News
നാം പ്രാര്‍ത്ഥിക്കുന്നവരായിരിക്കുവാന്‍ ഫാത്തിമയിലെ മാതാവ് ആവശ്യപ്പെടുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 12-05-2016 - Thursday
വത്തിക്കാന്‍: വീണ്ടും വീണ്ടും പ്രാര്‍ത്ഥനയും രൂപാന്തരവും അനുതാപവും നടത്തണമെന്നു നമ്മോടു ഫാത്തിമയിലെ മാതാവ് ആവശ്യപ്പെടുകയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മേയ് 13-നാണു ഫാത്തിമയിലെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണു ഫ്രാന്‍സിസ് മാര്‍പാപ്പ മാതാവിന്റെ മധ്യസ്ഥതയില്‍ നാം പ്രാര്‍ത്ഥന നടത്തി രൂപാന്തരവും അനുതാപവും പ്രാപിക്കേണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.
1917-ല്‍ ലോകം യുദ്ധത്തില്‍ കൊടുംപിരികൊണ്ടിരിക്കുമ്പോളാണു പോര്‍ച്ചുഗലില്‍ മൂന്നു ബാലന്‍മാര്‍ക്കു മാതാവ് പ്രത്യക്ഷപ്പെട്ടത്. സമാധാനത്തിനായി ലോകമെമ്പാടുമുള്ളവര്‍ പ്രാര്‍ത്ഥിക്കണമെന്ന സന്ദേശം ഈ മൂന്നു ബാലന്‍മാര്‍ക്കു മാതാവില്‍ നിന്നും ലഭിക്കുകയുണ്ടായി. ജപമാല ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തുന്ന കോടിക്കണക്കിനാളുകളുടെ തീര്‍ത്ഥാടന സ്ഥലമായി പിന്നീട് ഇവിടം രൂപാന്തരപ്പെട്ടു. ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയാലാണു താന്‍ മരണത്തിന്റെ പടിവാതിലില്‍ നിന്നും രക്ഷപെട്ടതെന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സാക്ഷ്യപ്പെടുത്തിയിരുന്നു.
1981-ല്‍ ഫാത്തിമയിലെ മാതാവിന്റെ തിരുനാള്‍ നടന്നുകൊണ്ടിരുന്ന അതെ ദിവസമാണു വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു വെടിയേറ്റത്. ഗുരുതര അവസ്ഥയിലായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. അപകടത്തില്‍ നിന്നും രക്ഷപെട്ട വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ തന്നെ വെടിവച്ചു വീഴ്ത്തിയ മുഹമ്മദ് അലിയോടു ക്ഷമിക്കുകയും ചെയ്തിരുന്നു.
ഫാത്തിമയിലെത്തിയ അദ്ദേഹം മാതാവിന്റെ സന്നിധിയില്‍ തന്റെ ശരീരത്തു തുളഞ്ഞുകയറിയ വെടിയുണ്ടയും സമര്‍പ്പിച്ചിരുന്നു. പിന്നീട് ഇതു മാതാവിന്റെ തിരുസ്വരൂപത്തിലൂള്ള കിരീടത്തില്‍ വച്ചു. 2000 മേയ് 13-നാണു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അവസാനമായി ഫാത്തിമയിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഫാത്തിമയിലെ മാതാവിന്റെ തിരുനാളില്‍ സംബന്ധിച്ചിരുന്നു.
