Tuesday Mirror - 2025

പൗരസ്ത്യസഭയിലെ 23 റീത്തുകളെ പരിചയപ്പെടാം

സ്വന്തം ലേഖകന്‍ 11-03-2019 - Monday

പത്രോസാകുന്ന പാറമേല്‍ കര്‍ത്താവ് സ്ഥാപിച്ച പരിശുദ്ധ കത്തോലിക്ക സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ അഭിമാനിക്കുന്നവരാണ് നാം ഓരോരുത്തരും. റോമന്‍ കത്തോലിക്കാസഭയോടു ഐക്യപ്പെട്ടും സഭതലവനായ പാപ്പായോടു വിധേയപ്പെട്ടും കഴിയുന്ന 23 വ്യക്തിഗതസഭകളെയാണ് പൗരസ്ത്യസഭ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഓരോ വ്യക്തിഗത സഭകള്‍ക്കും ഓരോ സഭാതലവനുണ്ട്. ഫ്രാന്‍സിസ് പാപ്പാ ലത്തീന്‍സഭയുടെ തലവന്‍ എന്നതോടൊപ്പം കത്തോലിക്കാ സഭയുടെ പരമാധികാരിയുമാണ്. അപ്പോള്‍ പൗരസ്ത്യസഭയും കത്തോലിക്ക സഭയും അന്തരമുണ്ടോ?

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1201 ഇങ്ങനെ പഠിപ്പിക്കുന്നു, "ക്രിസ്തു രഹസ്യം ഏതെങ്കിലുമൊരു ആരാധന പാരമ്പര്യത്തിൽ മാത്രം പൂർണമായി പ്രകാശിതമാകാനാകാത്ത വിധം അഗാധമായ വിധത്തിൽ സമ്പന്നമാണ്. റീത്തുകളുടെ ഉത്ഭവത്തിന്റെയും വികസനത്തിന്റെയും ചരിത്രം ശ്രദ്ധേയമായ ഒരു പരസ്പര പൂരകത്വത്തിന് സാക്ഷ്യംവഹിക്കുന്നു. സഭകൾ അവയുടെ ആരാധന പാരമ്പര്യങ്ങൾ വിശ്വാസത്തിലും വിശ്വാസത്തിൻറെ കൂദാശകളുടെ ഐക്യത്തിലും ജീവിച്ചപ്പോൾ അവർ പരസ്പരം സമ്പന്നമാക്കുകയും പാരമ്പര്യത്തോടും സഭ മുഴുവൻറെയും പൊതുദൗത്യത്തോടുള്ള വിശ്വസ്തതയിൽ വളരുകയും ചെയ്തു".

അതേ, സഭയുടെ സമ്പത്തു എന്നത് പരസ്പര പൂരകങ്ങളായി വിശ്വാസത്തിലുള്ള ഐക്യമാണ്. ആഗോള കത്തോലിക്ക സഭയിലെ 23 വ്യക്തിഗതസഭകളെ/ പൗരസ്ത്യസഭകളെയാണ് നാം ഇനി പരിചയപ്പെടുവാന്‍ പോകുന്നത്.

1. അൽബേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍

നാലായിരത്തോളം ആളുകൾ മാത്രമാണ് ഈ പൗരസ്ത്യസഭയിൽ അംഗങ്ങളായി ഉള്ളത്. ഇവരിൽ ഭൂരിപക്ഷം വിശ്വാസികളും അൽബേനിയയിലാണ് ജീവിക്കുന്നത്. ബൈസന്റെയിൻ പാരമ്പര്യമാണ് അൽബേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ പിന്തുടരുന്നത്.

2. അർമേനിയൻ കത്തോലിക്കാ സഭ ‍

അർമേനിയൻ കത്തോലിക്കാ സഭയുടെ ആസ്ഥാനം ലെബനനിലെ ബെയ്റൂട്ടാണ്. അർമേനിയൻ ആരാധനാക്രമമാണ് ഈ പൗരസ്ത്യ സഭ പിന്തുടരുന്നത്. 1307-ലാണ് അര്‍മേനിയന്‍ സഭ റോമുമായി ഐക്യത്തിലായത്.

3. ബെലാറൂസിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍

ബ്രസ്റ്റ് ഉടമ്പടിയിലൂടെ പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയുമായി കൂട്ടായ്മയിലേക്ക് വന്ന സമൂഹമാണ് ബെലാറൂസിയൻ സഭ. ഏഴായിരത്തോളം വിശ്വാസികളാണ് ഈ സമൂഹത്തിന് കീഴിലുള്ളത്.

4. ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍

വ്യാപാരിയായിരുന്ന ഡ്രാഗൺ സാഗോവിന്റെ നേതൃത്വത്തിൽ 1861ൽ പയസ് ഒമ്പതാമൻ മാർപാപ്പയുടെ ഭരണകാലയളവിൽ കത്തോലിക്കാസഭയുമായി പൂർണമായ കൂട്ടായ്മയിലേക്ക് വന്നവരാണ് ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭയില്‍ ഉള്‍പ്പെടുന്നത്. ബള്‍ഗേറിയ ആസ്ഥാനമായ ഈ സഭയില്‍ പതിനായിരത്തിലധികം വിശ്വാസികളാണുള്ളത്.

