Faith And Reason - 2025
ഇവാഞ്ചലിക്കല്‍ വിശ്വാസിയെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചത് 'ദിവ്യകാരുണ്യം'
സ്വന്തം ലേഖകന്‍ 24-05-2019 - Friday
വാഷിംഗ്‌ടണ്‍ ഡിസി: കടുത്ത ഇവാഞ്ചലിക്കല്‍ സഭാ വിശ്വാസിയായിരുന്ന എലിസെ അമെസ്-ഡ്രോസ് ജീവിതത്തില്‍ ഒരിക്കലും കരുതിയിരുന്നില്ല ചെറുപ്പം മുതല്‍ താന്‍ ചേര്‍ത്തുപിടിച്ചിരിന്ന വിശ്വാസം ഉപേക്ഷിച്ചു ദിവ്യകാരുണ്യ നാഥനെ പുല്‍കുമെന്ന്. ‘മരിച്ച വിശ്വാസം’ എന്ന് താന്‍ കരുതിയിരുന്ന കത്തോലിക്കാ സഭയിലേക്കുള്ള തന്റെ യാത്ര സംഭവബഹുലമാണെന്നാണ് സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള ഈ ഇരുപത്തിനാലുകാരി പറയുന്നത്. ഇവാഞ്ചലിക്കല്‍ വിശ്വാസത്തില്‍ നിന്നും ആരംഭിച്ച് യൂത്തായിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ കത്തോലിക്കാ വിശ്വാസത്തില്‍ അവസാനിക്കുകയാണ് അമെസ്-ഡ്രോസിന്റെ വിശ്വാസ യാത്ര.
‘കത്തോലിക്കാ ന്യൂസ് ഏജന്‍സി’ (CNA)ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമെസ്-ഡ്രോസ് തന്റെ വിശാസ പരിവര്‍ത്തനത്തിന്റെ സാക്ഷ്യം വിവരിച്ചത്. ദിവ്യകാരുണ്യമാണ് തന്നെ കത്തോലിക്കാ സഭയില്‍ ചേരുവാന്‍ പ്രേരിപ്പിച്ച പ്രധാനഘടകമെന്നാണ് അമെസ്-ഡ്രോസ് പറയുന്നത്. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ ഒരു കത്തോലിക്കാ വിശ്വാസിയെ പരിചയപ്പെട്ടതാണ് അമെസിന്റെ കത്തോലിക്കാ സഭയിലേക്കുള്ള യാത്രയുടെ തുടക്കം. തന്റെ ബിരുദപഠനകാലത്ത് ജീവിതത്തിന് യാതൊരു അര്‍ത്ഥമോ ലക്ഷ്യമോ ഇല്ല എന്ന്‍ കരുതിയിരുന്ന കാലത്തായിരിന്നു നിര്‍ണ്ണായകമായ ഈ ചുവടുമാറ്റം. അമെസ് തന്റെ പുതിയ സുഹൃത്തിന്റെ കൂടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. ആദ്യത്തെ ബലിയര്‍പ്പണം അവള്‍ക്ക് ഏറെ അനുഭവഭേദ്യമായി തോന്നി.
തുടര്‍ന്നു കത്തോലിക്ക വിശ്വാസത്തെ കുറിച്ചുള്ള തന്റെ സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ അവള്‍ ആരംഭിക്കുകയായിരിന്നു. ഇതിനായി സുഹൃത്തിന്റെ സഹായം തേടി. പിന്നീട് വാഷിംഗ്‌ടണ്‍ ഡിസിയിലെത്തിയപ്പോഴാണ് അമെസിന് നിരവധി കത്തോലിക്കാ സുഹൃത്തുക്കളെ ലഭിച്ചത്. വിശ്വാസത്തിന്റെ മാതൃക സ്വീകരിക്കാന്‍ മാത്രം കത്തോലിക്കര്‍ തുറന്ന മനസ്സും, നന്മയും ഉള്ളവരാണെന്നാണ് അമെസ് അവരെ സ്മരിക്കുന്നത്. കത്തോലിക്ക വിശ്വാസത്തെ കുറിച്ചുള്ള സംശയങ്ങള്‍ അപ്പോഴും അവളില്‍ അവസാനിച്ചിരിന്നില്ല. വൈകിയില്ല, കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള വാഷിംഗ്‌ടണ്‍ ഡി.സി. യിലെ സെന്റ് പീറ്റേഴ്സ് ഇടവകയിലെ വിശ്വാസ പരിശീലന കളരിയില്‍ (RCIA) അവള്‍ ചേര്‍ന്നു.
അപ്പോഴും കത്തോലിക്കാ വിശ്വാസത്തില്‍ ചേരുമോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ലായിരുന്നുവെന്നാണ് അമെസ് പറയുന്നത്. ഏതാനും നാളത്തെ അഗാധമായ പഠനവും, വായനയും അവളെ കത്തോലിക്ക വിശ്വാസത്തിലേക്ക് ഏറെ അടുപ്പിച്ചു. തന്റെ മനസ്സിനെ പാകപ്പെടുത്തിയത് ബെനഡിക്ടന്‍ തിയോളജിയാണെന്ന്‍ അവള്‍ പറയുന്നു. തന്റെ ആത്മീയ മാധ്യസ്ഥയായ ലിസ്യൂവിലെ വിശുദ്ധ തെരേസ മരണപ്പെട്ട ഇരുപത്തിനാലാമത്തെ വയസ്സില്‍ തന്നെയാണ് താന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതെന്ന ആകസ്മികതയും അമെസ് ചൂണ്ടിക്കാട്ടി.
“നമ്മുടെ ജീവിതത്തില്‍ നിരവധി മാര്‍ഗ്ഗങ്ങളിലൂടെ ക്രിസ്തു നമുക്ക് സ്വയം വെളിപ്പെടുത്തിത്തരുന്നുണ്ട്. അത് നിങ്ങള്‍ അവനെ കണ്ടെത്തുന്നത് പോലെയല്ല. നമ്മുടെ പദ്ധതികളുടെ ഒരു ഭാഗം പോലെയാണിത്, ഇതാണെന്നെ ദൈവവുമായി കൂടുതല്‍ അടുപ്പിച്ചത്” അമെസ്-ഡ്രോസ് പറയുന്നു. സഭയിലെ ഇപ്പോഴത്തെ വിവാദങ്ങളൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും താന്‍ തന്റെ കത്തോലിക്കാ വിശ്വാസത്തില്‍ തന്നെ മുന്നോട്ട് പോകുമെന്നു സാക്ഷ്യത്തോടെയാണ് അമെസിന്റെ അഭിമുഖം അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലായിരുന്നു അമെസ്- ഡ്രോസ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്.
