Sunday Mirror - 2025
യേശു നാമത്താൽ അത്ഭുതകരമായി പ്ലേഗ് ബാധയിൽ നിന്നും രക്ഷിക്കപ്പെട്ട ലിസ്ബൺ നഗരം
സ്വന്തം ലേഖകന്‍ 24-02-2016 - Wednesday
യേശു നാമത്തിന്റെ അത്ഭുത ശക്തി: ഭാഗം 1
1432-ൽ പോർച്ചുഗലിലെ ലിസ്ബണിൽ ഭീകരമായ ഒരു പ്ലേഗ് നാശം വിതച്ചു. സാധിച്ചവരെല്ലാം ഭീതിയിൽ പട്ടണം വിട്ടോടി. അങ്ങനെ പോർച്ചുഗൽ രാജ്യത്തിൻറെ ഓരോ മൂലയിലേക്കും പ്ലേഗ് വ്യാപിച്ചു. ക്രൂരമായ ഈ രോഗത്താൽ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും തൂത്തെറിയപ്പെട്ടു. ഈ പ്ലേഗ് വളരെ ശക്തമായിരുന്നതുകൊണ്ട് എല്ലായിടത്തും ധാരാളം ആളുകൾ മരിച്ചുവീണു. ഊണ്‍മേശയ്ക്കൽ, തെരുവിൽ, വീടുകളിൽ, കടകളിൽ, ചന്തസ്ഥലങ്ങളിൽ, പള്ളികളിൽ, ചരിത്രകാരന്മാരുടെ വാക്കുകളിൽ അത്, "പ്ലേഗുബാധയുണ്ടായ ആളുകളുടെ കോട്ടിൽ നിന്നും തൊപ്പിയിൽനിന്നും വസ്ത്രങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് ഇടിമിന്നൽപോലെ ആളിപ്പടർന്നു."
അസംഖ്യം വൈദികരും ഡോക്ടർമാരും നേഴ്സുമാരും മരിച്ചുവീണതുകൊണ്ട് അവരുടെ ശവശരീരങ്ങൾ സംസ്കരിക്കാതെ തെരുവുകളിൽ കിടന്നു. തെരുവുനായ്ക്കൾ അവരുടെ രക്തം നക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തതിൻറെ ഫലമായി അവയ്ക്കും ഈ രോഗം പിടിപെട്ടു. ഇങ്ങനെ ദൗഭാർഗ്യവാന്മാരായ ജനങ്ങളുടെ ഇടയിൽ പ്ലേഗ് കൂടുതലായി ബാധിച്ചു.
മരിച്ചുകൊണ്ടിരുന്നവരെ അചഞ്ചലമായ തീക്ഷ്ണതയോടെ സഹായിച്ചവരില്‍ ബഹുമാന്യനായ ഒരു മെത്രാനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് മോണ്‍സിഞ്ഞോര്‍ ഓദ്രെഡയാസ് എന്നായിരുന്നു. അദ്ദേഹം വിശുദ്ധ ഡോമിനിക്കിന്‍റെ ആശ്രമത്തില്‍ താമസിച്ചിരുന്നു. ഈ വിശുദ്ധനായ മനുഷ്യന്‍ പകര്‍ച്ചവ്യാധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ലായെന്നു മനസ്സിലായപ്പോള്‍ യേശുവിന്‍റെ പരിശുദ്ധനാമം വിളിച്ചപേക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. രോഗം ബാധിച്ചവരോടും മരിച്ചുകൊണ്ടിരിക്കുന്നവരോടും രോഗം ബാധിക്കാത്തവരോടും "യേശുവേ യേശുവേ" എന്ന് വിളിച്ചപേക്ഷിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടു നില്‍ക്കുന്നത് പലപ്പോഴും കാണാമായിരുന്നു.
അദ്ദേഹം ഇപ്രകാരം ജനങ്ങളോടു പറഞ്ഞു. ആ പരിശുദ്ധനാമം കാര്‍ഡുകളില്‍ എഴുതി അവ നിങ്ങളുടെ വസ്ത്രത്തില്‍ അണിയുക. അവ നിങ്ങളുടെ തലയിണയുടെ അടിയില്‍ വയ്ക്കുക. അവ നിങ്ങളുടെ കട്ടിളപ്പടിയില്‍ ഒട്ടിച്ചു വയ്ക്കുക. എല്ലാത്തിനുമുപരിയായി ആ ശക്തമായ നാമം നിങ്ങളുടെ അധരങ്ങളിലും ഹൃദയങ്ങളിലും ഉരുവിടുക."
