News - 2025

കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ 21-11-2018 - Wednesday

ബാങ്കോക്ക്: ഏഷ്യയിലെ മെത്രാന്മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ (എഫ്എബിസി) പ്രസിഡന്റായി സലേഷ്യന്‍ സന്യാസസമൂഹാംഗവും മ്യാന്മാറിലെ യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോയെ തെരഞ്ഞെടുത്തു. രണ്ടു ദിവസമായി തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന എഫ്എബിസി സെന്‍ട്രല്‍ കമ്മിറ്റി കോണ്‍ഫറന്‍സിലായിരുന്നു തെരഞ്ഞെടുപ്പ്. മ്യാന്മാറിന്റെ ചരിത്രത്തിലെ ആദ്യത്തെ കര്‍ദ്ദിനാളാണ് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് മൗങ്.

ഇന്ത്യയില്‍നിന്നു കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പ്രതിനിധീകരിച്ചു കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പ്രതിനിധീകരിച്ചു കൂരിയ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എന്നിവര്‍ എഫ്എബിസി സെന്‍ട്രല്‍ കമ്മിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

1970ല്‍ ആരംഭിച്ച എഫ്എബിസിയില്‍ ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലെയും ബിഷപ്പ്സ് കോണ്‍ഫറന്‍സുകളുടെ പ്രസിഡന്റുമാരും പൗരസ്ത്യ സഭകളുടെ അധ്യക്ഷന്മാരും അംഗങ്ങളാണ്. എഴുപതുകാരനായ കര്‍ദ്ദിനാള്‍ ബോയുടെ നിയമനം 2019 ജനുവരി ഒന്നിനു പ്രാബല്യത്തിലാകും.


Related Articles »