India - 2025
സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി: വിളംബരറാലി നടത്തി
സ്വന്തം ലേഖകന്‍ 23-10-2017 - Monday
പെരുമ്പാവൂര്‍: നവംബര്‍ നാലിനു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചുള്ള പരിപാടികളുടെ മുന്നൊരുക്കമായി വിളംബരറാലി നടത്തി. സിസ്റ്ററുടെ ജന്‍മനാടായ പുല്ലുവഴിയില്‍ നിന്നാരംഭിച്ച റാലി ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിവൈഎം പുല്ലുവഴി യൂണിറ്റ് പ്രസിഡന്റ് ഡെന്നി ജോസഫിനു പതാക കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം. പുല്ലുവഴി പള്ളി വികാരി ഫാ.ജോസ് പാറപ്പുറം, ഫാ.ജേക്കബ് നങ്ങേലിമാലി, ഫാ.ജോസ് മാപ്പിളമാട്ടേല്‍, ഫാ. ജോണ്‍ വര്‍ഗീസ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്‍മാരുടെ നാമധേയത്തിലുള്ള മുടിക്കരായിലെ ദേവാലയത്തില്‍ റാലിക്കു സ്വീകരണം നല്‍കി. തുടര്‍ന്നു വല്ലം ഫൊറോനയിലെ പന്ത്രണ്ടു ദേവാലയങ്ങളിലും റാലിക്കു സ്വീകരണം ഉണ്ടായിരുന്നു. പെരുമ്പാവൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടന്ന സമാപന സമ്മേളനം വികാരി ഫാ. കരുവിള മരോട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകകളിലെ സ്വീകരണയോഗങ്ങളില്‍ ഷാജി പാറക്കല്‍, സാബു പരുത്തികാട്ടില്‍, ജോയ് വെള്ളാഞ്ഞിയില്‍, ജോസ് കാവനമാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
