News - 2025

ആസാമിൽ കത്തോലിക്ക ദേവാലയത്തിനു നേരെ അജ്ഞാതരുടെ ആക്രമണം

സ്വന്തം ലേഖകന്‍ 18-12-2018 - Tuesday

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനമായ ആസാമിൽ കത്തോലിക്ക ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ദുലിയജനിലെ ചപതോലി ഗ്രാമത്തിലെ സെന്‍റ് തോമസ് കത്തോലിക്ക ദേവാലയവും ഗ്രോട്ടോയുമാണ് തകർക്കപ്പെട്ടത്. ഡിസംബർ പതിനഞ്ചിന് രാവിലെ പ്രദേശവാസികളാണ് ദേവാലയവും സമീപത്തെ ഗ്രോട്ടോയിലെ മാതാവിന്റെ രൂപവും തകര്‍ക്കപ്പെട്ടതായി കണ്ടെത്തിയത്. ദേവാലയത്തിലെ കുരിശും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്.

വാർത്തയറിഞ്ഞ് നിരവധിയാളുകൾ ദേവാലയത്തിനു ചുറ്റും തടിച്ചുകൂടി. അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലം സന്ദർശിച്ച പ്രാദേശിക നിയമസഭാംഗം തെരോഷ് ഗൊവാല ക്രൈസ്തവ സമൂഹത്തോട് ഐക്യദാർഢ്യം അറിയിക്കുകയും ദേവാലയത്തിലെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ സഹായവും വാഗ്ദാനം ചെയ്തു. ദേവാലയ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് സംഭവത്തെ അപലപിച്ചു ദിബ്രുഗർഹ് ബിഷപ്പ് ജോസഫ് ഐന്ദ് പറഞ്ഞു.

നിഗൂഢ ലക്ഷ്യങ്ങളുമായി ചില ബാഹ്യശക്തികൾ പ്രവർത്തിക്കുന്നുവെന്നും തേയില തോട്ടങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകാനാണ് ശ്രമമെന്നും സലേഷ്യൻ സഭാംഗമായ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. പ്ലാന്റേഷനിൽ മതമൈത്രിയോടെ ജീവിക്കുന്ന ജനങ്ങൾക്കിടയിൽ സാമൂഹ്യ വിരുദ്ധരുടെ നീക്കങ്ങൾ സംശയാസ്പദമാണ്. ഭരണകൂടം സംഭവത്തിൽ ജാഗ്രത പുലർത്തണം. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് തക്ക ശിക്ഷ നല്കണം. ക്രിസ്തുമസ് അടുത്തു വരുന്നതിനാൽ ക്രൈസ്തവരുടെ സുരക്ഷ ഭരണകൂടം ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011ലെ കണക്കുകൾ പ്രകാരം ആകെ ജനസംഖ്യയുടെ 3.74 ശതമാനമാണ് സംസ്ഥാനത്തെ ക്രൈസ്തവര്‍. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആസാമില്‍ നേരത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ചപങ്കരി കത്തീഡ്രൽ ദേവാലയം അക്രമികൾ നശിപ്പിച്ചിരുന്നു. 2016 ൽ മിഷ്ണറി സ്കൂൾ പ്രിൻസിപ്പലും ഇടവക വികാരിയുമായ ഫാ.സുഷിൽ ജോൺ സോറൻ എന്ന വൈദികന്‍ അജ്ഞാതന്റെ ആക്രമണത്തിനിരയായി. 2015 ൽ മുഖ്യമന്ത്രി തരുൺ ഗോഗോയി അനാഛാദനം ചെയ്യാനിരുന്ന വിശുദ്ധ ഡോണ്‍ ബോസ്കോയുടെ പ്രതിമ ഒരു കൂട്ടം ജനങ്ങൾ ഭാഗികമായി നശിപ്പിച്ചതും ആസാമിലാണ്.

More Archives >>

Page 1 of 397