India - 2025

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മാത്രമേ നോവേനകള്‍ക്കും മറ്റ് പ്രാര്‍ത്ഥനകള്‍ക്കുമുള്ള പരിഗണന കൊടുക്കാന്‍ പാടുള്ളു: മാര്‍ ജോസ് പൊരുന്നേടം.

സ്വന്തം ലേഖകന്‍ 08-05-2016 - Sunday

മാനന്തവാടി: കത്തോലിക്കാ വിശ്വാസ ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മാത്രമേ നൊവേനകള്‍ക്കും മറ്റ് പ്രാര്‍ത്ഥനകള്‍ക്കും പരിഗണന കൊടുക്കാന്‍ പാടുകയുള്ളൂയെന്ന് മാനന്തവാടി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസ് പെരുന്നേടം വിശ്വാസികളെ ഉത്ബോദിപ്പിച്ചു. മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളില്‍ ഇന്ന്‍ വായിച്ച ഇടയലേഖനത്തിലാണ് ജോസ് പൊരുന്നേടം പിതാവ് വിശ്വാസികള്‍ക്ക് മുന്നില്‍ പ്രസ്തുത നിര്‍ദേശം നല്കിയത്.

"നമ്മുടെ കര്‍ത്താവിന്‍റെ കാഴ്ചപ്പാടുകള്‍ സ്വീകരിച്ചതു കൊണ്ടാണ് വിശുദ്ധര്‍ക്ക് ജീവിതത്തിലെ പ്രയാസങ്ങളെയും രോഗങ്ങളേയും മറ്റും തരണം ചെയ്യാന്‍ സാധിച്ചത്. അതിനവര്‍ ഊര്‍ജ്ജം സംഭരിച്ചത് പരിശുദ്ധ കുര്‍ബാനയില്‍ നിന്നാണ്. അത് തന്നെയാണ് നമ്മളും ചെയ്യേണ്ടത്" പിതാവ് ആഹ്വാനം ചെയ്‌തു. രൂപതയിലെ വിവിധ ഇടവകകളില്‍ ചൊല്ലുന്ന നൊവേനകള്‍ക്ക് ഐക്യരൂപം ഇല്ലാത്തതിനാല്‍ എല്ലാ നൊവേനകളും ആവശ്യമായ മാറ്റങ്ങളോടെ ഏകീകരിച്ച് ഒറ്റപുസ്തകമായി പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങള്‍ നടന്ന്‍ വരികയാണെന്നും പിതാവ് ലേഖനത്തില്‍ പറയുന്നുണ്ട്.

ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം

കര്‍ത്താവിനാല്‍ സ്നേഹിക്കപ്പെട്ട പ്രിയ സഹോദരീ സഹോദരന്മാരേ,

നോവേനകള്‍ നമ്മുടെ അനുദിന വിശ്വാസത്തിന്‍റെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ടല്ലോ. നമ്മുടെ എല്ലാ ഇടവകകളിലും തന്നെ വിവിധ വിശുദ്ധരേയും ഉണ്ണിയീശോയെയും വിശുദ്ധ കുരിശിനെയും അനുസ്മരിച്ച് നോവേനകള്‍ ചൊല്ലി നമ്മള്‍ ദൈവത്തോട് അപേക്ഷിക്കാറുണ്ട്. നമുക്ക് മുമ്പേ വിശ്വാസം വീരോചിതമായി ജീവിച്ച് കടന്ന്‍ ദൈവസന്നിധിയില്‍ ആയിരിക്കുന്നവരാണ് വിശുദ്ധര്‍. അവരില്‍ ചിലരെ പ്രത്യേകമായി നമ്മുടെ മാതൃകയായി സഭ പ്രഖ്യാപിക്കുന്നു. അവരെ അനുകരിച്ച് നമ്മളും അതുപോലെ വിശുദ്ധരാകാന്‍ വേണ്ടിയാണത്. അതുപോലെ മാദ്ധ്യസ്ഥം തേടി ദൈവത്തില്‍ നിന്ന്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാനുള്ള സഹായികളുമാണവര്‍.

