Faith And Reason
ദിവ്യകാരുണ്യം സ്വീകരിച്ചതിന് ശേഷമുള്ള ആദ്യ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ മുന്‍ ബാപ്റ്റിസ്റ്റ് യുവാവ്
സ്വന്തം ലേഖകന്‍ 19-12-2018 - Wednesday
ബ്രിസ്ബേന്‍: ദൈവത്തിന്റെ പ്രവര്‍ത്തികള്‍ വിസ്മയാവഹമാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ബാപ്റ്റിസ്റ്റ് സഭാംഗമായിരുന്ന കാള്‍ട്ടണ്‍ സിന്നിന്റെ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കഥ. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം ആദ്യമായി ക്രിസ്തുമസ് ആഘോഷിക്കുവാനുള്ള തയാറെടുപ്പിലാണ് ഇരുപത്തിമൂന്നുകാരനായ ഈ യുവാവ്. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലാണ് സിന്‍ ജനിച്ചു വളര്‍ന്നത്. ജനിച്ചത് ബാപ്റ്റിസ്റ്റ് സഭാംഗമായിട്ടാണെങ്കിലും, തന്റെ വിശ്വാസയാത്രയുടെ ഭാഗമായി സത്യത്തെ കണ്ടെത്തുവാനുള്ള ഒരു അന്വേഷണത്വര തന്നില്‍ ഉണ്ടായിരിന്നുവെന്ന് അദ്ദേഹം സ്മരിക്കുന്നു.
ഈ ചിന്തകള്‍ ഉണ്ടായിരിന്നുവെങ്കിലും ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിക്കുവാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായിട്ടാണ് കാള്‍ട്ടണ്‍ കണ്ടിരുന്നത്. തന്റെ കുടുംബത്തിന്റെ ഐക്യത്തിന്റെ കാരണം തന്നെ ക്രിസ്തുവിലുള്ള വിശ്വാസമാണെന്ന് കാള്‍ട്ടണ്‍ പറയുന്നു. പതിനെട്ടാം വയസ്സു വരെ ബാപ്റ്റിസ്റ്റ് പള്ളികളില്‍ പോയിക്കൊണ്ടിരിന്ന അദ്ദേഹം പതിയെ പതിയെ വിശ്വാസത്തില്‍ നിന്നു അകന്നു. സര്‍വ്വകലാശാല ബിരുദത്തിനു പഠിക്കുമ്പോഴാണ് കാള്‍ട്ടന്റെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്.
അമേരിക്കന്‍ കത്തോലിക്ക വിശ്വാസിയും ക്രിസ്ത്യന്‍ സോഷ്യോളജിസ്റ്റുമായ റോഡ്നി സ്റ്റാര്‍ക്കിന്റെ “ഹൗ ദി വെസ്റ്റ് വോണ്‍ : ദി നെഗ്ലക്റ്റഡ് സ്റ്റോറി ഓഫ് ദി ട്രയംഫ് ഓഫ് മോഡേണിറ്റി” എന്ന പുസ്തകമാണ് കാള്‍ട്ടണെ സ്വാധീനിച്ചത്. പടിഞ്ഞാറന്‍ സംസ്കാരത്തെ കുറിച്ചായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യമെങ്കിലും, കത്തോലിക്കാ ആശയങ്ങളെ കേന്ദ്രീകരിച്ചായിരിന്നു പുസ്തകത്തിലെ ഓരോ ഭാഗങ്ങളും. വിശുദ്ധരായ അഗസ്റ്റിന്‍, അക്വിന തുടങ്ങിയവര്‍ എഴുതിയിട്ടുള്ള കാര്യങ്ങളും പുസ്തകത്തില്‍ സൂചിപ്പിച്ചിരിന്നു. ആ ഗ്രന്ഥത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട കാള്‍ട്ടണ്‍ നവമായ വിശ്വാസ ബോധ്യത്തിലേക്ക് വരികയായിരിന്നു.
തുടര്‍ന്നു ഈ യുവാവ് തന്റെ കത്തോലിക്ക സുഹൃത്തുക്കളോട് വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുവാനും പഠിക്കുവാനും ആരംഭിച്ചു. വൈകിയില്ല, പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകം അവനില്‍ പ്രകടമായി. സഹപാഠികളോട് ഒപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ തുടങ്ങിയ കാള്‍ട്ടണ്‍ കത്തോലിക്കാ യുവജന കൂട്ടായ്മയിലും അംഗമായി. പിന്നീട് അന്നേര്‍ലി എകിബിന്‍ ഇടവകയില്‍വെച്ച് പരിചയപ്പെട്ട വൈദികനുമായും കത്തോലിക്ക വിശ്വാസത്തെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു.
അദ്ദേഹത്തിന്റെ വാക്കുകള്‍ കത്തോലിക്ക വിശ്വാസത്തിലേക്കുള്ള കാള്‍ട്ടണിന്റെ ജൈത്ര യാത്ര എളുപ്പമാക്കുകയായിരിന്നു. കഴിഞ്ഞ പതിനെട്ടു മാസമായി നിരന്തരം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാള്‍ട്ടണ്‍ ഇക്കഴിഞ്ഞ നവംബര്‍ 17-ല്‍ അന്നേര്‍ളിയിലെ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍വെച്ചാണ് മാമ്മോദീസ സ്വീകരിച്ചു തിരുസഭയില്‍ അംഗമായത്. പിറ്റേന്ന് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തു. കര്‍ത്താവിന്റെ സഭയില്‍ അംഗമായതിന് ശേഷമുള്ള ആദ്യ ക്രിസ്തുമസിനെ പ്രാര്‍ത്ഥനാപൂര്‍വ്വം വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഈ യുവാവ്.
