News - 2025

ഇറാഖിൽ ഐഎസ് ആധിപത്യത്തിലായിരുന്ന കത്തീഡ്രൽ ദേവാലയം പുനർനിർമ്മിക്കും

സ്വന്തം ലേഖകന്‍ 20-12-2019 - Friday

ബാഗ്ദാദ്: ഇറാഖിലെ ക്വാരഖോഷിൽ സ്ഥിതിചെയ്യുന്ന അൽ തഹിര ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തോലിക്ക കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടുത്ത വര്‍ഷം നടന്നേക്കും. 1932-1948 വരെയുള്ള കാലഘട്ടത്തിൽ കൃഷിക്കാരായ വിശ്വാസികൾ എല്ലാ വർഷവും തങ്ങളുടെ വിളവെടുപ്പിനു ശേഷം നൽകിയ പണം ഉപയോഗിച്ചാണ് മൊസൂൾ നഗരത്തിൽ നിന്നും ഇരുപതു മൈൽ അകലെ സ്ഥിതിചെയ്യുന്ന ക്വാരഖോഷിൽ കത്തീഡ്രൽ ദേവാലയം നിര്‍മ്മിച്ചത്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആവിര്‍ഭാവത്തോടെ തീവ്രവാദികള്‍ ഇവിടെ എത്തിയതിനുശേഷം ദേവാലയം ആയുധ പരിശീലന കേന്ദ്രമാക്കി മാറ്റുകയായിരുന്നു. 2016ൽ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ നിന്നും ദേവാലയം മോചിപ്പിച്ചതിനുശേഷം ഇവിടെ വിശുദ്ധ കുർബാന പുനരാരംഭിച്ചു.

എന്നാല്‍ പ്രതികൂലമായ സാഹചര്യങ്ങളാണ് ഇവിടെയുണ്ടായിരിന്നത്. ഏറ്റവും ഒടുവിലായി കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച ഇൻ നീഡ് അഗ്നിക്കിരയാക്കിയ ദേവാലയത്തിന്റെ ഉൾവശം പുനർനിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. പ്രദേശത്തെ 6936 വീടുകളുടെ പുനർനിർമ്മാണവും സംഘടനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. എയിഡ് ടു ദി ചർച്ച് ഇൻ നീഡിനെ കൂടാതെ ദി സാൾട്ട് ഫൗണ്ടേഷൻ, സമരിറ്റൻസ് പേഴ്സ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് വിവിധ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഇടവക വൈദികനായ ഫാ. ജോർജസ് ജെഹോള പറഞ്ഞു.

ക്രൈസ്തവരുടെ പുനരധിവാസത്തിന് ഹംഗറിയുടെ സഹായവും ഇവിടെ ലഭ്യമാകുന്നുണ്ട്. ഇറാഖിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ക്വാരഖോഷെന്നും അതിനാൽ തന്നെ നഗരത്തെ സംരക്ഷിക്കണമെന്നും ഫാ. ജോർജസ് കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റ് നേരത്തെ പിടിമുറുക്കിയപ്പോള്‍ മുതല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടില്‍ എന്ന ഖ്യാതിയുണ്ടായിരിന്ന ഇറാഖില്‍ നിന്ന് ക്രൈസ്തവ ജനസംഖ്യയില്‍ വലിയ രീതിയിലുള്ള കുറവാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.


Related Articles »