ഉണ്ണിയീശോയുടെ നോവേനയില്‍ നമ്മള്‍ ചെയ്യുന്നത് നമ്മുടെ നാഥനും രക്ഷകനുമായ ഈശോയുടെ ബാല്യത്തിലെ എളിമയുടെയും ലാളിത്യത്തിന്‍റേയും മാതാപിതാക്കളോടുള്ള വിധേയത്വത്തിന്‍റേയും എല്ലാം മാതൃക അനുസരിക്കാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കുകയാണ്. വിശുദ്ധ കുരിശിന്‍റെ കാര്യത്തിലാകട്ടെ അവിടുന്ന്‍ പിതാവിന്‍റെ കല്‍പനകള്‍ അനുസരിച്ച് ആ പിതാവിന്‍റെ സ്നേഹത്തില്‍ നിലനിന്നതുപോലെ നമ്മള്‍ക്കും ദൈവം നമുക്ക് തരുന്ന ജീവിത സാഹചര്യങ്ങളെ പൂര്‍ണ്ണ അനുസരണത്തോടെ ജീവിക്കാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കുകയാണ്.

വിശുദ്ധര്‍ നമ്മേപ്പോലെ തന്നെ ഏതെങ്കിലും കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് മരിച്ചവരാണ്. അവര്‍ ദൈവസന്നിധിയില്‍ ആയിരിക്കുമ്പോഴും ദൈവസമാനരല്ല. അതുകൊണ്ട് തന്നെ ദൈവത്തിന് മാത്രം അവകാശപ്പെട്ട ആരാധന ഒരിക്കലും നമ്മള്‍ വിശുദ്ധര്‍ക്ക് കൊടുക്കാറില്ല. ഒരുപക്ഷേ അറിവില്ലായ്മ കൊണ്ട് അങ്ങനെയൊക്കെ ചെയ്യുന്നവരുണ്ടാകാം. വിശുദ്ധരെ നമ്മള്‍ നമ്മുടെ മാതൃകകളായി വണങ്ങുകയും അവരുടെ മാദ്ധ്യസ്ഥം തേടുകയും മാത്രമാണ് ചെയ്യുന്നത്. അവരുടെ മാദ്ധ്യസ്ഥം തേടുക എന്ന്‍ പറഞ്ഞാല്‍ നമുക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കണമേ എന്ന്‍ പറയുന്നു എന്നാണര്‍ത്ഥം.

ദൈവിക ജീവനില്‍ പങ്കുകാരായ അവരുടെ പ്രാര്‍ത്ഥനകള്‍ കൂടുതല്‍ സ്വീകാര്യമാകുന്നു. കാരണം ദൈവത്തോടൊത്തായിരിക്കുന്ന അവര്‍ മാനുഷികമായ എല്ലാ കുറവുകളില്‍ നിന്നും വിമുക്തരാണ്. മറ്റു വാക്കുകളില്‍ അവരും ദൈവത്തേപ്പോലെ വിശുദ്ധി പ്രാപിച്ചവരാണ്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വിശുദ്ധരല്ല പ്രത്യുത ദൈവമാണ്. ദൈവത്തെ സംബന്ധിച്ച് അവ അത്ഭുതങ്ങളല്ല. അവ നമുക്കാണ് അത്ഭുതങ്ങളായി അനുഭവപ്പെടുന്നത്.

നൊവേന പ്രാര്‍ത്ഥനകള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവയ്ക്കിടയ്ക്ക് ഐക്യരൂപമില്ല എന്നതൊരു വസ്തുതയാണ്. അതിന്‍റെ കാരണം സഭയില്‍ നിന്ന്‍ അങ്ങനെ ഔദ്യോഗികമായി അവ തയ്യാറാക്കിയിട്ടില്ല എന്നതാണ്. അതുകൊണ്ട് ഒരേ രൂപതയില്‍ തന്നെ വിവിധ ഇടവകകളില്‍ ഒരേ വിശുദ്ധന് അല്ലെങ്കില്‍ ഒരേ വിശുദ്ധയോടുള്ള നൊവേന തന്നെ പല രീതിയിലാണ് ചൊല്ലുന്നത്. നമ്മുടെ രൂപതയിലും സ്ഥിതി വ്യത്യസ്തമല്ല. അതിന്‍റെ കാരണം എതെങ്കിലുമൊക്കെ വ്യക്തികള്‍ അവരുടെ അഭിരുചിക്കനുസരിച്ച് പ്രാര്‍ത്ഥനകള്‍ രചിച്ച് ഉപയോഗത്തിലാക്കി എന്നതാണ്. ഇത് അഭിലഷണീയമായ പ്രവണതയല്ല എന്ന്‍ പറയേണ്ടതില്ലല്ലോ.

