Faith And Reason - 2025
മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കുവാന്‍ ഫിലിപ്പീന്‍സ്
സ്വന്തം ലേഖകന്‍ 29-05-2019 - Wednesday
മനില: പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് രാജ്യത്തെ പുനഃപ്രതിഷ്ഠിക്കുവാന്‍ ഫിലിപ്പീന്‍സ് ഒരുങ്ങുന്നു. ജൂൺ ഒന്നാം തീയതി ശനിയാഴ്ചയാണ് ഫിലിപ്പീൻസിനെ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് പുനപ്രതിഷ്ഠിക്കുക. 2014ലെ പ്ലീനറി സമ്മേളനത്തിൽ ഫിലിപ്പീൻസ് മെത്രാൻ സമിതി എടുത്ത തീരുമാനപ്രകാരമാണ് 2021 വരെ എല്ലാവർഷവും രാജ്യത്തെ അമലോൽഭവ മാതാവിന്റെ ഹൃദയത്തിന് പുനപ്രതിഷ്ഠിക്കുവാന്‍ തീരുമാനിച്ചത്. ജൂണ്‍ ഒന്നിന് രാജ്യത്തെ എല്ലാ രൂപതകളുടെയും കീഴിലുള്ള ദേവാലയങ്ങളില്‍ പുനഃപ്രതിഷ്ഠ നടക്കും.
അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ജൂൺ 29-നാണ് സാധാരണയായി പുനഃപ്രതിഷ്ഠ നടക്കേണ്ടതെങ്കിലും അന്നേദിവസം പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായതിനാൽ മെത്രാൻ സമിതി ജൂൺ ഒന്നാം തീയതിയിലേക്ക് പ്രതിഷ്ഠ മാറ്റി നിശ്ചയിക്കുകയായിരുന്നു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീൻസില്‍ മരിയ ഭക്തിക്ക് പ്രത്യേക പ്രാധാന്യമാണ് ഫിലിപ്പീന്‍സ് ജനത നല്‍കുന്നത്. ഇക്കഴിഞ്ഞ ആഴ്ച പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബർ 8നു പ്രത്യേക അവധിദിനമായി പ്രഖ്യാപിക്കാനായുള്ള ബില്ല് സെനറ്റ് പാസാക്കിയിരിന്നു.
