News - 2025

ഗര്‍ഭഛിദ്ര അനുകൂലികളായ രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐറിഷ് ബിഷപ്പ്

സ്വന്തം ലേഖകന്‍ 05-01-2019 - Saturday

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് വേണ്ടി നിരന്തരം പ്രചാരണം നടത്തിയ കത്തോലിക്ക രാഷ്ട്രീയക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എൽഫിൻ രൂപതാദ്ധ്യക്ഷന്‍ കെവിന്‍ ഡോരാന്‍. പുതുവത്സരത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്ലിഗോയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍വെച്ച് വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലായിരുന്നു മെത്രാന്റെ നിശിതമായ വിമര്‍ശനം. തങ്ങളുടെ രാഷ്ട്രീയപരവും വ്യക്തിപരവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സഭയെ ധിക്കരിച്ച് അബോര്‍ഷന്റെ വക്താക്കളായ കത്തോലിക്കാ രാഷ്ട്രീയക്കാരുടെ നടപടിയെ “തികച്ചും ഖേദകരം” എന്നാണ് ബിഷപ്പ് വിശേഷിപ്പിച്ചത്.

തങ്ങളുടെ ഈ പ്രവര്‍ത്തിയുടെ അനന്തരഫലങ്ങള്‍ വഴി അവര്‍ സമൂഹത്തിന്റെ മേല്‍ ഭാരിച്ച ഉത്തരവാദിത്വമാണ് കെട്ടിവച്ചിരിക്കുന്നത്. നിഷ്കളങ്കമായ മനുഷ്യ ജീവനെ ഇല്ലാതാക്കുവാനായി ആവശ്യപ്പെടുകയും പ്രചാരണം നടത്തുകയും ചെയ്ത തങ്ങളുടെ പ്രവര്‍ത്തിയെ ഓര്‍ത്ത് മാനസാന്തരപ്പെടുകയും, സുവിശേഷത്തിലേക്ക് തിരികെ വരുവാനും അബോര്‍ഷന്റെ വക്താക്കളായ കത്തോലിക്കാ രാഷ്ട്രീയക്കാരെ മെത്രാന്‍ ക്ഷണിച്ചു. സഭയില്‍ നിന്നും ഒറ്റപ്പെട്ടേക്കാവുന്ന ഒരവസ്ഥയാണ് അവര്‍ സ്വയം തിരഞ്ഞെടുത്തിരിക്കുന്നതെന്ന മുന്നറിയിപ്പും മെത്രാന്‍ നല്‍കി.

സാംസ്കാരിക- പൈതൃക വകുപ്പ് മന്ത്രിയായ ജോസഫ മാഡിഗന്‍ ആയിരുന്നു ഡബ്ലിനില്‍ ഗര്‍ഭചിത്രം നിയമപരമാക്കുവാന്‍ നടത്തിയ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരും അബോര്‍ഷന് വേണ്ടി വോട്ടുചെയ്യുകയും ചെയ്ത കത്തോലിക്കര്‍ നന്നായി കുമ്പസാരിക്കണമെന്നും മെത്രാന്‍ ഡോരാന്‍ ആവശ്യപ്പെട്ടു. അബോര്‍ഷന്‍ സേവനങ്ങള്‍ അയര്‍ലണ്ടില്‍ നിയമപരമായ ജനുവരി ഒന്നിനു തന്നെ വ്യാപക വിമര്‍ശനവുമായി കത്തോലിക്ക മെത്രാന്മാരും പ്രോലൈഫ് സംഘടനകളും രംഗത്തു വന്നിരിന്നു.


Related Articles »