India - 2025

ആയിരങ്ങളുടെ പ്രാർത്ഥനയേറ്റുവാങ്ങി ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയ്ക്കു വിട

പ്രവാചകശബ്ദം 23-09-2025 - Tuesday

കോഴിക്കോട്: പാവങ്ങൾക്കും അശരണർക്കും സാന്ത്വനസ്‌പർശമേകിയ ആത്മീയജീവിതം നിത്യതയിലേക്കു മറഞ്ഞു. ഹൃദയം നിറഞ്ഞുതുളുമ്പുന്ന സ്നേഹാദരവുമായി ഒഴുകിയെത്തിയ ആയിരങ്ങളുടെ പ്രാർത്ഥനയേറ്റുവാങ്ങി ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി ഓർമയായി. ഒരായുഷ്ക്കാലം സമൂഹത്തെ ചേർത്തുനിർത്തിയ നല്ല ഇടയന് ഇന്നലെ സായംസന്ധ്യയിൽ വിശ്വാസി സമൂഹം വിടനൽകി.

പൂപോലൊരു മനസുള്ള ആത്മീയാചാര്യൻ സർവ്വരുടെയും നിറസ്നേഹം ഏറ്റുവാങ്ങിയാണ് കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്‌തുദാസി സന്യാസിനീസമൂഹത്തിന്റെ ജനറലേറ്റായ ഹോം ഓഫ് ലവിലെ കബറിടത്തിലേക്കു മടങ്ങിയത്. അവസാനമായി ഒരു നോക്കു കാണാൻ കുന്നും മലയും പാടവും കടന്ന് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിലേക്കെത്തിയ ആബാലവൃദ്ധം കണ്ണീർ തുള്ളികളാൽ സ്നേഹം പകർന്നു. ദേവഗിരി സെന്റ് ജോസ്‌ഫ്‌സ് പള്ളിയിലെ പൊതുദർശനത്തിനുശേഷമാണ് എസ്കെഡി ജനറലേറ്റ് ചാപ്പലിൽ പ്രത്യേകം ക്രമീകരിച്ച കബറിടത്തിൽ സംസ്‌കാരം നടന്നത്. വൈകുന്നേരം 3.40നാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ ഭൗതികദേഹം ദേവഗിരി സെന്റ് ജോസ്‌ഫ്‌സ് പള്ളിയിൽ എത്തിയത്.

പ്രധാന ഗേറ്റിനു മുന്നിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം, മെൽബൺ എമരിറ്റസ് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്‌സ് താരാമംഗലം, താമരശേരി രൂപത വികാരി ജനറൽ ഫാ. ഏബ്രഹാം വയലിൽ, പ്രൊക്യുറേറ്റർ ഫാ. ബെന്നി മുണ്ടനാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് വിലാപയാത്രയായാണ് പള്ളിയിലേക്ക് എത്തിച്ചത്.

കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, വികാരി ജനറാൾ ഫാ. ജൻസൻ പുത്തൻവീട്ടിൽ, യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസന മെ ത്രാപ്പോലീത്ത ഐറേനിയോസ് മാർ പൗലോസ്, ഓർത്തഡോക്‌സ് സഭ മലബാർ ഭദ്രാസനമെത്രാപ്പോലീത്ത ഗീവർഗീസ് മാർ പക്കോമിയോസ്, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, മാനന്തവാടി രൂപത വികാരി ജനറാൾ ഫാ. ജോസഫ് മുണ്ടോളിക്കൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ച് പ്രാർത്ഥന നടത്തി. മാർ തൂങ്കുഴിയുടെ കുടുംബാംഗങ്ങളും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.


Related Articles »