വിശ്വാസസംബന്ധമായ അബദ്ധങ്ങളില്‍ പെടാന്‍ ഇവ ചിലപ്പോഴെങ്കിലും കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ രൂപതയില്‍ ഉപയോഗത്തിലിരിക്കുന്ന നോവേനകള്‍ എല്ലാം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ ഏകീകരിച്ച് ഒറ്റപുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. അതിന്‍റെ ഉത്തരവാദിത്വം നമ്മുടെ രൂപതയിലെ ആരാധനക്രമ കമ്മീഷനെയാണ് ഏല്‍പ്പിച്ചത്. ഏതാണ്ട് രണ്ട് വര്‍ഷം നീണ്ടുനിന്ന പഠനത്തിന്‍റെയും പരിശ്രമത്തിന്‍റെയും ഫലമായി കമ്മീഷന്‍റെ ജോലി ഇപ്പോള്‍ ഫലപ്രാപ്തിയില്‍ എത്തിയിരിക്കുകയാണ്. കമ്മീഷന് നേതൃത്വം കൊടുക്കുന്ന ബഹുമാനപ്പെട്ട ജില്‍സണ്‍ കോക്കണ്ടത്തില്‍ അച്ചനും മറ്റ് അംഗങ്ങളും ചേര്‍ന്ന്‍ അത്യദ്ധ്വാനം ചെയ്താണ് ആ കൃത്യം പൂര്‍ത്തിയാക്കിയത്.

അവരുടെ പരിശ്രമത്തിന്‍റെ ഫലം ഇപ്പോള്‍ നമ്മുടെ ഉപയോഗത്തിനായി നോവേനകളും പ്രാര്‍ത്ഥനകളും എന്ന പേരില്‍ പ്രസിദ്ധം ചെയ്യുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ബഹു. ജില്‍സണ്‍ അച്ഛനേയും കമ്മീഷന്‍ അംഗങ്ങളേയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. അവരുടെ ആ ഉദ്യമം നമ്മുടെ ആത്മീയ ഉത്കര്‍ഷത്തിന് കാരണമാകട്ടെ. നൊവേനകളോടൊപ്പം വിശ്വാസജീവിതത്തിന് ഉപകാരപ്രദമാകുന്ന മറ്റ് ഏതാനും പ്രാര്‍ത്ഥനകളും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

എല്ലാ നോവേനകളും എല്ലാ ഇടവകകളിലും ഉപയോഗിക്കുന്നുണ്ടാവുകയില്ല എന്നത് വസ്തുതയാണ്. എങ്കിലും എല്ലാ നോവേനകളും ഉള്‍ക്കൊള്ളുന്ന ഈ പുസ്തകത്തിന്‍റെ ഒരു പ്രതിയെങ്കിലും എല്ലാ ഇടവകകളിലും ഉണ്ടാകുന്നത് നല്ലതാണ്. ജനങ്ങളുടെ ഉപയോഗത്തിന് ആവശ്യാനുസരണം ഓരോ നൊവേനയും വെവ്വേറെ തയ്യാറാക്കി കമ്മീഷന്‍ തന്നെ തരുന്നതാണ്. ആവശ്യമായ പ്രതികളുടെ എണ്ണം അറിയിച്ചാല്‍ മതി. അതിനുള്ള അറിയിപ്പ് ബഹു. വികാരിയച്ചന്‍മാരുടെ കയ്യില്‍ ഇതിനോടകം എത്തിക്കാണും എന്ന്‍ വിശ്വസിക്കുന്നു.

