India - 2025

രാഷ്ട്രീയത്തെ പറ്റിയുള്ള സഭയുടെ കാഴ്ചപ്പാടെന്ത്?

29-04-2016 - Friday

സഭ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്നാണ് പൊതുവേ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം. അതേ സമയം തന്നെ തങ്ങള്‍ക്കനുകൂലമായ ഏതെങ്കിലും പ്രസ്താവനയോ പരമര്‍ശമോ സഭയുടെ ഭാഗത്തുന്നുണ്ടായാല്‍ കൊള്ളാമെന്ന് ഓരോ രാഷ്ട്രീയ കക്ഷിയ്ക്കും ആഗ്രഹമുണ്ട്. അങ്ങനെയെന്തെങ്കിലും സൂചന കിട്ടിയാല്‍ അവരതു പ്രാധാന്യത്തോടെ ഉയര്‍ത്തികാട്ടുകയും ചെയ്യും. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കാലത്ത്. അത്തരം ചില സന്ദര്‍ഭങ്ങളില്‍ സഭാമേധാവികള്‍ക്ക് നിഷേധ കുറിപ്പ് ഇറക്കേണ്ടിയും വരാം. കാരണം, രാഷ്ട്രീയക്കാര്‍ വിവക്ഷിക്കുന്ന തരത്തിലുള്ള സൂചനകളാവില്ല അതിന്റെ ഉള്ളടക്കം.

ഈയിടെ മാര്‍ത്തോമ്മ സഭാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഇത്തരത്തിലൊരു വിശദീകരണ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതനായി. ഒരു സ്ഥാനര്‍ഥിയെയും മെത്രാപ്പോലീത്തയും ബന്ധപ്പെടുത്തി ചില ചാനലുകളില്‍ വന്ന വാര്‍ത്തയാണ് അതിനിടയാക്കിയത്. സ്വന്തം നിലപാട് അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ; മാര്‍ത്തോമ സഭയ്ക്ക് സ്ഥാനാര്‍ഥികളില്ല, സ്ഥാനാര്‍ഥിത്വം ലഭിച്ചതില്‍ പ്രത്യേക സന്തോഷമോ ലഭിക്കാത്തതില്‍ വിഷമമോ ഇല്ല. സഭയോ സമുദായമോ അവയുടെ നേതാക്കളോ അല്ല ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്. അത് ജനഹിതമാണ്. മലയാളി ചിഹ്നം നോക്കിയല്ല വോട്ട് ചെയ്യുന്നത്, സ്ഥാനാര്‍ഥിയെ നോക്കിയാണ്.

ഇതേ വീക്ഷണംതന്നെയാണു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കഴിഞ്ഞ മാര്‍ച്ച് 12-ന് കാക്കനാട്ടു നടന്ന അല്മായ നേതൃസമ്മേളനത്തില്‍ വ്യക്തമാക്കിയത്. 'സഭയ്ക്കു വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്, എന്നാല്‍ രാഷ്ട്രീയമില്ല. സഭയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ മെത്രാന്മാരും വൈദികരും വഴിയല്ല വെളിപ്പെടുത്തുന്നത്. ആ ദൗത്യം അല്മായ നേതാക്കളാണേറ്റെടുക്കുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

പൊതുതെരഞ്ഞെടുപ്പില്‍ സഭ ഏതെങ്കിലും കക്ഷിയുടെയോ സ്ഥാനാര്‍ഥിയുടെയോ പക്ഷം പിടിക്കാറില്ല. ജനാധിപത്യവും മതേതരത്വവും ഈശ്വരവിശ്വാസവും മതസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന കക്ഷികള്‍ക്കു വോട്ടുചെയ്യണം എന്നു വിശ്വാസിസമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയേ ചെയ്യാറുള്ളു. രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഭരണനിര്‍വഹണത്തിലും സഭ ഇടപെടാറില്ല. സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും എന്ന നയമാണ് ഇക്കാര്യത്തില്‍ സഭയ്ക്കുള്ളത്.

