Faith And Reason
ദേവാലയം സംരക്ഷിക്കുവാന്‍ മുട്ടിന്മേല്‍ നിന്നു മനുഷ്യമതില്‍ തീര്‍ത്ത് ചൈനീസ് ക്രൈസ്തവര്‍
സ്വന്തം ലേഖകന്‍ 02-11-2019 - Saturday
ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ചൈനയില്‍ സര്‍ക്കാര്‍, ക്രൈസ്തവ ദേവാലയം തകര്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ ദേവാലയത്തിന് ചുറ്റും മനുഷ്യ മതില്‍ തീര്‍ത്തുക്കൊണ്ട് വിശ്വാസികളുടെയും വൈദികരുടെയും പ്രതിരോധം. ചൈനയുടെ വടക്ക് ഭാഗത്തുള്ള ഹെബേയി ജില്ലയിലെ ഗുവാന്റാവോയിലെ സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന വു ഗാവോ സാങ് ദേവാലയം മതിയായ അനുമതിയില്ലെന്ന് പറഞ്ഞുകൊണ്ട് തകര്‍ക്കുവാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വിശ്വാസികള്‍ ഒന്നടങ്കം സംഘടിച്ചത്. കടുത്ത മതപീഡനങ്ങള്‍ക്കിടയിലും ചൈനീസ് കത്തോലിക്കരുടെ വിശ്വാസ തീക്ഷ്ണതയുടെ ഉദാഹരണമായി മാറുകയാണ് ഈ സംഭവം.
വൈദികര്‍ അധികാരികളുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചുവെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് ഒക്ടോബര്‍ 31 വ്യാഴാഴ്ച ദേവാലയത്തിന് ചുറ്റും മുട്ടിന്മേല്‍ നിന്നുകൊണ്ട് ഉപവാസവുമായി വിശ്വാസികള്‍ പ്രതിരോധ മതില്‍ തീര്‍ത്തത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2017 സെപ്റ്റംബറില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുള്ള കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നതിനു ശേഷം മതിയായ രേഖകള്‍ ഇല്ലെന്നു ആരോപിച്ച് നിരവധി ദേവാലയങ്ങളാണ് തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന വത്തിക്കാന്‍-ചൈന കരാര്‍ ഫലത്തില്‍ സഭാവിശ്വാസികളെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാരിന് പ്രോത്സാഹനം നല്‍കുന്നതാണെന്ന്‍ വിശ്വാസികള്‍ക്കിടയില്‍ സംസാരമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ തങ്ങള്‍ക്ക് വത്തിക്കാന്റെ പിന്തുണയുണ്ടെന്ന് പറഞ്ഞുകൊണ്ട് നാല്‍പ്പതോളം ദേവാലയങ്ങള്‍ കൂടി തകര്‍ക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കത്തോലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍-ചൈന കരാര്‍ ഉണ്ടാക്കിയെങ്കിലും ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനങ്ങള്‍ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
