India - 2025

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി: പ്രാര്‍ത്ഥനയോടെ ജന്മനാടും

സ്വന്തം ലേഖകന്‍ 07-10-2017 - Saturday

പെരുമ്പാവൂര്‍: സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു ജന്മനാടായ പുല്ലുവഴിയിലും ഒരുക്കങ്ങള്‍. പുല്ലുവഴി സെന്റ് തോമസ് പള്ളിയിലെ സിസ്റ്റര്‍ റാണി മരിയ മ്യൂസിയത്തില്‍ സ്ഥാപിച്ച ഛായാചിത്രത്തിന്റെ അനാഛാദനം റവ.ഡോ. ജേക്കബ് നങ്ങേലിമാലില്‍ നിര്‍വഹിച്ചു. ഒക്ടോബര്‍ പത്തു മുതല്‍ നവംബര്‍ 19 വരെ നടക്കുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നു വികാരി ഫാ. ജോസ് പാറപ്പുറം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒക്ടോബര്‍ പത്തിനു ജപമാലമാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു സീറോ മലബാര്‍ സഭ വക്താവും ഭരണങ്ങാനം സെന്റ് അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രം റെക്ടറുമായ റവ. ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, സിസ്റ്റര്‍ റാണി മരിയയുടെ ജീവിതവഴിയിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 18നു ഫൊറോനയിലെ പള്ളികളിലെ സംഘടനാ പ്രതിനിധികളുടെ യോഗം നടക്കും.

22നു പുല്ലുവഴി പള്ളിയില്‍നിന്നു വിളംബരജാഥ പുറപ്പെടും. രാവിലെ 10.45നു ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ റവ. ഡോ. പോള്‍ തേലക്കാട്ട് പ്രഭാഷണവും ജാഥയുടെ ഫ്‌ളാഗ് ഓഫും നിര്‍വഹിക്കും. നവംബര്‍ നാലിനു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപന ചടങ്ങിലും 11ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന കേരളസഭാതല ആഘോഷത്തിലും പുല്ലുവഴിയില്‍നിന്നു പ്രതിനിധിസംഘങ്ങള്‍ പങ്കെടുക്കും.

Must Read: ‍ സിസ്റ്റര്‍ റാണി മരിയയുടെ കൊലപാതകി മാനസാന്തരപ്പെട്ടത് എങ്ങനെ?

12ന് ഇടവകതലത്തില്‍ തിരുസ്വരൂപപ്രദക്ഷിണം. രാവിലെ ഏഴിനു നടക്കുന്ന ദിവ്യബലിയിലും തിരുസ്വരൂപ ആശീര്‍വാദത്തിലും നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര മുഖ്യകാര്‍മികത്വം വഹിക്കും. 15നു രാവിലെ എട്ടിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍നിന്നു തിരുശേഷിപ്പ് പ്രയാണം പുറപ്പെടും.നവംബര്‍ 19നാണു മാതൃ ഇടവകയില്‍ ആഘോഷമായ കൃതജ്ഞതാബലിയും പൊതുസമ്മേളനവും നടക്കുക. ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ വചനസന്ദേശം നല്‍കും. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, ഡോ. ചാക്കോ തോട്ടുമാരിക്കല്‍, മാര്‍ മാത്യു വാണിയകിഴക്കേല്‍, മാര്‍ എഫ്രേം നരികുളം എന്നിവര്‍ സഹകാര്‍മികരാകും. വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മേജര്‍ ആര്‍ച്ച്ബിഷപ്, പുല്ലുവഴി സെന്റ് തോമസ് പള്ളിയെ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും.


Related Articles »