5. കൽദായ കത്തോലിക്കാ സഭ

ഇറാന്‍, ഇറാഖ്, സിറിയ, തുടങ്ങിയ രാജ്യങ്ങളിലായി പന്തലിച്ച് കിടക്കുന്ന കൽദായ കത്തോലിക്കാ സഭയില്‍ 2016-ലെ കണക്കുകള്‍ പ്രകാരം ആറരലക്ഷത്തോളം വിശ്വാസികളാണുള്ളത്. 1930-ലാണ് ബാബിലോണിൽ ഒരു പാത്രിയർക്കേറ്റ് സ്ഥാപിക്കപ്പെടുന്നത്. ലത്തീൻ പാരമ്പര്യവും സിറിയൻ ആരാധനാക്രമവും ഇഴുകി ചേര്‍ന്ന രീതിയാണ് ഈ സമൂഹം പിന്തുടരുന്നത്.

6. കോപ്റ്റിക് കത്തോലിക്കാ സഭ ‍

ജറുസലേമിലെ കോപ്റ്റിക് മെത്രാനായിരുന്ന അൻപാ അത്തനേഷ്യസ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനേ തുടര്‍ന്നാണ് കോപ്റ്റിക് സഭ കത്തോലിക്ക സഭയുമായി ഐക്യത്തിലായത്. 1741ലാണ് കോപ്റ്റിക് കത്തോലിക്കാ സഭയെ റോം അംഗീകരിച്ചത്.

7. എറിത്രിയൻ കത്തോലിക്കാ സഭ ‍

ഏറ്റവും ഒടുവിലായി റോമുമായി കൂട്ടായ്മയിലേക്ക് വന്ന പൗരസ്ത്യസഭയാണ് എറിത്രിയൻ സഭ. 2015-ല്‍ എത്യോപ്യൻ സഭയിൽ നിന്നും സ്വാതന്ത്ര്യം നേടുകയായിരുന്നു.

8. എത്യോപ്യൻ കത്തോലിക്കാ സഭ ‍

അലക്സാണ്ട്രിയൻ ആരാധനാക്രമം പിന്തുടരുന്ന എത്യോപ്യൻ സഭ 1930 കളിലാണ് ആരംഭിക്കുന്നത്. 2010-ലെ കണക്കുകള്‍ പ്രകാരം ആറരലക്ഷത്തിനടുത്ത് വിശ്വാസികളാണ് എത്യോപ്യൻ സഭയ്ക്കു കീഴിലുള്ളത്.

9. ഗ്രീക്ക് ബൈസന്റെയിൻ കത്തോലിക്കാസഭ ‍

ബൈസന്റെയിൻ ആരാധന ക്രമം പിന്തുടരുന്ന ഈ പൌരസ്ത്യ സമൂഹത്തിന് ഗ്രീസിലും തുർക്കിയിലും വിശ്വാസികളുണ്ട്.

10. സെർബിയയിലെയും, ക്രൊയേഷ്യയിലെയും ഗ്രീക്ക് കത്തോലിക്കാ സഭ ‍

ഈ പൗരസ്ത്യ സഭയും ബൈസന്റെയിൻ ആരാധനാക്രമമാണ് പിന്തുടരുന്നത്. ക്രൊയേഷ്യ, സ്ലോവേനിയ, ബോസ്നിയ- ഹെര്‍സെഗോവിന രാജ്യങ്ങളിലായി ഇരുപത്തിയൊന്നായിരം വിശ്വാസികളാണ് ഈ സമൂഹത്തിനു കീഴിലുള്ളത്.

11. ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ

1912-ല്‍ പത്താം പീയൂസ് മാർപാപ്പയാണ് ഈ സമൂഹത്തെ കത്തോലിക്ക സഭയിലേക്ക് ചേര്‍ക്കുന്നത്. ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന്‍ പിന്‍വാങ്ങിയാണ് ഈ സമൂഹം കത്തോലിക്ക സഭയുമായി ലയിച്ചത്. മൂന്നേകാല്‍ ലക്ഷത്തോളം വിശ്വാസികളാണ് ഈ പൌരസ്ത്യ സഭയില്‍ ഉള്‍പ്പെടുന്നത്.

12. ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ ‍

അറുപതിനായിരത്തോളം വരുന്ന ഈ സഭയിലെ വിശ്വാസികളിൽ വലിയൊരു ശതമാനം ദക്ഷിണ ഇറ്റലിയിലും സിസിലിയിലുമായാണ് താമസിക്കുന്നത്.

13. മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍

മാസിഡോണിയന്‍ ഭാഷയില്‍ ബൈസന്റെയിൻ ആരാധനാക്രമം പിന്തുടരുന്ന സമൂഹമാണിത്. 2001.-ല്‍ ജോൺപോൾ രണ്ടാമന്‍ മാർപാപ്പയുടെ കാലത്ത് കത്തോലിക്ക സഭ്യുമായി ഐക്യത്തിലായ ഈ സമൂഹത്തിന് ഒരു രൂപത മാത്രമേയുള്ളൂ.

14. മാരോണൈറ്റ് സഭ ‍

ലെബനന്‍ കേന്ദ്രമായ മാരോണൈറ്റ് സഭയ്ക്കു കീഴില്‍ 30 ലക്ഷത്തോളം വിശ്വാസികളാണുള്ളത്. ആകെ വിശ്വാസി സമൂഹത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ലെബനനിലാണ് ജീവിക്കുന്നത്.

15. മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ ‍

സിറിയയിലെ ഡമാസ്കസ് ആസ്ഥാനമായ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ ചരിത്രം അന്ത്യോഖ്യയിലെ ആദിമ ക്രിസ്ത്യാനികൾ വരെ നീളുന്നതാണ്. 1724-ലാണ് വിശ്വാസ സമൂഹം കത്തോലിക്ക സഭയുമായി ഐക്യപ്പെടുന്നത്.

16. റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍

1698ൽ സ്ഥാപിക്കപ്പെട്ട റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയ്ക്കു കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സ്റ്റാലിൻ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും1990ൽ വീണ്ടും സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിക്കുകയായിരിന്നു.

17. റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍

പൗരസ്ത്യസഭകളിലെ ഏറ്റവും ചെറിയ സഭയാണ് റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ. മൂവായിരത്തിഇരുനൂറു വിശ്വാസികള്‍ മാത്രമാണ് ഈ സമൂഹത്തിലുള്ളത്.

18. റൂത്തേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍

അമേരിക്കയിൽ ഇവർ ബൈസന്റെയിൻ കത്തോലിക്കാസഭ എന്ന് അറിയപ്പെടുന്നു. ചെക്ക് റിപ്പബ്ലിക്കിലും യുക്രൈനിലുമായി ഈ സമൂഹത്തിന് രൂപതകളുണ്ട്. നാലുലക്ഷത്തിഇരുപത്തിനായിരത്തോളം വിശ്വാസികളാണ് ഈ സമൂഹത്തിനുള്ളത്.

19. സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ ‍

സ്ലോവാക്യയിലെ പ്രേസോവ് ആസ്ഥാനമായ ഈ സഭയിൽ മൂന്നരലക്ഷത്തോളം അംഗങ്ങളുണ്ട്. സ്ലോവാക്യയില്‍ രണ്ടു രൂപതകളും കാനഡയില്‍ ഒരു രൂപതയുമാണുള്ളത്.

20. സിറിയൻ കത്തോലിക്കാ സഭ ‍

ലെബനനിലെ ബെയ്റൂട്ട് ആസ്ഥാനമായ ഈ സമൂഹം പതിനെട്ടാം നൂറ്റാണ്ടിൽ വലിയ മത പീഡനമാണ് നേരിട്ടത്. കര്‍ത്താവ് സംസാരിച്ച അറമായ ഭാഷയിലും സുറിയാനീ ഭാഷയിലുമാണ് ഈ സമൂഹം ശുശ്രൂഷകള്‍ നടത്തുന്നത്.

21. സീറോ മലബാർ കത്തോലിക്കാ സഭ ‍

കത്തോലിക്കാ സഭയുടെ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ് സിറോ മലബാർ സഭ. വിശുദ്ധ തോമസ് അപ്പസ്തോലനാൽ സ്ഥാപിതമായ സമൂഹത്തില്‍ ആഗോള തലത്തില്‍ 50 ലക്ഷത്തോളം അംഗങ്ങളാണുള്ളത്.

22. സീറോ മലങ്കര കത്തോലിക്കാ സഭ ‍

1930 സെപ്റ്റംബർ 20നു മലങ്കര ഓർത്തഡോക്സ് സഭയിലെ ബഥനി സന്യാസ സമൂഹങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ഇവാനിയോസ് കത്തോലിക്കാ സഭയിൽ ചേർന്നതോടെയാണു് സീറോ മലങ്കര റീത്ത് രൂപംകൊണ്ടത്. 2005 ഫെബ്രുവരി10-നു സീറോ മലങ്കര സഭയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായി ഉയർത്തി.

23. യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍

ഏറ്റവും വലിയ പൗരസ്ത്യ സഭയായി കണക്കാക്കുന്ന യുക്രേനിയൻ സഭ ബ്രസ്റ്റ് ഉടമ്പടിയിലൂടെയാണ് കത്തോലിക്കാ സഭയുമായി പൂർണ്ണമായ കൂട്ടായ്മയിൽ വരുന്നത്. ബൈസന്റെയിൻ ആരാധനാക്രമം പിന്തുടരുന്ന ഈ സമൂഹം അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്നു.