Faith And Reason - 2025
'ചിക്ക്-ഫില്‍-എ': ക്രിസ്തുവിനെ ചേര്‍ത്ത് പിടിച്ച് വിജയിച്ച ഫാസ്റ്റ് ഫുഡ് ശ്രംഖല
സ്വന്തം ലേഖകന്‍ 28-02-2019 - Thursday
ജോര്‍ജ്ജിയ: ക്രിസ്തുവിനെ ചേര്‍ത്തു പിടിച്ച് അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശ്രംഖലയിലെ നിര്‍ണ്ണായക സാന്നിധ്യമായി ചിക്ക്-ഫില്‍-എ കമ്പനി. ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച പ്രവര്‍ത്തന ശൈലിയും, അര്‍പ്പണബോധവും കാരണം വാര്‍ത്തകളിലും, സമൂഹമാധ്യമങ്ങളിലും ചിക്ക്-ഫില്‍-എക്ക് ഒരുപാട് ആരാധകരുണ്ട്. തങ്ങളുടെ വിജയരഹസ്യത്തെക്കുറിച്ച് അടുത്ത കാലത്താണ് കമ്പനിയുടെ സ്ഥാപകന്റെ മകളായ ട്രൂഡി കാത്തി വൈറ്റ് ക്രിസ്റ്റ്യന്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നത്.
കമ്പനിയുടെ വിജയത്തിന്റെ പിന്നിലെ രഹസ്യമെന്താണെന്ന ചോദ്യത്തിന് എല്ലാം യേശുവിന്റെ അനുഗ്രഹമെന്നാണ് ട്രൂഡി കാത്തി പറയുന്നത്. ബൈബിള്‍ ആശയങ്ങളെ ആസ്പദമാക്കിയാണ് തന്റെ പിതാവ് ഈ കച്ചവടം തുടങ്ങിയതെന്നും ദൈവവചനങ്ങളില്‍ നിന്നും നമുക്ക് പഠിക്കുവാന്‍ ഏറെയുണ്ടെന്നും അവര്‍ പറയുന്നു. ദൈവവചനം നമ്മുക്ക് നമ്മുടെ ബിസിനസ്സില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയും. ദൈവത്തിന്റെ വിശ്വസ്തരായ ദാസരെന്ന നിലയില്‍ ഞങ്ങള്‍ ബിസിനസ്സിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. ഇത് ചിക്ക്-ഫില്‍-എ യില്‍ വരുന്നവരില്‍ പ്രചോദനാത്മകമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ട്രൂഡി കാത്തി വിവരിച്ചു.
തന്റെ പിതാവില്‍ നിന്നും പഠിച്ച ബൈബിള്‍ പാഠങ്ങളെക്കുറിച്ച് ഏറെ വാചാലയായാണ് അവര്‍ സംസാരിച്ചത്. സന്തോഷം, സമാധാനം, പ്രതീക്ഷ പോലെയുള്ള ചില കാര്യങ്ങള്‍ ഡോളര്‍ കൊണ്ടോ സെന്റ് കൊണ്ടോ വിലക്ക് വാങ്ങുവാന്‍ കഴിയുകയില്ലെന്നതായിരുന്നു തന്റെ പിതാവ് തന്നെ പഠിപ്പിച്ച പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ദൈവവചനങ്ങളിലും, യേശുവുമായിട്ടുള്ള വ്യക്തിബന്ധത്തിലൂടെയുമാണ് ഇത് ലഭിക്കുകയുള്ളു.
"ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ" (യോഹ. 14:27) എന്ന ബൈബിള്‍ വാക്യവും അവര്‍ അഭിമുഖത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. കാത്തിയുടെ കൌമാര പ്രായത്തിലാണ് അവളുടെ പിതാവ് റെസ്റ്റോറന്റിന്റെ ചുമതല ഏല്‍പ്പിക്കുന്നത്.
വിവാഹത്തിനു ശേഷം കാത്തിയും, ഭര്‍ത്താവും ബ്രസീലില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളിലും വ്യാപൃതരായിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച വളര്‍ച്ചയാണ് ചിക്ക്-ഫില്‍-എ നേടിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികളോടുള്ള കമ്പനിയുടെ സമീപനത്തെ ബിസിനസ്സ് ഇന്‍സൈഡര്‍, ഫോബ്സ് പോലെയുള്ള മാഗസിനുകള്‍ പുകഴ്ത്തിയിട്ടുണ്ട്. 2200 റെസ്റ്റോറന്‍റുകളാണ് അമേരിക്കയില്‍ ഉടനീളം 'ചിക്ക്-ഫില്‍-എ' കമ്പനിയ്ക്കുള്ളത്. കമ്പനിയുടെ വളര്‍ച്ചയ്ക്കു പിന്നിലെ ഏക കാരണം ക്രിസ്തുവാണെന്ന് ഉറക്കെ പ്രഘോഷിക്കുകയാണ് ട്രൂഡി കാത്തി ദമ്പതികള്‍.
