India - 2025
ധാര്‍മിക ദൈവശാസ്ത്രജ്ഞരുടെ 29ാമതു ദേശീയ സമ്മേളനം നാളെ മുതല്‍
സ്വന്തം ലേഖകന്‍ 19-10-2017 - Thursday
കൊച്ചി: 'സ്‌നേഹത്തിന്റെ ആനന്ദത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഊന്നിപ്പറയുന്ന മനസാക്ഷിയുടെ രൂപീകരണവും ധാര്‍മിക വിലയിരുത്തലുകളില്‍ അതിന്റെ പങ്കും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധാര്‍മിക ദൈവശാസ്ത്രജ്ഞരുടെ 29ാമതു ദേശീയ സമ്മേളനം ആലുവ ചുണങ്ങംവേലി നിവേദിതയില്‍ നാളെ ആരംഭിക്കും. അസോസിയേഷന്‍ ഓഫ് മോറല്‍ തിയോളജിയന്‍സ് ഓഫ് ഇന്ത്യ (എഎംടിഐ) സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ രാജ്യത്തെ വിവിധ സെമിനാരികളിലും മറ്റും ശുശ്രൂഷ ചെയ്യുന്ന നാല്‍പതോളം ധാര്‍മിക ദൈവശാസ്ത്രജ്ഞര്‍ പങ്കെടുക്കും. ദൈവശാസ്ത്രം കാലഘട്ടത്തോടു സംവദിക്കുന്നതിന്റെ ഭാഗമായി വിദഗ്ധര്‍ ഒന്‍പതു പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രത്യേക ചര്‍ച്ചകളും നടക്കും.
സംസ്‌കൃത സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യസന്ദേശം നല്കും. അസോസിയേഷന്‍ പ്രസിഡന്റ് റവ. ഡോ. ക്ലമന്റ് ക്യാംപസ് (ബംഗളൂരു), സെക്രട്ടറി റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി (എറണാകുളം), ട്രഷറര്‍ റവ. ഡോ. തോമസ് പാറയില്‍ (ഒഡീഷ), വൈസ് പ്രസിഡന്റ് റവ. ഡോ. മൈക്കിള്‍ പിറ്റേഴ്‌സ് (ഗോവ) എന്നിവര്‍ നേതൃത്വം നല്‍കും. സമ്മേളനം 22നു സമാപിക്കും. ധാര്‍മിക ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കു സമ്മേളനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9446544111.
