India - 2025

തെരഞ്ഞെടുപ്പിനെ ഗൗരവപൂര്‍വം അഭിമൂഖീകരിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

അമല്‍ സാബു 24-04-2016 - Sunday

കൊച്ചി: തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മൂലക്കല്ലാണെന്നും, അത് ഏറ്റവും ഗൗരവപൂര്‍വം ജനാധിപത്യ വിശ്വാസികള്‍ അഭിമുഖീകരിക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട്ട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദായ സംഘടന എന്ന നിലയില്‍ കത്തോലിക്കാ കോണ്‍ഗ്രസിനു വ്യക്തമായ രാഷ്ട്രീയ അഭിപ്രായം ഉണ്ടാകണം. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടുകളുടെ സംരക്ഷണവും രാജ്യത്തു സമഗ്രമായ വികസനവും ഉറപ്പുവരുത്തുന്നതും, അവഗണിക്കപ്പെടുന്നവര്‍ക്കും നിരാലംബര്‍ക്കും, പ്രതീക്ഷ നല്‍കുന്നതുമായ അതിവിശാലമായ ഭരണനേതൃത്വങ്ങള്‍ രൂപപ്പെടേണ്ടത് അനിവാര്യമാണ്. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ടും, അതിനായി ശക്തമായി നിലനിന്നുകൊണ്ടും കത്തോലിക്കാ കോണ്‍ഗ്രസ് മുന്നോട്ടുപോകണം. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും ബഹുമാനിക്കുന്നതുമായ നമ്മുടെ പൈതൃകം എന്നും എല്ലാവര്‍ക്കും മാതൃകയാകണമെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.

പ്രസിഡന്റ് വി. വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി മുഖ്യപ്രഭാഷണവും, കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം വിഷയാവതരണവും നടത്തി. ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ജിയോ കടവി, ഫാ. ചാണ്ടി പുന്നക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, സാജു അലക്‌സ്, സൈബി അക്കര, ഡേവിഡ് തുളുവത്ത്, ജേക്കബ് മുണ്ടയ്ക്കല്‍, ദേവസ്യാ കോങ്ങോല, സെബാസ്റ്റ്യന്‍ വടശേരി, ജോര്‍ജ് വാതപ്പിള്ളി, ഐപ്പച്ചന്‍ തടിക്കാട്ട്, റിന്‍സണ്‍ മണവാളന്‍, പീറ്റര്‍ ഞരളക്കാട്ട്, ജോസ് തോമസ് ഒഴുകയില്‍, ഫ്രാന്‍സിസ് മൂലന്‍, ജോണി വടക്കേക്കര, രാജീവ് ജോസഫ്, ജോസ് മുക്കം, ജോസ് ഇലഞ്ഞിക്കല്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു.