India - 2025
റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലിനു അവാര്‍ഡ് സമ്മാനിച്ചു
സ്വന്തം ലേഖകന്‍ 11-12-2017 - Monday
പാലാ: പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ.ഡോ.ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലിനു സിസ്റ്റര്‍ മേരി ബനീഞ്ഞ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ വാനമ്പാടി അവാര്‍ഡ് സമ്മാനിച്ചു. പാലായിലെ സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് അവാര്‍ഡ് ദാനം നിര്‍വഹിച്ചത്. റവ. ഡോ. മേക്കാട്ടുകുന്നേലിന്റെ സഭാശുശ്രൂഷ പ്രശംസനീയമാണെന്നും സീറോ മലബാര്‍ സഭയുടെ പൈതൃകത്തിലും ചരിത്രത്തിലും അഭിമാനം കൊള്ളുന്ന ദൈവശാസ്ത്രജ്ഞന് എന്ന നിലയിലും ബൈബിള്‍ പണ്ഡിതന് എന്ന നിലയിലും സഭയ്ക്ക് മുതല്‍ കൂട്ടാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
അവാര്‍ഡ്ദാന യോഗത്തില്‍ ഫൗണ്ടേഷന് വൈസ് ചെയര്‍മാനും മദര്‍ പ്രൊവിന്ഷ്യാലുമായ സിസ്റ്റര്‍ ജയ്സ് സിഎംസി അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ജ്യോതി മരിയ സിഎംസി ബനീഞ്ഞ സ്മാരക പ്രഭാഷണം നടത്തി. ഡോ. കുര്യാക്കോസ് കുമ്പളക്കുഴി, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. സെലിന് റോയി, പ്രൊവിന്‍ഷ്യാല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ നാന്‍സി ക്ലെയര്‍ സിഎംസി എന്നിവര്‍ പ്രസംഗിച്ചു.