India
മിഷൻ കോണ്‍ഗ്രസ്-ബിസിസി കണ്‍വെന്‍ഷന് ഭക്തിനിര്‍ഭരമായ തുടക്കം
സ്വന്തം ലേഖകന്‍ 07-10-2017 - Saturday
കൊച്ചി: കേരള ലത്തീൻസഭയുടെ മിഷൻ കോണ്‍ഗ്രസ്-ബിസിസി കണ്വൻഷന് ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ തുടക്കമായി. സിസിബിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിബിസിയുടെയും കെആർഎൽസിസിയുടെയും പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷനായിരുന്നു.
വത്തിക്കാനിലെ ഇവാഞ്ചലൈസേഷൻ സെക്രട്ടറി ആർച്ച് ബിഷപ് പ്രൊട്ടാസെ ദുഗുംബോ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ, ബിഷപ് ഡോ. സ്റ്റാൻലി റോമൻ, കെ.വി. തോമസ് എംപി, എംഎൽഎമാരായ എ. വിൻസന്റ്, എസ്. ശർമ, ഹൈബി ഈഡൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൺവൻഷനോടനുബന്ധിച്ചുള്ള പ്രദർശനം ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ ഉദ്ഘാടനം ചെയ്തു. പൈശാചികതയുടെ ഇരുളിൽ നിന്നു മോചനം നേടാനും നല്ല പാതയിലേക്കു നയിക്കാനും ദൈവസ്നേഹത്തിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്കും ആര്‍ച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോ മുഖ്യകാര്‍മികത്വം വഹിച്ചു.
ദിവ്യബലിമധ്യേ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിനെ വത്തിക്കാന്‍ സ്ഥാനപതി പാലിയം അണിയിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൃതജ്ഞത പറഞ്ഞു. പങ്കാളിത്തസഭ സുവിശേഷപ്രഘോഷണത്തിനും സാക്ഷ്യത്തിനും എന്ന പ്രമേയത്തെ ആധാരമാക്കി നടക്കുന്ന മിഷന്‍ കോണ്‍ഗ്രസില്‍ മുപ്പതോളം മെത്രാന്മാരും കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നു 3,500 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
‘ബിസിസികളിലൂടെ സജീവമാകുന്ന ഇടവക’, ‘ശുശ്രൂഷകളിലൂടെ സജീവമാകുന്ന ബിസിസി’ എന്നീ വിഷയങ്ങളായിരിക്കും പഠനത്തിനും വിചിന്തനത്തിനും ഇന്നു വിധേയമാക്കുക. ബിസിസി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്താം എന്നതായിരിക്കും ഗ്രൂപ്പുചര്‍ച്ചയുടെ വിഷയം. തുടര്‍ന്ന് പൊതുചര്‍ച്ച.
ഉച്ചയ്ക്കുശേഷം 2.30-ന് മിഷന്‍ കോണ്‍ഗ്രസിന്റെ പ്രധാന വേദിയായ വല്ലാര്‍പാടം ബസിലിക്കയില്‍ പൊന്തിഫിക്കല്‍ സമൂഹ ദിവ്യബലി അര്‍പ്പണം. വൈകിട്ട് ആറിന് പ്രതിനിധികള്‍ രൂപതകളിലെ വിവിധ ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ സന്ദര്‍ശിച്ച് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കും.
