India - 2025

87ാമത് പുനരൈക്യവാര്‍ഷിക സഭാസംഗമത്തിന് അടൂരില്‍ ഇന്ന് കൊടിയേറും

സ്വന്തം ലേഖകന്‍ 19-09-2017 - Tuesday

അടൂര്‍: മലങ്കര കത്തോലിക്കാ സുറിയാനി സഭയുടെ 87ാമത് പുനരൈക്യവാര്‍ഷിക സഭാസംഗമത്തിന് അടൂരില്‍ ഇന്ന് കൊടിയേറും. സഭാ സംഗമത്തില്‍ മുഖ്യാതിഥിയായെത്തുന്ന അന്ത്യോക്യാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സഭയിലെ മെത്രാപ്പോലീത്തമാര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടിന് അടൂര്‍ സെന്‍ട്രല്‍ മൈതാനിയില്‍ സ്വീകരണം നല്‍കും.

തുടര്‍ന്ന് അടൂര്‍ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ മൂറോന്‍ കൂദാശ. മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനം (എംസിവൈഎം) നേതൃത്വത്തിലുള്ള പുനരൈക്യവിളംബര റാലികള്‍ വൈകുന്നേരം നാലിന് അടൂരില്‍ സംഗമിക്കും.

തിരുവനന്തപുരത്ത് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിങ്കല്‍ നിന്ന് അതിരൂപതയില്‍ നിന്നുള്ള ദീപശിഖാ പ്രയാണം, മാര്‍ത്താണ്ഡം രൂപതയില്‍ നിന്നുള്ള വിശുദ്ധ ബൈബിള്‍, മാവേലിക്കര രൂപതയില്‍ നിന്ന് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഛായാചിത്രം, തിരുവല്ല അതിരൂപതയില്‍നിന്ന് യാക്കോബ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രം, പത്തനംതിട്ട രൂപതയില്‍ നിന്ന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഛായാചിത്രം, കര്‍ണാടകയിലെ പുത്തൂര്‍ രൂപതയില്‍ നിന്ന് പേപ്പല്‍ പതാക, ബത്തേരി രൂപതയില്‍ നിന്ന് കാതോലിക്കാ പതാക, മൂവാറ്റുപുഴ രൂപതയില്‍ നിന്ന് എംസിവൈഎം പതാക, പുന കട്കി എക്‌സാര്‍ക്കേറ്റില്‍ നിന്ന് പുനരൈക്യ ലോഗോ, ഡല്‍ഹി ഗുഡ്ഗാവ് രൂപതയില്‍ നിന്ന് എംസിവൈഎം ലോഗോ എന്നിവയാണ് ആഘോഷപൂര്‍വം കൊണ്ടുവരുന്നത്.

വിളംബരയാത്രകള്‍ സംയുക്തമായി വൈകുന്നേരം ആറിന് തിരുഹൃദയ ദേവാലയത്തില്‍ നിന്നു പുനരൈക്യ സഭാസംഗമ വേദിയായ അടൂര്‍ ഗ്രീന്‍വാലി കണ്വരന്‍ഷന്‍ സെന്ററിലെ മാര്‍ ഈവാനിയോസ് നഗറിലേക്കു നീങ്ങും. രാത്രി ഏഴിന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പതാക ഉയര്‍ത്തും. തുടര്‍ന്ന് അന്തര്‍ദേശീയ ക്വിസ് മത്സരം നടക്കും.

നാളെ സഭയുടെ അല്മായ, യുവജന, മാതൃ, ബാല അന്തര്‍ദേശീയ സംഗമങ്ങള്‍ വിവിധ വേദികളിലായി നടക്കും. വൈകുന്നേരം നാലിന് തീച്ചൂളയിലെ സഭ സംസാരിക്കുന്ന പ്രത്യേക പരിപാടിയില്‍ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയുമായി അഭിമുഖം. 21നു മോണ്‍. ഡോ. യൂഹാനോന്‍ കൊച്ചുതുണ്ടില്‍, മോണ്‍. ഡോ. ഗീവര്‍ഗീസ് കാലായില്‍ റന്പാന്‍മാരുടെ മെത്രാഭിഷേകം. ഉച്ചയോടെ സഭാസംഗമം പരിപാടികള്‍ സമാപിക്കും.

More Archives >>

Page 1 of 99