എന്നാല്‍, സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതം സൃഷ്ടിക്കുകയും വിശ്വാസികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തില്‍ സഭാനേതൃത്വം മൗനംപാലിക്കാറില്ല. ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും തെറ്റായ ചെയ്തികളെ എതിരിടാന്‍ പ്രക്ഷോഭത്തിന്റെ പാത സ്വീകരിച്ചെന്നും വരാം. 1945-ല്‍ പ്രൈമറി സ്‌കൂളുകള്‍ ദേശസാത്കരിക്കാനുള്ള സര്‍ സി.പി. യുടെ നീക്കത്തിനെതിരേ സഭ പ്രത്യക്ഷമായി രംഗത്തുവന്നു. 1959-ല്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയം, ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നു ബോധ്യംവന്നപ്പോള്‍ വിമോചനസമരത്തിനു തുടക്കം കുറിക്കേണ്ടിവന്നു. 1972-ല്‍ സ്വകാര്യ കോളജുകളുടെ നിലനില്പിനു ഭീഷണി ഉയര്‍ന്നപ്പോള്‍ സഭ സമരരംഗത്തിറങ്ങി.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്വഭാവവും മഹത്വവും ആത്മാവില്‍ ഉള്‍ക്കൊണ്ട ആഹ്വാനങ്ങളേ സഭാധ്യക്ഷന്മാര്‍ തെരഞ്ഞെടുപ്പു സംബന്ധിയായി നടത്താറുള്ളു. അതോടൊപ്പം മതേതരത്വത്തിന്റെയും പാവങ്ങളോടുള്ള കരുതലിന്റെയും സാക്ഷ്യങ്ങള്‍ അതിലുണ്ടാകാറുണ്ടുതാനും. തികച്ചും മൂല്യാധിഷ്ഠിതമായ പക്ഷംചേരലാണത്.

ഇതേ സമീപനവും സ്വരവുമാണു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച തെരഞ്ഞടുപ്പു സംബന്ധമായ ഇടയലേഖനത്തിലുള്ളത്. സഭയുടെ മൂല്യങ്ങളും ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ മൂല്യങ്ങളും പരസ്പരപൂരകമാണെന്ന കാഴ്ചപ്പാടാണതിലുള്ളത്. സഭ ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങള്‍ സമൂഹത്തിന്റെ ക്ഷേമത്തിനും കെട്ടുറപ്പിനും ഉതകുന്നതാണ്. ഈശ്വരവിശ്വാസം, സത്യം, നീതി, മതേതരത്വം, പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത, മതങ്ങളോടും മതാത്മക പ്രസ്ഥാനങ്ങളോടുമുള്ള ആദരവ്, ഭരണഘടനയോടും കോടതിയോടുമുള്ള ബഹുമാനം, ജനാധിപത്യ- മാനവിക മൂല്യങ്ങളോടുള്ള ആഭിമുഖ്യം, സഹിഷ്ണുത എന്നിവ സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അന്തസാരമാണ്.

ഇതില്‍ നിന്നന്യമാണോ ജനാധിപത്യ മൂല്യങ്ങള്‍? ഇവയ്ക്കു വിരുദ്ധമാണോ ഒരു രാഷ്ട്രം ഉയര്‍ത്തിപ്പിടിക്കേണ്ട ജനക്ഷേമ മൂല്യങ്ങള്‍? അല്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. സഭയും രാഷ്ട്രവും കൈകോര്‍ക്കുകയാണിവിടെ എന്നുതന്നെ പറയാം. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള പൗരസ്വാതന്ത്ര്യത്തെ സഭ മാനിക്കുന്നു. അതോടൊപ്പം, സഭയുടെ ദൗത്യനിര്‍വഹണത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അനുഭാവപൂര്‍ണമായ പിന്തുണ സഭ ആഗ്രഹിക്കുകയും ചെയ്യുന്നു. സഭാധ്യക്ഷന്മാരെ സമൂഹത്തിലെ ബഹുമാന്യവ്യക്തികളെന്ന നിലയില്‍ ആദരിക്കാനും രാഷ്ട്രീയക്കാര്‍ തയാറാകേണ്ടതുണ്ട്. അതു സഭ ചോദിച്ചുവാങ്ങുന്നതല്ല. ജനങ്ങള്‍ അറിഞ്ഞു നല്‍കേണ്ടതാണ്. മറിച്ച്, സഭാധ്യക്ഷന്മാരെ അപമാനിക്കുന്നവര്‍ അതിനുള്ള വില കൊടുക്കേണ്ടിവരികയും ചെയ്യാം.

