News
കരുണയുടെ വിരുന്നൊരുക്കി ലെയോ പാപ്പ; 200 നിർധനർക്കൊപ്പം ഉച്ചഭക്ഷണം
പ്രവാചകശബ്ദം 12-07-2026 - Sunday
വത്തിക്കാന്‍ സിറ്റി: ദുർബലതയെ സമൂഹങ്ങളുടെ ശക്തിയായി എടുത്തുകാണിച്ചുകൊണ്ട്, പാവപ്പെട്ടവർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ജൂലൈ പതിനൊന്നാം തീയതി കാസ്റ്റൽ ഗന്ധോൾഫോയിലെ ലൗദാത്തോ സി ഗ്രാമത്തിൽ, റോം രൂപതയുടെ സഹായത്തോടെ, 35 കുട്ടികൾ ഉൾപ്പെടെ ഇരുനൂറോളം ദരിദ്രരായ ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് പാപ്പയ്ക്കൊപ്പം ഉച്ചവിരുന്ന് സംഘടിപ്പിച്ചത്. സഭ എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു തുറന്ന കുടുംബമാണെന്നും, ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് അതൊരു സുരക്ഷിത താവളമാണെന്നും ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
വിരുന്നിന് മുന്നോടിയായി വിശുദ്ധ കുർബാനയും, ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ ചരിത്രപ്രസിദ്ധമായ ലൗദാത്തോ സി പൂന്തോട്ടങ്ങളിലൂടെയുള്ള സന്ദർശനവും നടന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരെ മാറ്റിനിർത്താതെ, സഭ എല്ലാവരുടെയും ഇടമാണെന്ന ഫ്രാൻസിസ് പാപ്പയുടെ സാധാരണക്കാർക്കായുള്ള ദർശനമാണ് ഇതിലൂടെ ഉയർത്തിപ്പിടിക്കുന്നത്. അഭയാർത്ഥികൾ, ഒറ്റപ്പെട്ട അമ്മമാർ, ഭിന്നശേഷിക്കാർ തുടങ്ങിയവരാണ് ഈ വർഷം അതിഥികളായി എത്തിയത്. പാവപ്പെട്ടവർ വെറും സഹായം സ്വീകരിക്കുന്നവർ മാത്രമല്ല, മറിച്ച് അവരുടെ സാന്നിധ്യത്തിലൂടെ സമൂഹത്തിന് പുതിയൊരു കാഴ്ചപ്പാട് നൽകുന്നവരാണെന്ന് പരിപാടിയുടെ സംഘാടകരില്‍ ഒരാളായ ദൊണാത്തെല്ല പാരിസി പറഞ്ഞു.
വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവർക്ക് അനുയോജ്യമായ രീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയത്. പ്രകൃതിഭംഗിയും ആത്മീയതയും ഒത്തുചേരുന്ന ലൗദാത്തോ സി ഗ്രാമം, ഉച്ച വിരുന്നിലൂടെ മനുഷ്യത്വത്തിന്റെയും കരുണയുടെയും വലിയൊരു സാക്ഷ്യമായി മാറിയതായും സംഘടകർ പങ്കുവച്ചു. സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ലൗദാത്തോ സി'യുടെ നേതൃത്വത്തിൽ എല്ലാ വർഷവും വ്യത്യസ്ത രൂപതകളിൽ നിന്നുള്ള നിർധനരായ ആളുകളെ ഉൾപ്പെടുത്തി ഈ സംഗമം സംഘടിപ്പിക്കുന്നുണ്ട്. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സഹോദരങ്ങൾക്ക് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനും പരിശുദ്ധ പിതാവുമായി സമയം ചെലവഴിക്കാനും അവസരം നല്‍കുന്നതാണ് പരിപാടി.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















