India - 2025
അമ്മമാര്‍ വിശ്വാസത്തിന്റെ പാഠങ്ങള്‍ മക്കള്‍ക്കു പഠിക്കാന്‍ സാഹചര്യമുണ്ടാക്കണം: മാര്‍ ജോസ് പുളിക്കല്‍
സ്വന്തം ലേഖകന്‍ 26-01-2019 - Saturday
കൊച്ചി: സഭാസ്‌നേഹമുള്ള അമ്മമാരിലൂടെ വിശ്വാസത്തിന്റെയും സഭാസ്‌നേഹത്തിന്റെയും പാഠങ്ങള്‍ മക്കള്‍ക്കു പഠിക്കാന്‍ സാഹചര്യമുണ്ടാകണമെന്ന് മാതൃവേദി ബിഷപ്പ് ലെഗേറ്റ് മാര്‍ ജോസ് പുളിക്കല്‍. സീറോ മലബാര്‍ മാതൃവേദിയുടെ അന്തര്‍ദേശീയ ജനറല്‍ബോഡി യോഗം ചങ്ങനാശേരി സെഹിയോന്‍ റിട്രീറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. നവോത്ഥാനത്തില്‍ ക്രൈസ്തവരുടെ സേവനങ്ങള്‍ തമസ്‌കരിക്കപ്പെടുന്ന കാലഘട്ടത്തില്‍ ക്രൈസ്തവ മിഷണറിമാരും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും നല്‍കിയ സംഭാവനകളെ ആഴത്തില്‍ പഠിച്ചു മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാന്‍ നമുക്കു സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മാതൃവേദി അന്തര്‍ദേശീയ പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ലിഡ ജേക്കബ്, സീറോ മലബാര്‍ ഫാമിലി ലൈഫ് ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോബി മൂലയില്‍, സിസ്റ്റര്‍ ഡോ. ജ്യോതി, ഡോ. ജേക്കബ് ജോബ്, ജോസഫൈന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. സഭയിലെ വിവിധ രൂപതകളില്‍നിന്നു നൂറോളം പ്രതിനിധികള്‍ രണ്ടു ദിവസത്തെ ജനറല്‍ ബോഡിയില്‍ പങ്കെടുത്തു.