India - 2025
ദൈവമഹത്വവും ജീവസംസ്‌ക്കാരവും തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടണം: കെസിബിസി പ്രൊ-ലൈഫ് സമിതി
അമല്‍ സാബു 09-05-2016 - Monday
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണിയുടേയോ പാര്‍ട്ടിയുടേയോ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിനു മുമ്പ്, സ്ഥാനാര്‍ത്ഥികളുടെ മുല്യബോധവും ദൈവവിശ്വാസവും വിലയിരുത്തപ്പെടണമെന്ന് കെസിബിസി പ്രൊലൈഫ് സമിതി.
സ്ഥാനാര്‍ത്ഥി ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ, വ്യക്തിജീവിതത്തില്‍ മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നിവയെല്ലാം വിലയിരുത്തപ്പെടണം. മനുഷ്യജീവന്റെ നിലനില്‍പ്പിന് അപകടകരായ ഭ്രൂണഹത്യ, ദയാവധം, ആത്മഹത്യ എന്നിവയ്‌ക്കെല്ലാമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. രാഷ്ട്രത്തിന്റെ ന•യ്ക്കായി കുട്ടികളെ സ്വീകരിച്ച് വളര്‍ത്തുവാന്‍ തയ്യാറാകുന്ന മാതാപിതാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുവാന്‍ കഴിയണം.
ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേക സംരക്ഷണപദ്ധതികള്‍ ആവിഷ്‌ക്കരിക്കുവാന്‍ തയ്യാറാകണം. വൃദ്ധര്‍, അഗതികള്‍ എന്നിവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ കഴിയണം. ജാതി, മത, വര്‍ഗ്ഗ, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി മുഴുവന്‍ മനുഷ്യരേയും സ്‌നേഹിക്കുവാനും ആദരിക്കുവാനും അംഗീകരിക്കുവാനും കഴിയുന്നവരാകണം തെരഞ്ഞെടുക്കപ്പെടേണ്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെസിബിസി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
മൂല്യബോധമുളളവരും സമൂഹത്തില്‍ മാതൃകാജീവിതം നയിക്കുന്നവരും, മദ്യപാനം, പുകവലി എന്നിവ ഇല്ലാത്തവരുമായ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുവാന്‍ പ്രൊലൈഫ് പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാബുജോസ്, അഡ്വ. ജോസി സേവ്യര്‍, യുഗേഷ് പുളിക്കന്‍, ജെയിംസ് ആഴ്ചങ്ങാടന്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
