News - 2025

മെക്സിക്കോയുടെ ചരിത്രത്തിലാദ്യമായി രൂപത ചാന്‍സലറായി വനിത

പ്രവാചകശബ്ദം 03-07-2025 - Thursday

മെക്സിക്കോ സിറ്റി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രൂപത ചാന്‍സലറായി വനിതയെ നിയമിച്ച് മെക്സിക്കോയിലെ ആർച്ച് ബിഷപ്പ് പ്രൈമേറ്റ്, കർദ്ദിനാൾ കാർളോസ് അഗ്യുയർ റെറ്റ്സ്. മെക്സിക്കോയിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദവും ലാറ്റിന്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള മരിയ മഗ്ദലീന ഇബറോളയെയാണ് അതിരൂപതയുടെ ചാൻസലറായി നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ സാധാരണ വനിതയാണ് മരിയ. 2019 ഫെബ്രുവരി മുതൽ, അവർ മെക്സിക്കോ അതിരൂപതയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചുവരികയായിരിന്നു.

സഭാ ജീവിതത്തിൽ ചാൻസലറുടെ സേവനം വളരെ പ്രധാനപ്പെട്ടതാണെന്നു മെക്സിക്കോയിലെ ആർച്ച് ബിഷപ്പ് പറഞ്ഞു. വർഷങ്ങളോളം വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇബറോള വൈ സുവാരസിനെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം അവരുടെ പ്രൊഫഷണൽ കഴിവുകളെയും, വിശ്വാസ സാക്ഷ്യത്തെയും, സഭാപരമായ പ്രതിബദ്ധതയെയും അംഗീകരിക്കുന്നതാണെന്നും അക്കാദമിക് പരിശീലനവും സഭാഭരണത്തിലെ അനുഭവവും കാനോൻ നിയമത്തിലെ പരിജ്ഞാനവും സഹായകരമാകുമെന്നും ബിഷപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു.



ഓഗസ്റ്റ് 15 ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ 44 ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളുള്ള മെക്സിക്കോ അതിരൂപതയുടെ ചാന്‍സലറായി ഇബറോള സ്ഥാനമേല്‍ക്കും. വനിതകള്‍ ചാന്‍സലര്‍ പദവിയില്‍ നിയോഗിക്കപ്പെടുന്നത് അപൂര്‍വ്വമാണ്. രണ്ടു വര്‍ഷം മുന്‍പ് കേരളത്തിൽ ആദ്യമായി വിജയപുരം രൂപതയുടെ വൈസ് ചാൻസലറായി ഡോട്ടേഴ്സ് ഓഫ് ഇമാക്യുലേറ്റ് ഹാർട്ട് സന്യാസ സമൂഹാംഗമായ സിസ്റ്റർ മേരി ആൻസ നിയമിക്കപ്പെട്ടിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »