Social Media - 2025

നായ്ക്കംപറമ്പിലച്ചനെ സ്നേഹിക്കുന്നവര്‍ക്കായി..!

പ്രവാചക ശബ്ദം 18-01-2021 - Monday

കരിസ്മാറ്റിക്‌ നവീകരണ രംഗത്തെ സൂര്യ തേജസ്സായ നായ്ക്കംപറമ്പിലച്ചന്‍റെ പ്രഭ കെടുത്താന്‍ പിശാചില്‍നിന്ന്‌ തീട്ടൂരംവാങ്ങി പുറപ്പെട്ടിരിക്കുന്ന സഭയ്കകത്തും പുറത്തുമുള്ള നിരീശ്വരക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളലുകളെ സത്യവിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്‌. മൂന്നു ദശാബ്ദങ്ങളായി ക്രിസ്തീയ ആദ്ധ്യാത്മികതയ്ക്‌ വചനാധിഷ്ഠിത ദിശാബോധം നല്കിവരുന്ന ഒരു പ്രവാചകനെ അവിവേകി എന്നു മുദ്രകുത്തി പ്രസ്തുത ആത്മീയതയുടെ അടിത്തറയിളക്കാമെന്നത്‌ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മുനയൊടിഞ്ഞ കുന്തമായ ഓണ്‍ലൈന്‍ തെറിപറച്ചില്‍ മാധ്യമങ്ങളുടെ വ്യാമോഹം മാത്രമാണ്‌.

നായ്ക്കംപറമ്പിലച്ചനിലൂടെ മത ഭാഷാ ദേശ വ്യത്യാസമില്ലാതെ ലോകത്തിനു കൈവന്ന എണ്ണിയാലൊടുങ്ങാത്ത നന്മകളിലേതെങ്കിലുമൊന്ന്‌ വാര്‍ത്തയാക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്തിട്ടുള്ളവരല്ല അദ്ദേഹത്തിനു സംഭവിച്ച അബദ്ധത്തെ ആഘോഷമാക്കുന്നത്‌, പിന്നെയോ അച്ചന്റെ നന്മകളെപ്പോലും വിമര്‍ശിക്കുന്നവരും ഈ വിവാദം വരെയും അദ്ദേഹത്തെ കേട്ടിട്ടുപോലുമില്ലാത്തവരുമാണ്‌. വിവാദവില്ലനക്കാര്‍ക്ക്‌ കളംനിറഞ്ഞാടാന്‍ അവസരം കൊടുക്കുന്ന നിസംഗതെയയാണ്‌ നാം കൂടുതല്‍ ഭയക്കണ്ടത്‌, ആബേലച്ചന്‍ കുരിശിന്റെ വഴിയില്‍ പറയുന്നതുപോലെ അവിടുത്തെ അത്ഭുത പ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോള്‍

എവിടെ, ഓശാന പാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു.

അച്ചനിലൂടെ വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും ലഭിച്ച അനുഗ്രഹങ്ങളുടെ സാക്ഷ്യപ്പെരുമഴയില്‍ ഒലിച്ചുപോകാനുള്ളതേയുള്ളൂ ഇപ്പോഴത്തെ ഈ കോലാഹലങ്ങള്‍. അതിനു ശേഷവും അച്ചനെ ഇതുവരെ കേള്‍ക്കാത്ത ലോകത്തും അദ്ദേഹത്തിലൂടെ ലഭിച്ച നന്മകള്‍ ചര്‍ച്ചചെയ്യപ്പെടുക തന്നെ ചെയ്യും. അമേരിക്കന്‍ സന്ദര്‍ശനത്തെ അവിടുത്തെ മുഖ്യധാരാ ദിനപ്പത്രം 'ബില്ലി ഗ്രഹാം ഓഫ്‌ ഇന്ത്യ എന്നു റിപ്പോര്‍ട്ട്‌ ചെയ്യട്ടെ അച്ചനെ ഇവിടുത്തെ കിണറ്റിലെ തവളകള്‍ പിശാചിന്റെ ദൂതന്‍ എന്നു വിശേഷിപ്പിക്കുന്നത്. പ്രവാചകന്‍ സ്വന്തം ദേശത്തല്ലാതെ മറ്റെങ്ങും അവഗണിക്കപ്പെടുന്നില്ല എന്ന തിരുവെഴുത്തിന്‍റെ പൂര്‍ത്തീകരണമെന്നല്ലാതെ എന്തുപറയാന്‍.

നായ്ക്കംപറമ്പിലച്ചനെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി മാത്രവും അദ്ദേഹം വഴി ലഭിച്ച അനുഗ്രഹങ്ങളുടെ സാക്ഷ്യങ്ങളിലൂടെ ഈ പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹത്തെ ബലപ്പെടുത്തണം എന്ന ഉദ്ദേശത്തോടും മാത്രമുള്ളതാണീ കുറിപ്പ്‌, അച്ചന്റെ

സഹചാരിയും നിത്യതയിലിരിക്കുന്നയാളുമായ അഡ്വ. എ. എം. മാത്യുവിന്റെ ഒരനുഭവം നമ്മെ അതിശതയിപ്പിക്കും. ഒരു പാശ്ചാത്യ രാജ്യത്ത്‌ അതിശൈത്യകാലത്ത്‌ രാത്രി വൈകി കണ്‍വെന്‍ഷനും കഴിഞ്ഞ്‌ അവരവരുടെ മുറികളിലേക്കു പിരിഞ്ഞതിനുശേഷം കുടിക്കാൻ

ചൂടുവെള്ളം കരുതാതിരുന്നതിനാല്‍ അതുകിട്ടുമോ എന്നറിയാന്‍ അച്ചനെ സമീപിച്ച എ. എം മാത്യു കണ്ടകാഴ്ച മുട്ടുകുത്തി കരങ്ങള്‍ വിരിച്ച്‌ കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന അച്ചനെയാണ്‌, പ്രാര്‍ത്ഥിക്കുന്നതാവട്ടെ പ്രസംഗത്തില്‍ അറിഞ്ഞോ അറിയാതെയോ വന്നുപോയ പാളിച്ചകള്‍ ക്ഷമിക്കണേ എന്ന്‌.

ഇനി വിധിക്കൂ ഈ അച്ചനെ,ആരെയെങ്കിലും ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം ആ സാധുമനുഷ്യനുണ്ടോ?. ദൈവത്തോട്‌ മാത്രമല്ല പാളിച്ച സംഭവിച്ചാല്‍ മനുഷ്യരോടും മാപ്പുചോദിക്കാന്‍ പാകപ്പെട്ടതാണാ മനസ്സെന്ന്‌ വിവാദകാരണമായ പ്രസംഗകാര്യത്തില്‍ അദ്ദേഹം തെളിയിച്ചതല്ലേ. സിസ്റ്റര്‍ അഭയ വിഷയത്തില്‍ ഒരു കൃത്രിമ പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ മാധ്യമവിചാരകര്‍ക്കു കഴിഞ്ഞതുപോലെ നായ്ക്കംപറമ്പിലച്ചനെക്കുറിച്ചും അതുവഴി അനേകര്‍ക്ക്‌ ആശ്വസവും സമാധാനവും സഖ്യവും ആത്മീയ ഉണര്‍വ്വും പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനുള്ള ശക്തിയും നല്‍കുന്ന ഒരു സംരംഭത്തിനെതിരെയും ഒരു പൊതുബോധം രൂപപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങള്‍

കണ്ടില്ലെന്നു നടിക്കുന്നത്‌ ആത്മഹത്യാപരമല്ലേ.

"സത്യം ക്രസ്തുവിനു പുറത്താണെങ്കില്‍ സത്യത്തോടൊപ്പമല്ല ക്രസ്തുവിനോടൊപ്പം നില്‍ക്കാനാണ്‌ ഞാനിഷ്ടപ്പെടുന്നത്‌" എന്നുപറഞ്ഞ ദസ്തയേവ്സ്കിയെപ്പോലെ ലോകം മുഴുവന്‍ അവമമതിക്കുമ്പോഴും നായ്ക്കംപറമ്പിലച്ചനോടൊപ്പം നില്‍ക്കാനാണെനിക്കിഷ്ടം. കാരണം അദ്ദേഹം പറയുന്നത്‌ നിത്യജീവന്‍റെ വചസുകളാണല്ലോ.

ഫാ. ജേക്കബ് കാട്ടിപറമ്പില്‍


Related Articles »