India - 2025
ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങള്‍ തടയരുത്: ബിഷപ്പ് വിന്‍സെന്റ് സാമുവല്‍
സ്വന്തം ലേഖകന്‍ 19-12-2017 - Tuesday
നെടുമങ്ങാട്: നീതിക്കു വേണ്ടിയുള്ള ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നു നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് വിന്‍സെന്റ് സാമുവല്‍. നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാ രൂപതയിലെ വിശ്വാസികള്‍ നെടുമങ്ങാട്, കാട്ടാക്കട,നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
ബോണക്കാട് കുരിശുമലയിലെ അതിക്രമങ്ങളിലും ക്രൈസ്തവരോടു സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ചായിരിന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത മാര്‍ച്ച്. ബോണക്കാട് ആരാധനാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും ലത്തീന്‍ കത്തോലിക്കാ വിഭാഗം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഡോ.വിന്‍സെന്റ് സാമുവല്‍ ആവശ്യപ്പെട്ടു. നേരത്തെ മാര്‍ച്ച് നെടുമങ്ങാട് താലൂക്ക് ഓഫീസിലേക്ക് നീങ്ങിയപ്പോള്‍ കച്ചേരിനടയില്‍ പോലീസ് തടഞ്ഞതു നേരിയ സംഘര്‍ഷത്തിനു ഇടയാക്കി.
ധര്‍ണ്ണയില്‍ മോണ്‍. റൂഫസ് പയസ് ലീന്‍, ഫാ. ഡെന്നിസ് കുമാര്‍, കുരിശുമല റെക്ടര്‍ ഫാ. ഡെന്നിസ് മണ്ണൂര്‍, നെടുമങ്ങാട് ഫൊറോന വികാരി ഫാ. ജോസഫ് രാജേഷ്, ഫാ. അനൂപ്, അല്‍ഫോന്‍സ, ബിജു, സുന്ദര്‍ രാജ്, ജില്ലാപഞ്ചായത്ത് അംഗം ആനാട് ജയന്, ഫാ.ഷാജികുമാര്‍, ബര്‍ണാഡ്, ശോഭനന് , എഫ്.മോഹനന്, ദേവരാജ് , ബൈജു, ഫ്രാന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു.