അത്തരത്തിലൊരുദാഹരണമാണ് 2007 ഒക്ടോബറില്‍ താമരശേരി ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിക്കെതിരേ പിണറായി വിജയനില്‍നിന്നുണ്ടായ നികൃഷ്ടജീവി പ്രയോഗം. അതു ക്രൈസ്തവര്‍ക്കു മാത്രമല്ല, സുമനസുകളായ അന്യമതസ്ഥര്‍ക്കും വേദനയുണ്ടാക്കിയ പ്രസ്താവമായിരുന്നു. അകാലത്തില്‍ അന്തരിച്ച മാര്‍ക്‌സിസ്റ്റ് എംഎല്‍എ എം. മത്തായി ചാക്കോ അന്ത്യനിമിഷങ്ങളില്‍ രോഗീലേപനം സ്വീകരിച്ചു എന്നു മാര്‍ ചിറ്റിലപ്പള്ളി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായിയുടെ ആക്ഷേപം.

ഒക്ടോബര്‍ 15-ന് തൃശൂരില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ താമരശേരി മുന്‍ ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി, മത്തായി ചാക്കോയുമായി തനിക്കുണ്ടായിരുന്ന വളരെ അടുത്ത സൗഹൃദം അനുസ്മരിച്ചുകൊണ്ടു പറഞ്ഞത്, രാഷ്ട്രീയമായി ഒരു മാര്‍ക്‌സിസ്റ്റുകാരനായിരിക്കെത്തന്നെ മത്തായി ചാക്കോ ഉള്ളിന്റെയുള്ളില്‍ ഉറച്ച വിശ്വാസികൂടിയായിരുന്നു എന്നാണ്. എന്നിട്ടും പിണറായി തന്റെ ആക്ഷേപം പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ പോലും തയാറായില്ല. ഫലമോ, രണ്ടു സീറ്റ് മാത്രം വ്യത്യാസത്തില്‍, ഇടതുമുന്നണിക്കു ലഭിക്കാമായിരുന്ന ഭരണത്തുടര്‍ച്ച നഷ്ടപ്പെടുകയും ചെയ്തു.

സഭയുടെ ഭാഷ സ്‌നേഹത്തിന്റേതാണ്. എങ്കിലും ചിലപ്പോള്‍ സഭാധ്യക്ഷന്മാര്‍പോലും ധര്‍മരോഷത്തിന്റെ പരകോടിയില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചെന്നുവരാം. അത്തരത്തിലൊന്നാണ്, 1972-ലെ കോളജ് സമരത്തിന്റെ അത്യന്തം വിക്ഷോഭകരമായ ഒരു സന്ദര്‍ഭത്തില്‍ മുന്‍ തൃശൂര്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് കുണ്ടുകുളത്തില്‍നിന്നുണ്ടായ മഴുത്തായ പ്രയോഗം. കോളജുകള്‍ കൈയടക്കാന്‍ വരുന്നവരെ കുറുവടികൊണ്ടല്ല മഴുത്തായകൊണ്ടായിരിക്കും നേരിടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആലങ്കാരിക പ്രയോഗം. അതു വാച്യാര്‍ഥത്തിലെടുക്കേണ്ടതില്ല. അധികാരകേന്ദ്രങ്ങള്‍ക്കെതിരേയുള്ള അതിശക്തമായ മുന്നറിയിപ്പാണ് അതുള്ളടക്കുന്നത്.

കുറുവടിയെക്കാളും മഴുത്തായയെക്കാളും എത്രയോ ശക്തമായ ആയുധമാണു വോട്ട്. ജനാധിപത്യ സംവിധാനത്തില്‍ ജനവിരുദ്ധരായ അധികാരികള്‍ക്കെതിരേയുള്ള ഏറ്റവും ഭീഷണമായ ആയുധം. അതിനു ശരവ്യമാകാതിരിക്കാനാണു രാഷ്ട്രീയ നേതാക്കള്‍ കരുതലെടുക്കേണ്ടത്.

ഡോ.കുര്യകോസ് കുമ്പളക്കുഴി

(കടപ്പാട്: ദീപിക)


Related Articles »