News - 2025
ക്രൈസ്തവ പീഡനം അവഗണിക്കപ്പെട്ട നിലയില്‍: ലണ്ടനിലെ കോപ്റ്റിക് മെത്രാപ്പോലീത്ത
സ്വന്തം ലേഖകന്‍ 26-11-2018 - Monday
ലണ്ടന്‍: ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനത്തെ വിവരിക്കുവാന്‍ പ്രത്യേക പദങ്ങളില്ലാത്തതിനാല്‍ ക്രൈസ്തവ പീഡനം ഏറ്റവും അവഗണിക്കപ്പെട്ട നിലയിലാണെന്ന് ലണ്ടനിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ അന്‍ബാ ആഞ്ചലോസ്. ബിബിസി റേഡിയോയുടെ പ്രത്യേക പരിപാടിയിലാണ് മെത്രാപ്പോലീത്ത ഈ പരാമര്‍ശം നടത്തിയത്. യഹൂദ വിരുദ്ധതയെ കുറിക്കുന്ന ‘സെമിറ്റിക് വിരുദ്ധത’, ഇസ്ലാമിക വിരുദ്ധതയെ സൂചിപ്പിക്കുന്ന ‘ഇസ്ലാമോഫോബിയ’ പോലെയുള്ള കൃത്യമായ വാക്കുകള്‍ ക്രൈസ്തവര്‍ക്ക് ഇല്ലാത്തതിനാല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള പീഡനം അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടാല്‍ കുഴപ്പമൊന്നുമില്ല എന്ന നിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. അതിവേഗം വളര്‍ന്നുക്കൊണ്ടിരിക്കുന്ന സമൂഹമാധ്യമങ്ങളില്‍ പോലും ക്രൈസ്തവ പീഡനത്തെക്കുറിച്ച് വിവരിക്കുന്നതിന് അക്ഷരങ്ങള്‍ എണ്ണി ഉപയോഗിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു’ എന്ന രീതിയില്‍ ഒരു ഹാഷ്ടാഗുപോലും ഇടാന്‍ കഴിയാത്തവിധം നവ മാധ്യമങ്ങളിലെ അക്ഷരലോകം ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഗോള തലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലും, പാശ്ചാത്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ നിസ്സാരവല്‍ക്കരിക്കുകയും, മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ക്രൈസ്തവര്‍ക്ക് നല്‍കുന്നില്ല എന്ന പരാതിയും ഉയര്‍ന്ന സാഹചര്യത്തില്‍ മെത്രാപ്പോലീത്തയുടെ പരാമര്‍ശം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രായം.
ഈജിപ്ത്, ഇറാഖ്, സിറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് പാശ്ചാത്യ ലോകം മൗനം പാലിക്കുകയാണെന്ന വിമര്‍ശനം ശക്തി പ്രാപിച്ചിരിക്കുകയാണ്. മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികള്‍ വംശഹത്യക്ക് വിധേയമായികൊണ്ടിരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ അംഗീകരിച്ചിരിന്നു.
