Faith And Reason - 2025
ജപമാല: ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയം
സ്വന്തം ലേഖകന്‍ 21-08-2019 - Wednesday
റോം: കത്തോലിക്ക വിശ്വാസികളുടെ ആത്മീയ യാത്രയിലെ വഴിവിളക്കായ ജപമാല ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇറ്റലിയിലെ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി തന്റെ വലതുപക്ഷ പോപ്പുലിസ്റ്റ് ലീഗ് പാര്‍ട്ടി ഇടതുപക്ഷ പോപ്പുലിസ്റ്റ് ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജപമാല ഇറ്റലിയിലെ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതോടെ നിലവിലെ സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യം വരും. ഇതേതുടര്‍ന്ന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൂടിയ സെനറ്റില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിയുസെപ്പേ കൊണ്ടെ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
രാജി പ്രഖ്യാപനത്തിന്റെ അവസരത്തില്‍ പ്രധാനമന്ത്രിക്കു തൊട്ടടുത്തു ജപമാല ചുംബിച്ചുകൊണ്ട് ഇരിക്കുന്ന മാറ്റിയോ സാല്‍വിനിയുടെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അഭയാര്‍ത്ഥി പ്രവാഹത്തിനെതിരെ ശക്തമായ നിലപാടും പരമ്പരാഗത കത്തോലിക്കാ മൂല്യങ്ങളോടുള്ള ആഭിമുഖ്യവും മൂലം രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയനാണ് സാല്‍വിനി. തന്റെ പ്രസംഗങ്ങളില്‍ ബൈബിള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതും, വാര്‍ത്താ സമ്മേളനങ്ങളില്‍ ജപമാല കയ്യില്‍ പിടിക്കുന്നതും ഇദ്ദേഹത്തിന്റെ പതിവാണ്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മറുപടിയുമായി സാല്‍വിനി നേരിട്ടു രംഗത്തെത്തിയിരിന്നു.
ജപമാലയും, മെഡ്ജുഗോറിയിലെ മാതാവിന്റെ രൂപവുമായി പാര്‍ലമെന്റില്‍ വരാന്‍ പാടില്ലേ? എന്നാണ് അദ്ദേഹം പരസ്യമായി ചോദിച്ചത്. ഇത് ജനാധിപത്യത്തിനു എതിരാണോ എന്നു ചോദിച്ച അദ്ദേഹം പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്ന ഒരു എളിയവനാണ് താനെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാരിനെ നിലനിര്‍ത്തുവാന്‍ മറ്റേതെങ്കിലും രാഷ്ട്രീയ സഖ്യത്തെ വിളിക്കണോ, അതോ ബദല്‍ തിരഞ്ഞെടുപ്പ് നടത്തണോ എന്ന്‍ തീരുമാനിക്കേണ്ട ചുമതല ഇപ്പോള്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ലയുടെ ചുമലിലാണ്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടന്നെക്കുമെന്നാണ് സൂചന. ഒക്ടോബര്‍ പരിശുദ്ധ ദൈവമാതാവിന്റെ ജപമാലയുടെ മാസമാണെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്.
