News
യുക്രൈനിലേക്ക് വീണ്ടും പാപ്പയുടെ കൈത്താങ്ങ്; മരുന്നുകളും ഇലക്ട്രിക് റേഡിയറ്ററുകളും എത്തിച്ച് സഹായം
പ്രവാചകശബ്ദം 25-02-2026 - Wednesday
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി അടിയന്തിരമായി ആവശ്യമായ മരുന്നുകളും ആയിരത്തിലധികം ഇലക്ട്രിക് റേഡിയറ്ററുകളും അടങ്ങിയ സഹായം യുക്രൈനിലേക്ക് വീണ്ടും അയച്ച് ലെയോ പതിനാലാമൻ മാർപാപ്പ. റഷ്യൻ വ്യോമാക്രമണങ്ങൾ മൂലമുണ്ടായ ഗുരുതരമായ സാഹചര്യം സപോരിജിയ മേഖലയിൽ വലിയ പ്രതിസന്ധിയും സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും സഹായമെത്തിച്ചത്. രണ്ടാഴ്ച മുന്‍പ് ഊര്‍ജ്ജ പ്രതിസന്ധിയെ മറികടക്കാന്‍ മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി എൺപത് വൈദ്യുതി ജനറേറ്ററുകൾ രാജ്യത്തേക്ക് എത്തിച്ചിരിന്നു. ഇതിന് പിന്നാലെയാണ് അടുത്ത സഹായവും.
പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തിലുള്ള ഓഫീസ് അയച്ച വസ്തുക്കളില്‍ 1 മില്യൺ യൂറോ (1.17 മില്യൺ ഡോളർ) വാണിജ്യ മൂല്യമുള്ള അവശ്യ മരുന്നുകളും ഉള്‍പ്പെടുന്നു. ഫോണ്ടാസിയോൺ ബാൻകോ ഫാർമസ്യൂട്ടിക്കോ മരുന്ന് കമ്പനിയാണ് മരുന്നുകള്‍ വത്തിക്കാന്‍ ലഭ്യമാക്കിയത്. അതിശൈത്യം രൂക്ഷമായ യുക്രൈനില്‍ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടായ അനിശ്ചിതാവസ്ഥയെ തുടര്‍ന്നു ഖാർകിവ്-സപോരിജിയ മേഖലയില്‍ എണ്ണൂറിലധികം കുടുംബങ്ങൾ വലിയ രീതിയില്‍ കഷ്ട്ടപ്പെടുകയായിരിന്നു.
തണുത്തുറഞ്ഞ താപനിലയെ പ്രതിരോധിക്കാന്‍ ജനത്തിന് കഴിയാതെ വന്നതോടെ കൊടിയ പ്രതിസന്ധിയിലായി. ഈ പശ്ചാത്തലത്തില്‍ ചൂട് ലഭ്യമാക്കുവാന്‍ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഇലക്ട്രിക് റേഡിയറ്ററുകളും എത്തിച്ചിട്ടുണ്ട്. അതിശൈത്യത്തെ പ്രതിരോധിക്കാന്‍ ആയിരത്തിലധികം റേഡിയേറ്ററുകളാണ് വത്തിക്കാന്‍ എത്തിച്ചത്. ഫെബ്രുവരി മാസത്തിലെ ആദ്യ വാരത്തില്‍ സഹായത്തിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ 3 ട്രക്ക് ഭക്ഷണ വിഭവങ്ങളും പാപ്പയുടെ ഉപവി കാര്യാലയം വത്തിക്കാനില്‍ എത്തിച്ചിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















