസ്നാനം യേശുവിന്റെ ജ്ഞാനസ്നാനത്തിന് മുന്നോടിയായുള്ള വിശുദ്ധീകരണം തന്നെയാണെന്ന് ഉറപ്പിച്ച് പറയാം. ക്രിസ്തുവിനു യോഹന്നാന്റെ ജ്ഞാനസ്നാനത്തിന്റെ ആവശ്യമില്ലയെന്ന് യാഥാസ്ഥിക ബോധ്യത്തോടെ ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും,. പക്ഷേ നമ്മിലൊരുവനായാണ് അവന്‍ വന്നിരിക്കുന്നത്.

പാപത്തിന്‍റെ ബന്ധനമോ കളങ്കമോ ഇല്ലാത്ത അവന്‍ “നമ്മെപോലെ ഒരുവനായി” എന്നു വചനം സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ “ഇതാ ദൈവത്തിന്റെ കുഞ്ഞാട്, ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്നവന്‍” എന്ന യോഹന്നാന്‍റെ വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥം നല്‍കാനായിരിന്നു അവിടുത്തെ ജ്ഞാനസ്നാനം.

തനിക്ക്‌ മുന്നേ തന്റെ പാതയൊരുക്കുവാന്‍ വന്ന യോഹന്നാനില്‍ നിന്നും ജോര്‍ദ്ദാന്‍ നദിയില്‍ വെച്ച് യേശു സ്വീകരിച്ച ജ്ഞാനസ്നാനത്തിന്റെ രഹസ്യം നമ്മോട് പ്രസ്താവിക്കുന്നത് ക്രിസ്തുവിനെ കുറിച്ച് ധ്യാനിക്കുക എന്നതാണ്. നാം ഇതിനോടകം ആഘോഷിച്ചുകഴിഞ്ഞ, രക്ഷകന്റെ ജനനത്തിന്റെ പ്രാധാന്യം കൂടുതല്‍ അര്‍ഥവത്താകുന്നത് അവിടുത്തെ ജ്ഞാനസ്നാനത്തിലൂടെയാണ്.

പരിശുദ്ധ മറിയത്തിലൂടെ വചനം അവതാരമെടുത്ത് മനുഷ്യരൂപം പ്രാപിച്ചതിനെ കുറിച്ചാണ് ക്രിസ്തുമസ്സ് ദിനത്തില്‍ നാം ധ്യാനിക്കുക. വചനം മാംസമായി അവതരിച്ച യേശു തന്റെ അമ്മയുടെ ഉദരത്തില്‍ വെച്ച് തന്നെ മനുഷ്യരെ രക്ഷിക്കുവാനുള്ള കടമ ഏറ്റെടുത്തിരുന്നുവെന്ന് നിസംശയം പറയാം. ലളിതമായി പറഞ്ഞാല്‍, പരിശുദ്ധ മറിയത്തിന്റെ ഉദരത്തില്‍ ഉരുവാകുന്നത് മുതല്‍ യേശു രക്ഷകനാണ്. സകല രാഷ്ട്രങ്ങളെയും യേശു തന്‍റെ രാജ്യത്തിലേക്ക് ക്ഷണിക്കുന്നു എന്നാണ്, ഉണ്ണിയേശുവിനെ കാണുവാന്‍ കിഴക്കു നിന്നും വന്ന 3 ജ്ഞാനികളെ അനുസ്മരിപ്പിക്കുന്നത്.

സ്വര്‍ഗ്ഗത്തില്‍ നിന്നുമുള്ള പിതാവിന്റെ ശബ്ദം അര്‍ത്ഥമാക്കുന്നത് യേശു സ്വര്‍ഗ്ഗീയ പിതാവിന്റെ ഏകപുത്രനാണെന്നും, അവിടുത്തെ ജ്ഞാനസ്നാനം യേശു ഇസ്രയേലിന്റെ വിമോചകനും,രക്ഷകനുമാണെന്നുള്ള വെളിപ്പെടുത്തലാണ്. ഇതിലൂടെ പിതാവും, പുത്രനും, പരിശുദ്ധാത്മാവും ക്രിസ്തുവിലൂടെ ദര്‍ശിക്കാന്‍ നമ്മുക്ക് സാധിക്കുന്നു.

നസ്രായനായ യേശുവിന്റെ ആത്മീയാഭിഷേകം, കുറച്ചുകൂടി വിശദമാക്കിയാല്‍, മറിയത്തിന്റെ ഉദരത്തില്‍ യേശു പരിശുദ്ധാത്മാവിനാല്‍ ഉരുവായത് മുതല്‍ യേശു മനുഷ്യനായി പിറന്നത് വരെ കാണിക്കുന്നത്, വചനത്തിന്റെ പൂര്‍ത്തീകരണമാണ്. വചനത്തിന്റെ ആരംഭം മുതലേ അവിടുത്തെ രക്ഷകനും ദൈവവുമായി ഏറ്റുപറയുന്നത് വിശുദ്ധ ഗ്രന്ഥത്തില്‍ കാണാന്‍ സാധിക്കും. "ജ്ഞാനത്തിലും, പ്രായത്തിലും ദൈവത്തിന്റേയും മനുഷ്യരുടേയും പ്രീതിയില്‍ വളര്‍ന്ന് ‍ വന്നു" എന്ന വചനം അവിടുത്തെ മാനുഷികത വ്യക്തമായി പ്രതിപാദിക്കുന്നു. ഉല്‍പ്പത്തിയില്‍ വിവരിക്കുന്ന 'വെള്ളത്തിന്‌ മീതെ ചലിച്ചുകൊണ്ടിരുന്ന' (Gen 1:2) അതേ ആത്മാവ് തന്നെ പിന്നീട് ജോര്‍ദാന്‍ നദിയിലെ വെള്ളത്തിന്‌ മീതെ പ്രസരിക്കുകയും ചെയ്യുന്നു. ഇത് കൊണ്ട് തന്നെ നദിയിലെ ജ്ഞാനസ്നാനം, യേശു മറ്റൊരു സൃഷ്ടിക്ക് ആരംഭം കുറിച്ചു എന്ന മറ്റൊരു സത്യവും കൂടി വെളിപ്പെടുത്തുന്നു.

ആദത്തിന്റെ തെറ്റ് തിരുത്തുവാന്‍ വന്ന രണ്ടാമത്തെ മനുഷ്യനെന്നോ (1 Cor 15:47) അല്ലെങ്കില്‍ അവസാനത്തെ ആദമോ എന്നു യേശുവിനെ വിളിക്കാം (1 Cor 15:45). മറുവശത്തു താന്‍ ഏറ്റുവാങ്ങാന്‍ പോകുന്ന അവിടുത്തെ കുരിശ് മരണത്തിന്റെ ദൈവീകമായ തുടക്കം കൂടിയായിരിന്നു അവിടുത്തെ ജ്ഞാനസ്നാനമെന്ന് നമ്മുക്ക് നിസംശയം പറയാം.


Related Articles »