News - 2025

സ്വവർഗ്ഗ വിവാഹത്തിന്റെ കാര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് തെറ്റു പറ്റിയിരിക്കുന്നു: വത്തിക്കാൻ കർദ്ദിനാൾ

സ്വന്തം ലേഖകൻ 19-02-2016 - Friday

സ്വവർഗ്ഗ വിവാഹം നിയമ വിധേയയമാക്കിയതിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് തെറ്റു പറ്റിയിരിക്കുന്നുവെന്ന് വത്തിക്കാൻ കർദ്ദിനാൾ ജോർജ് പെൽ.

സർ എഡ്വാർഡ് ലീയ് MP, അലക്സ് ഹെയ്ഡൻ എന്നിവർ ചേർന്നെഴുതിയ 'ദൈവത്തെ മറന്ന നാട്' (The Nation that Forgot God) എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ്, കാമറോൺ പിന്തുടരുന്ന സ്വവർഗ്ഗ വിവാഹ നയത്തെ, വത്തിക്കാൻ കർദ്ദിനാൾ ജോർജ് പെൽ വിമർശിച്ചത്.

സമൂഹത്തെ നില നിറുത്തുന്ന കുടുംബം എന്ന സ്ഥാപനം ഇല്ലാതാക്കുന്ന നയങ്ങളാണ് ലോകത്തിൽ പല രാജ്യങ്ങളിലും പിന്തുടരുന്നത്. ബ്രിട്ടനും അതേ വഴി തിരഞ്ഞെടുത്തതിൽ ആശങ്കയുണ്ടെന്ന് കർദ്ദിനാൾ വ്യക്തമാക്കി.

കാമറോൺ ഇത് മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് താൻ കരുതുന്നില്ല എന്ന് കർദ്ദിനാൾ എഴുതുന്നു. എന്നാൽ, ഇതുപോലുള്ള ഒരു നയവ്യതിയാനത്തിനെതിരെ ശബ്ദമുയർത്താത്ത ക്രൈസ്തവ നേതാക്കൾ ഈ വിഷയത്തിലുള്ള കാമറോണിന്റെ സംഭ്രമം വർദ്ധിപ്പിക്കുകയാണ് ചെയ്തത്, അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല. ദൈവത്തിന്റെ പദ്ധതി തകർക്കുവാനുള്ള ഒരു പൈശാചിക നീക്കമാണിത്." കർദ്ദിനാൾ പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു ദൈവ വിശ്വാസി തന്നെയാണ്. അദ്ദേഹം ദൈവത്തെ പറ്റിയും ക്രൈസ്തവതയെ പറ്റിയും കുറെ നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ, സ്വവർഗ്ഗ വിവാഹത്തിന്റെ കാര്യത്തിൽ താൻ ദൈവഹിതമനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നു.

'യേശു സ്വവർഗ്ഗ സ്നേഹത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും അനുകൂലമായി നിലപാടെടുക്കുമായിരുന്നു.' എന്ന് കാമറോൺ പറഞ്ഞതായി, പിയേർസ് പോൾ റീഡ് തന്റെ ഒരു ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ആ ഉദ്ധരണി അദ്ദേഹം പറഞ്ഞതാണോ എന്ന കാര്യത്തിൽ കർദ്ദിനാൾ പെൽ സംശയം പ്രകടിപ്പിച്ചു.

കാമറോൺ ഉൾപ്പെടുന്ന ക്രൈസ്തവ സഭകളുടെ വിശ്വാസത്തിനും പാരമ്പര്യത്തിനും എതിരാണ് സ്വവർഗ്ഗ വിവാഹം എന്ന് കർദ്ദിനാൾ പെൽ അഭിപ്രായപ്പെട്ടു. ഒരു ക്രൈസ്തവ രാഷ്ട്രമായ ബ്രിട്ടീഷ് സമൂഹത്തിന്റെ ആത്മീയ സംഘർഷങ്ങൾ, ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള എല്ലാ രാജ്യങ്ങൾക്കും പ്രസക്തമാണ് എന്നതുകൊണ്ടാണ് താൻ ഈ പുസ്തകത്തിന് (The Nation that Forgot God) ആമുഖം എഴുതാൻ തയ്യാറായത് എന്ന്, വത്തിക്കാൻ സാമ്പത്തിക കാര്യങ്ങളുടെ സെക്രട്ടറിയേറ്റിന്റെ മേധാവിയായ കർദ്ദിനാൾ പെൽ പറഞ്ഞു.

"ബ്രിട്ടനിൽ സഭയ്ക്കുണ്ടാകുന്ന നഷ്ടം ഓസ്ട്രലിയ, അമേരിക്ക തുടങ്ങി ക്രൈസ്തവ ലോകത്തിന് ആകമാനം നഷ്ടം തന്നെയാണ്" എന്ന അഭിപ്രായത്തോടെയാണ് അദ്ദേഹം ആമുഖം അവസാനിപ്പിക്കുന്നത്.

(Source: Catholic Herald)