Faith And Reason
അഗ്നിബാധയിൽ സര്‍വ്വതും കത്തിയമർന്നിട്ടും പോറല്‍പ്പോലുമേൽക്കാതെ ബൈബിളുകൾ
സ്വന്തം ലേഖകന്‍ 06-03-2019 - Wednesday
വെസ്റ്റ് വിർജീനിയ: അമേരിക്കയുടെ വെസ്റ്റ് വെർജീനിയ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ അഗ്നിബാധയിൽ സര്‍വ്വതും കത്തിയമർന്നിട്ടും പോറല്‍പ്പോലുമേൽക്കാതെ ബൈബിളുകളും കുരിശ് രൂപങ്ങളും കണ്ടെത്തി. ഗ്രാൻഡ് വ്യൂ നഗരത്തിലെ ഫ്രീഡം മിനിസ്ട്രീസ് സഭയുടെ ദേവാലയത്തിനും സമീപ പ്രദേശത്തുമാണ് തീപിടിച്ചത്. ഉടനെതന്നെ അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും സാഹചര്യങ്ങള്‍ അതീവ ഗുരുതരമായിരിന്നു.
കനത്ത അഗ്നിബാധയിൽ ഒരുതവണ അഗ്നിശമന സേനാംഗങ്ങൾക്ക് ദേവാലയത്തിന് പുറത്തിറങ്ങേണ്ട സാഹചര്യം വരെ വന്നു. എല്ലാം കത്തി ചാമ്പലായെന്നു ഫയര്‍ഫോഴ്സ് വിധിയെഴുത്ത് നടത്തിയെങ്കിലും യാതൊരുവിധ കേടുപാടുകളും സംഭവിക്കാതെ ദേവാലയത്തിലെ ബൈബിളുകളും, കുരിശുകളും കണ്ടെത്തുകയായിരിന്നു. ഇക്കാര്യം അഗ്നിശമനസേന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്.
സാഹചര്യങ്ങളെല്ലാം തങ്ങൾക്ക് പ്രതികൂലമായിരുന്നുവെങ്കിലും, ദൈവം തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അഗ്നിബാധയിൽ നിന്നും രൂപംകൊണ്ട പുകയ്ക്ക് ഇടയിൽ യേശുവിന്റെ രൂപം കാണാൻ സാധിച്ചെന്നുളള പ്രത്യാശയുടെ വാക്കുകൾ ഫ്രീഡം മിനിസ്ട്രീസും തങ്ങളുടെ ഫേസ്ബുക്കിൽ കുറിച്ചു.
കനത്ത അഗ്നിബാധയില്‍ സര്‍വ്വതും നാമാവശേഷമായിട്ടും പോറല്‍പ്പോലും എല്‍ക്കാതെ ബൈബിളും കുരിശും കണ്ടെത്തിയത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഭരണകൂട നേതൃത്വവും പ്രദേശത്തെ ജനങ്ങളും അത്ഭുതം എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത്. എന്തായാലും ഈ അത്ഭുത സംഭവം സിഎന്‍എന്‍, ഫോക്സ് ന്യൂസ് അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരിക്കുകയാണ്.
