Faith And Reason - 2025
സമാധാനത്തിനായി വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബലിയര്‍പ്പണവുമായി കൊറിയ
സ്വന്തം ലേഖകന്‍ 30-10-2019 - Wednesday
സിയോള്‍: കൊറിയന്‍ ഉപദ്വീപില്‍ യുദ്ധവും സംഘര്‍ഷവും അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി ഒരു വര്‍ഷത്തേക്ക് വിശുദ്ധ ബലിയര്‍പ്പണവുമായി കൊറിയന്‍ സഭ. വര്‍ഷത്തിലെ ഓരോ ദിവസവും ഈ നിയോഗവുമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനാണ് ദക്ഷിണ കൊറിയന്‍ മെത്രാന്‍ സമിതിയുടെ പ്ലീനറി യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. 2019 ഡിസംബര്‍ 1 മുതല്‍ 2020 നവംബര്‍ 28 വരെ സമാധാന പുനഃസ്ഥാപനത്തിനായി പ്രത്യേക കുര്‍ബാന അര്‍പ്പിക്കുവാനാണ് തീരുമാനം. കൊറിയന്‍ മേഖലയെ രണ്ടായി വിഭജിച്ച യുദ്ധം ആരംഭിച്ചതിന്റെ അന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് 2020 ജൂണില്‍ സമാധാനവാരം ആചരിക്കുവാനും പരിപാടിയുണ്ട്.
ഇതിന്റെ ഭാഗമായി എല്ലാ രൂപതയിലേയും ഇടവകകളോടും സമാധാന പുനഃസ്ഥാപനം ലക്ഷ്യമാക്കി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു കഴിഞ്ഞു. മുന്‍പത്തേക്കാളും കൂടുതലായി സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ഇപ്പോഴാണെന്നാണ് ദക്ഷിണ കൊറിയയിലെ മെത്രാന്‍മാര്‍ ഒന്നടങ്കം പറയുന്നത്. ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ സംഘട്ടനങ്ങളിലൊന്നായ കൊറിയന്‍ യുദ്ധം 1950 ജൂണ്‍ 25-നാണ് പൊട്ടിപ്പുറപ്പെട്ടത്. വടക്കന്‍ മേഖലയിലെ സൈന്യം ചൈനയുടെ സഹായത്തോടെ അമേരിക്കയുടെ പിന്തുണയുള്ള തെക്കന്‍ മേഖലയെ ആക്രമിക്കുകയായിരുന്നു. മൂന്നു വര്‍ഷം നീണ്ടു നിന്ന യുദ്ധത്തില്‍ 30 ലക്ഷത്തോളം ആളുകള്‍ ഇരകളായെന്നാണ് കണക്കാക്കപ്പെടുന്നത്.
രേഖകളില്‍ അവസാനിച്ചുവെങ്കിലും, യുദ്ധത്തിന്റെ അസ്വാരസ്യങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 1953-ലെ യുദ്ധവിരാമത്തോടെ കൊറിയന്‍ ഉപദ്വീപ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു. അന്നുമുതല്‍ പ്യോങ്ങ്യാങ്ങും സിയോളും തമ്മില്‍ ഭിന്നത തുടരുകയാണ്. ഈ സാഹചര്യത്തില്‍ സമാധാനത്തിനായി ഏറ്റവുമധികം പ്രാര്‍ത്ഥിക്കേണ്ട സമയമാണിതെന്ന് മെത്രാന്‍ സമിതി പറയുന്നു. കൊറിയന്‍ സമയം എല്ലാ ദിവസം രാവിലെ ഒന്‍പതു മണിക്കാണ് സമാധാനത്തിന് വേണ്ടിയുള്ള പ്രത്യേക ബലിയര്‍പ്പണം രാജ്യത്തെ ദേവാലയങ്ങളില്‍ നടക്കുക.