രോഗികള്‍ക്കും മരണാസന്നരായവര്‍ക്കും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നുകൊടുത്തുകൊണ്ട് അദ്ദേഹം നാടു മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. രോഗികള്‍ക്ക് ഒരു പുതുജീവന്‍ കിട്ടിയതുപോലെ തോന്നി. അവര്‍ യേശുനാമം വിളിച്ചപേക്ഷിക്കുകയും യേശുനാമം എഴുതിയ കാര്‍ഡുകള്‍ നെഞ്ചില്‍ ധരിക്കുകയും അവ പോക്കറ്റില്‍ സൂക്ഷിക്കുകയും ചെയ്തു. ജനങ്ങളെയെല്ലാം വി. ഡോമിനിക്കിന്‍റെ പള്ളിയിലേക്ക് വിളിച്ചുകൂട്ടി യേശുനാമത്തിന്‍റെ ശക്തിയെക്കുറിച്ച് വീണ്ടും സംസാരിച്ചു. അതേ നാമത്തില്‍ വെള്ളം വെഞ്ചെരിച്ചു ജനങ്ങളെയെല്ലാം ആ വെള്ളം അവരുടെ മേലും രോഗികളുടെ മേലും മരണാസന്നരായവരുടെ മേലും തളിച്ചു. അത്ഭുതമെന്നു പറയട്ടെ. രോഗികള്‍ സുഖം പ്രാപിച്ചു. മരണാസന്നര്‍ അവരുടെ വേദനയില്‍ നിന്നും ഉയര്‍ന്നു. പ്ലേഗ് ബാധ അവസാനിച്ചു. അങ്ങനെ പട്ടണം ഏറ്റവും മാരകമായ വ്യാധിയില്‍ നിന്നും മുക്തമായി.
ഈ വാര്‍ത്ത രാജ്യം മുഴുവന്‍ പരന്നു. എല്ലാവരും ഒറ്റസ്വരത്തില്‍ യേശുനാമം വിളിച്ചപേക്ഷിക്കുവാന്‍ തുടങ്ങി. അവിശ്വസനീയമായ രീതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് ഈ മാരകമായ രോഗത്തില്‍ നിന്നും പോര്‍ച്ചുഗല്‍ മുഴുവന്‍ സ്വതന്ത്രമായി.
ഈ അത്ഭുതങ്ങള്‍ കണ്ടശേഷം നന്ദിനിറഞ്ഞ ജനങ്ങള്‍ അവരുടെ രക്ഷകന്‍റെ നാമത്തോടുള്ള സ്നേഹവും അതിലുള്ള ശരണവും കാത്തുസൂക്ഷിച്ചു.എല്ലാ അപകടങ്ങളിലും അവര്‍ യേശുനാമം വിളിച്ചപേക്ഷിച്ചു. യേശുനാമ പ്രചാരണത്തിനുവേണ്ടി പള്ളികള്‍തോറും യേശുനാമം പ്രഘോഷിക്കുന്ന പ്രദക്ഷിണങ്ങള്‍ നടത്തപ്പെട്ടു. ഈ അനുഗൃഹീത നാമത്തിന്‍റെ ബഹുമാനാര്‍ത്ഥം അള്‍ത്താരകള്‍ ഉയര്‍ത്തപ്പെട്ടു. രാജ്യത്തിനുണ്ടായ ഏറ്റവും വലിയ ശാപം ഏറ്റവും വലിയ അനുഗ്രഹമായി മാറി.
നൂറ്റാണ്ടുകളായി യേശുനാമത്തിലുള്ള വലിയ ശരണം പോര്‍ച്ചുഗലില്‍ നിലനിന്നുപോന്നു. അവിടെനിന്ന് സ്പെയിനിലേക്കും ഫ്രാന്‍സിലേക്കും ലോകം മുഴുവനും അത് വ്യാപിച്ചു.