2016 ഡിസംബര്‍ 1 മുതല്‍ ഇപ്പോള്‍ പ്രസാധനം ചെയ്യുന്ന നോവേനകളും പ്രാര്‍ത്ഥനകളും എന്ന ഈ പുസ്തകത്തിലേതു പോലെയാണ് നമ്മുടെ ഇടവകയില്‍ ചൊല്ലേണ്ടത്. ആരംഭത്തില്‍ കുറെയെല്ലാം പ്രയാസം ഉണ്ടാകാം. നമ്മള്‍ ഇതുവരെ ശീലിച്ച് പോന്നതില്‍ നിന്ന്‍ വ്യത്യസ്തമായ ഒന്ന്‍ ചൊല്ലാന്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രയാസമായി അതിനെ കണ്ടാല്‍ മതി. കാലക്രമത്തില്‍ ഇതും നമുക്ക് ശീലമാകും.

കത്തോലിക്കാ വിശ്വാസ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു വിശുദ്ധ കുര്‍ബാനയാണ്. അതുകൊണ്ട് വിശുദ്ധ കുര്‍ബനയ്ക്കുള്ള പ്രാധാന്യം ഒരിക്കലും കുറഞ്ഞു പോകരുത്. നോവേനകള്‍ക്കും മറ്റ് ഭക്താഭ്യാസങ്ങള്‍ക്കും അതിന് ശേഷമേ സ്ഥാനമുള്ളൂ. അതുപോലെ ത്രിത്വൈക ദൈവത്തിനാണ് നാം ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളായ പിതാവും പുത്രനും പരിശുദ്ധാത്മാവും കഴിഞ്ഞേ വിശുദ്ധര്‍ക്ക് സ്ഥാനമുള്ളൂ എന്ന കാര്യവും നമ്മള്‍ വിസ്മരിക്കാതിരിക്കണം. നമ്മുടെ കര്‍ത്താവിന്‍റെ കാഴ്ചപ്പാടുകള്‍ സ്വീകരിച്ചതു കൊണ്ടാണ് വിശുദ്ധര്‍ക്ക് ജീവിതത്തിലെ പ്രയാസങ്ങളെയും രോഗങ്ങളേയും മറ്റും തരണം ചെയ്യാന്‍ സാധിച്ചത്. അതിനവര്‍ ഊര്‍ജ്ജം സംഭരിച്ചത് പരിശുദ്ധ കുര്‍ബാനയില്‍ നിന്നാണ്.

അത് തന്നെയാണ് നമ്മളും ചെയ്യേണ്ടത്. അവിടുത്തെ മനോഭാവം സ്വീകരിച്ചാല്‍ പല രോഗങ്ങളും വരതെയിരിക്കുകയും വന്നവ തന്നെ ഭേദമാക്കയും ചെയ്യും എന്നത് സത്യമാണ്. കാരണം രോഗങ്ങളില്‍ നല്ല പങ്കും നമ്മുടെ മാനസിക വ്യാപാരങ്ങളുമായി ബന്ധപ്പെട്ടവയാണ്. പരസ്പരം തെറ്റുകള്‍ ക്ഷമിക്കാനും വാശിയും, വൈരാഗ്യവും വിദ്വേഷവും അസൂയയും സ്പര്‍ദ്ധയും എല്ലാം നമ്മുടെ ഹൃദയങ്ങളില്‍ നിന്നും‍ ഒഴിവാക്കുവാനും കഴിഞ്ഞാല്‍ നാം ഒരു പരിധിവരെയെങ്കിലും രോഗവിമുക്തരാകും. വിശുദ്ധരുടെ മാതൃകകള്‍ അതിനു നമുക്ക് പ്രചോദനമാകട്ടെ. കര്‍ത്താവിന്‍റെ കൃപ നിങ്ങളേവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

ജോസ് പൊരുന്നേടം

മാനന്തവാടി രൂപതയുടെ മെത്രാന്‍

(മാനന്തവാടി രൂപതാ കേന്ദ്രത്തില്‍ നിന്ന്‍ 2016 ഏപ്രില്‍ മാസം 20-ന് നല്‍കപ്പെട്ടത്‌)