News - 2025
നൂറു വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ ആദ്യമായി ദേവാലയ നിര്‍മ്മാണം
സ്വന്തം ലേഖകന്‍ 10-01-2019 - Thursday
ഇസ്താംബൂള്‍: 1923-ന് ശേഷം റിപ്പബ്ലിക് ഓഫ് ടര്‍ക്കിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വരുന്ന ഫെബ്രുവരി മാസത്തില്‍ ആരംഭിക്കും. ഇസ്താംബൂളിലെ ബാകിര്‍കോയിലാണ് ദേവാലയം നിര്‍മ്മിക്കുന്നത്. ബാകിര്‍കോയി മേയറായ ബുലെന്‍ന്ത് കെരി മൊഗ്ളു സീറോ ഓര്‍ത്തഡോക്സ് സഭാ മെട്രോപ്പോളിറ്റനായ യൂസുഫ് സേറ്റിനുമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ കൂടിയാലോചനക്ക് ശേഷം മൊഗ്ളു തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
തുര്‍ക്കിയിലെ സീറോ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ദ്ധനവാണ് പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുവാന്‍ കാരണമായത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ തുടര്‍ന്ന്‍ തുര്‍ക്കിയിലെ സീറോ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അട്ടാടുര്‍ക്ക് എയര്‍പോര്‍ട്ടിനു സമീപം പണികഴിപ്പിക്കുന്ന ദേവാലയത്തിൽ ഏഴുനൂറോളം വിശ്വാസികളെ ഉള്‍കൊള്ളുവാന്‍ കഴിയുമെന്നാണ് വിലയിരുത്തൽ.
2015-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അഹ്മെറ്റ് ദാവുടോഗ്ലുവായിരുന്നു പുതിയ ദേവാലയ നിര്‍മ്മാണത്തെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം നടത്തിയത്. നിലവിൽ ഇരുപത്തിഅയ്യായിരത്തോളം സിറിയന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളാണ് ഇപ്പോള്‍ തുര്‍ക്കിയിലുള്ളത്. സിറിയന്‍ യുദ്ധത്തിന് മുന്‍പ് തുര്‍ക്കിയില്‍ വേരുറപ്പിച്ചിരുന്ന സിറിയന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ പിന്‍മുറക്കാര്‍ ഇപ്പോള്‍ സിറിയയിലും, യൂറോപ്പിലുമായി ചിതറികിടക്കുകയാണ്.
അവരെ തുര്‍ക്കിയിലേക്ക് കൊണ്ടുവരികയും, തുര്‍ക്കി അവരുടെ മാതൃരാഷ്ട്രമായി ചിത്രീകരിക്കുന്നതിന്റേയും ഭാഗമായിട്ടുള്ള ഒരു നടപടിയായിട്ടാണ് പുതിയ ദേവാലയ നിര്‍മ്മാണത്തെ കണ്ടുവരുന്നത്. സിറിയന്‍ യുദ്ധക്കാലത്ത് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ക്കായി തുര്‍ക്കിയിലെ മാര്‍ഡിനിലെ ക്രിസ്ത്യന്‍ മേഖലയില്‍ ആരംഭിച്ച അഭയാര്‍ത്ഥി ക്യാമ്പില്‍ നാലായിരത്തോളം പേര്‍ ഇപ്പോഴും കഴിയുന്നുണ്ട്.
