News - 2025

ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകന്‍ 30-12-2018 - Sunday

അബുദാബി: ലോകം ഉറ്റുനോക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ യുഎഇ സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അബുദാബിയില്‍ ഉജ്വല വരവേല്പു നല്‍കും. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ ഫ്രാന്‍സിസ് പാപ്പ യാത്ര പുറപ്പെടും. രാത്രി പത്തു മണിക്ക് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പാപ്പ എത്തിച്ചേരും. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിക്കുന്ന പാപ്പ എന്ന ഖ്യാതിയോടെയാണ് പാപ്പയുടെ സന്ദര്‍ശനം ആരംഭിക്കുക.

കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാന്റെ നേതൃത്വത്തില്‍ ഉന്നതസംഘം മാര്‍പാപ്പയെ സ്വീകരിക്കും. പിറ്റേന്ന് ഫെബ്രുവരി നാലിന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം നടക്കും. ഇരുപതു മിനിറ്റുകള്‍ക്ക് ശേഷം ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാനുമായി ചര്‍ച്ച.

വൈകുന്നേരം അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുന്ന പാപ്പ, അവിടെ മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് അബുദാബി കത്തീഡ്രല്‍ പള്ളി മാര്‍പാപ്പ സന്ദര്‍ശിക്കും. 10.30ന് അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി നടക്കും. വിശുദ്ധ കുര്‍ബാന മദ്ധ്യേ പാപ്പ സന്ദേശം നല്‍കും.

സ്‌റ്റേഡിയത്തിലും പരിസരങ്ങളിലുമായി ഒന്നേകാല്‍ ലക്ഷം വിശ്വാസികള്‍ക്കു നേരിട്ട് പങ്കെടുക്കാനാകുള്ള സൌകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പ്രവേശനം സൗജന്യമെങ്കിലും പ്രത്യേക പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ജന്‍വരി 20നു മുന്‍പ് ഇടവകകളില്‍ ലഭ്യമാകും.

ഗള്‍ഫ് മേഖലയില്‍ പത്തു ലക്ഷത്തോളം കത്തോലിക്കരാണ് ഉള്ളത്. യുഎഇ, ഒമാന്‍, യെമന്‍ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാര്‍ ബിഷപ്പ് ഡോ. പോള്‍ ഹിന്‍ഡര്‍ ഒഎഫ്എംമാണ് അപ്പസ്തോലിക സന്ദര്‍ശനം ഏകോപിപ്പിക്കുന്നത്. അഞ്ചിന് ഉച്ചയ്ക്ക് ഒന്നിന് റോമിലേക്കു മടങ്ങുന്ന പാപ്പ വൈകീട്ട് അഞ്ചിന് റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.


Related Articles »