Faith And Reason - 2025
വില്ല്യം സിഫുണ: ബൈബിള്‍ ആയുധമാക്കി കുറ്റവാളികളെ നേരിടുന്ന കെനിയന്‍ പോലീസ് ഓഫീസര്‍
സ്വന്തം ലേഖകന്‍ 14-09-2019 - Saturday
മാറാലാല്‍, കെനിയ: വെടിവെയ്പ്പും കൊള്ളയും സര്‍വ്വ സാധാരണമായ സാംബുരു കൗണ്ടിയിലുള്ള മാറാലാല്‍ തെരുവിലെ കുറ്റകൃത്യങ്ങളെ തടയുവാന്‍ വ്യത്യസ്ഥമായ പോരാട്ട മാര്‍ഗ്ഗവുമായി കെനിയന്‍ പോലീസിലെ ചീഫ് ഇന്‍സ്പെക്ടറായ വില്ല്യം സിഫുണ. വെറും ബൈബിള്‍ മാത്രമാണ് ഈ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ ആയുധം. ബൈബിളില്‍ നിന്നുള്ള ഉപദേശങ്ങള്‍ നല്‍കുക, മോഷ്ടിച്ച വസ്തു യഥാര്‍ത്ഥ ഉടമക്ക് തിരിച്ചു നല്‍കുക, അവരോടു മാപ്പപേക്ഷിക്കുക, ഇനിയൊരിക്കലും മോഷ്ടിക്കില്ലെന്നു പ്രതിജ്ഞ ചെയ്യിപ്പിക്കുക തുടങ്ങിയവയാണ് ഹൈകോര്‍ട്ട് അംഗീകാരമുള്ള ഔദ്യോഗിക മീഡിയേറ്ററും, എല്‍ഷദായി റെസ്റ്റോറേഷന്‍ മിനിസ്ട്രീസ് ദേവാലയത്തിലെ സ്ഥിര പ്രഭാഷകനുമായ ഈ പോലീസ് ഓഫീസറിന്റെ പോരാട്ട മാര്‍ഗ്ഗങ്ങള്‍.
മിക്ക കുറ്റകൃത്യങ്ങളും ഏതെങ്കിലും വിധത്തില്‍ കന്നുകാലികളുടെ മോഷണവുമായി ബന്ധപ്പെട്ടതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുറ്റവാളികളെ നേര്‍വഴിക്ക് നയിക്കുന്നതിന് ബൈബിള്‍ അധിഷ്ഠിതമായ തന്ത്രങ്ങള്‍ പയറ്റുവാന്‍ സിഫുണയെ പ്രേരിപ്പിച്ചത്. കുറ്റവാളികളില്‍ വളരെ നല്ല മാറ്റങ്ങളാണ് ഈ മാര്‍ഗ്ഗം വഴി ഉണ്ടായതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കുറ്റകൃത്യങ്ങളെ തടയുവാന്‍ ദൈവത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും ഇത് ഒരിക്കലും ഒറ്റക്ക് സാധ്യമല്ലായെന്നും ഒരു പോലീസുകാരന്‍ എന്ന നിലയില്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം ദൈവീക ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കുറ്റവാളികളുടെ വാക്കുകളെ അദ്ദേഹം കണ്ണുമടച്ച് വിശ്വസിക്കാറില്ല.
“തുറുങ്കില്‍ അടക്കുന്നതിനു മുന്‍പ് അവര്‍ക്ക് പറയുവാനുള്ളത് കൂടി ഞാന്‍ കേള്‍ക്കും. നിസ്സാരകുറ്റങ്ങള്‍ ആണെങ്കില്‍ തങ്ങളുടെ കുറ്റങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും അവരെ ഉപദേശിക്കും”. ഭാവിയില്‍ എപ്രകാരം കുറ്റകൃത്യങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുമെന്ന് വിശദീകരിക്കുന്ന വിശദമായൊരു ദീര്‍ഘകാലപദ്ധതിയും അദ്ദേഹം കുറ്റവാളികളില്‍ നിന്നും എഴുതി വാങ്ങിക്കാറുണ്ട്. നിയമപാലന വ്യവസ്ഥയില്‍ എങ്ങും കാണാത്ത ഈ മാര്‍ഗ്ഗം അത്ഭുതകരമായ ഫലങ്ങളാണ് ഉണ്ടാക്കുന്നതെന്നും, കുറ്റകൃത്യം തടയുവാന്‍ ദൈവവിശ്വാസം ആവശ്യമാണെന്നും സിഫുണ പറഞ്ഞു. “സുവിശേഷം പ്രസംഗിക്കുന്ന പോലീസുകാരന്‍” എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
