News - 2025
ഫാ. തോമസ് പെരുനിലം ന്യൂ ജേഴ്‌സിയിൽ നിര്യാതനായി
സെബാസ്റ്റ്യൻ ആൻ്റണി 29-07-2018 - Sunday
ന്യൂ ജേഴ്‌സി: ഫാ. തോമസ് പെരുനിലം (80 ) ന്യൂ ജേഴ്‌സിയിൽ നിര്യാതനായി. 2018 ജൂലൈ 26 ന് പെർത്ത് അംബോയിയിലെ രാരിറ്റൻ ബേ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ അരുവിത്തുറയിൽ ജനിച്ച അദ്ദേഹം പൂനയിലെ പേപ്പൽ സെമിനാരിയിലും, കേരളത്തിലെ ആലുവയിലെ സെൻറ് ജോസഫ് സെമിനാരിയിലും വൈദികപഠനം നടത്തി. ന്യൂ ജേഴ്സിയിലെ റട്ഗേർസ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം പൂർത്തിയാക്കി. 1964 മാർച്ച് 11 ന് സെബാസ്റ്റ്യൻ വയലിൽ പിതാവിൽ നിന്നും പൌരോഹിത്യം സ്വീകരിച്ചു. സെൻറ് മേരീസ് പള്ളി തീക്കോയി, ളാലം സെൻറ് മേരീസ് പള്ളി പാലാ എന്നുവിടങ്ങളിൽ സേവനം അനുഷ്ടിച്ചു.
1973 ൽ അദ്ദേഹം അമേരിക്കയിൽ എത്തി ന്യൂ ജേഴ്‌സിലിൽ മെറ്റച്ചൻ രൂപതയുടെ കീഴിലുള്ള സൗത്ത് റിവർ, കോർപ്പസ് ക്രിസ്റ്റി , ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, സോമർവിൽ, സെൻറ് ഗ്രിഗോറി ദ ഗ്രേറ്റ് ഹാമിൽട്ടൺ എന്നി ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചു. 1985 ൽ മിൽടൗണിലെ ഔവർ ലേഡി ഓഫ് ലൂർദ് പാരിഷ് പാസ്റ്ററായി സേവനം ചെയ്ത അദ്ദേഹം 2006 -ൽ റിട്ടയർമെൻറ് വരെ അവിടെ സേവനം ചെയ്തു. പാസ്റ്ററായതിനു പുറമേ, രൂപതയുടെ ഭദ്രാസന കൗൺസിൽ, സെമിനാരി ബോർഡ് ഓഫ് എഡ്യൂക്കേഷൻ, മെറ്റൂച്ചൻ രൂപതയുടെ ആദ്യ സഭാ സിനഡ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഇന്ന് കാണുന്ന സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന ഫാ. തോമസ് പെരുനിലത്തിന്റെ സ്തുത്യര്‍ഹമായ സേവനവും, നേതൃത്വപാടവവും ഇടവകാംഗങ്ങൾ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. ഉദ്യാനപരിപാലനം, യാത്ര, ബാസ്ക്കറ്റ് ബോൾ എന്നിവയിൽ തല്പരനായിരുന്ന ഫാ.തോമസ് പെരുനിലം മറ്റുള്ളവരോടുള്ള കരുതൽ, കാരുണ്യം, സ്നേഹം എന്നിവ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.
അച്ചന്റെ നെഫ്യു ഫാ.ഡൊമിനിക് പെരുനിലം ഓസ്റ്റിനിലെ സെൻറ് അൽഫോൻസ് സിറോമലബാർ കാത്തോലിക് വകാരിയാണ്. കുടുംബാംഗങ്ങളായ റാൽഫ് ആൻഡ് മരിയാൻ ടെല്ലോൺ (സോമർവിൽ),കോർട്നി ആൻഡ് ജസ്റ്റിൻ, കിമ്പർലി, ലീ മാത്യു (മമ്മത് ജംഗ്ഷൻ, ന്യൂ ജേഴ്‌സി), മറ്റുള്ളർ ഇന്ത്യയിലുമായി താമസിക്കുന്നു. പൊതുദർശനം ജൂലൈ 30നു (തിങ്കൾ) വൈകുന്നേരം 4.00 മുതൽ രാത്രി 7.00 മണി വരെ സോമെർസെറ്റിലുള്ള സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ വച്ച് നടക്കും. തുടർന്ന് ചിക്കാഗോ സെൻറ് തോമസ് സിറോ മലബാർ രൂപത ബിഷപ്പ് മാർ. ജോക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയും പ്രത്യക പ്രാർത്ഥനകളും നടക്കും.
ഫാ. ഡൊമിനിക് പെരുനിലം സഹകാർമ്മികനായിരിക്കും. ജൂലായ് 31 ചൊവ്വാഴ്ച രാവിലെ 9:30 മുതൽ 10:45 വരെ ഹിൽസ്‌ബോറോയിലെ സെൻറ് ജോസഫ് ഇടവക ദേവാലയത്തിൽ പൊതു സന്ദർശനവും തുടർന്ന് മെട്ടച്ചൻ രൂപതയുടെ ബിഷപ്പ് മാർ.ജെയിംസ് ചെക്കിയോയുടെ കാർമ്മികത്വത്തിൽ ദിവ്യബലിയും മൃതസംസ്കാര ശുശ്രൂഷകളും നടക്കും. തുടർന്ന് മൃതസംസ്കാരം പിസ്‌കേറ്റവേ റെസ്സറക്ഷൻ സെമിത്തേരിയിൽ വച്ച് നടക്കും.
