News - 2025

വനിതകളുടെ പൗരോഹിത്യം: വത്തിക്കാന്‍ ഔദ്യോഗിക വക്താക്കളുമായി പുറത്താക്കപ്പെട്ട വനിത പുരോഹിതര്‍ ചര്‍ച്ച നടത്തി

സ്വന്തം ലേഖകന്‍ 02-06-2016 - Thursday

വത്തിക്കാന്‍: വനിതകള്‍ക്കും പൗരോഹിത്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ക്യാമ്പയിന്‍ റോമില്‍ നടത്തുവാന്‍ അനുവാദം ലഭിച്ചു. ഇതിന്റെ ഭാഗമായി പുരോഹിതരായി ഉയര്‍ത്തപ്പെട്ട ഒരു സംഘം വനിതകള്‍ റോമില്‍ എത്തിയിട്ടുണ്ട്. ഇവരുമായി വത്തിക്കാന്റെ ഔദ്യോഗിക പ്രതിനിധി അപ്രതീക്ഷിതമായി ചര്‍ച്ചകള്‍ നടത്തി. പുരോഹിതരായി സ്ത്രീകളും ഉയര്‍ത്തപ്പെട്ടതിന്റെ 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണു ക്യാമ്പയിന്‍ സംഘടിപ്പിക്കപ്പെടുന്നത്. 150-ല്‍ അധികം വനിതകള്‍ക്ക് കത്തോലിക്ക സഭയില്‍ പൗരോഹിത്യം ലഭിച്ചിട്ടുണ്ട്. ഇവരെ സഭയില്‍ നിന്നും ഇക്കാരണത്താല്‍ തന്നെ പുറത്താക്കിയിട്ടുമുണ്ട്. സഭയിലേക്ക് തങ്ങളെ മടക്കി എടുക്കണമെന്ന ഇവരുടെ ആവശ്യവും ചര്‍ച്ചകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2002-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വനിതകള്‍ക്ക് പൗരോഹിത്യം നല്‍കരുതെന്നു കല്‍പ്പന പുറപ്പെടുവിച്ചിരുന്നു. ഇതിനെ മറികടന്നു സഭയിലെ ചില പുരോഹിതര്‍ വനിതകള്‍ക്കും പൗരോഹിത്യം നല്‍കി. ഇവരെല്ലാം സഭയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്.

വനിതകളുടെ പൗരോഹിത്യം കത്തോലിക്ക സഭയില്‍ അംഗീകരിച്ചു നല്‍കിയിട്ടില്ല. വിശ്വാസപരമായ കാരണങ്ങളാലാണിത്.വനിതകളെ തന്റെ ശിഷ്യന്‍മാരായി യേശു ക്രിസ്തു സ്വീകരിച്ചതായി ബൈബിള്‍ പഠിപ്പിക്കുന്നില്ല. വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങള്‍ ആക്കി മാറ്റുന്ന സമയത്ത് വൈദികന്‍ ക്രിസ്തുവിനെ പോലെ തന്നെ ആകുന്നുവെന്നും സഭ പഠിപ്പിക്കുന്നു.'പേഴ്‌സോണ ക്രിസ്റ്റി' എന്ന വാക്കിനാലാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ലിംഗപരമായ വ്യത്യാസം മൂലം വനിതകള്‍ക്ക് ഇതിനു സാധിക്കില്ല. ഇതിന്റെ അടിസ്ഥാനത്തിലാണു വനിതകള്‍ക്ക് പൗരോഹിത്യ പദവി സഭ നല്‍കാതിരിക്കുന്നത്.

ഐറിഷ് വൈദികനായിരുന്ന ടോണി ഫ്‌ളെനറി പേഴ്‌സോണ ക്രിസ്റ്റി എന്ന അവസ്ഥ വെറും സാങ്കല്‍പ്പികമാണെന്നും വനിതകള്‍ക്കും ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കുമെന്നും വാദിച്ചിരുന്നു. വനിതകളെ പുരോഹിതരായി ഉയര്‍ത്തുന്നതിനോട് അനുകൂലമായി പ്രതികരിച്ചിരുന്ന അദ്ദേഹത്തിന്റെ പഠിപ്പിക്കലുകള്‍ സഭയുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഇതിനാല്‍ അദേഹത്തെ വൈദിക പദവിയില്‍ നിന്നും സഭ നീക്കം ചെയ്തു. റോമില്‍ പ്രവര്‍ത്തിക്കുന്ന സഭയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ദൈവശാസ്ത്ര പണ്ഡിതയായ ഡോക്ടര്‍ മരിനീല പെറോണിയുടെ വനിത പൗരോഹിത്യ വിഷയത്തിലെ അഭിപ്രായം ഇങ്ങനെയാണ്. "വനിതകള്‍ക്ക് പൗരോഹിത്യം ലഭിക്കുമ്പോള്‍ സഭയുടെ ഐക്യമാണു നഷ്ടമാകുന്നത്. കാരണം പുരുഷനും സ്ത്രീക്കും രണ്ടു വേഗതകളാണു ദൈവം നല്‍കിയിട്ടുള്ളത്. ഇതിനാല്‍ തന്നെ താളപിഴകള്‍ സഭയുടെ പ്രവര്‍ത്തനത്തില്‍ സംഭവിക്കും". പെറോണി പറയുന്നു.

വനിതകള്‍ക്കു ഡീക്കന്‍ പദവി നല്‍കുന്നതിനെ കുറിച്ച് പഠിക്കുവാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാം എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. പരിശുദ്ധ പിതാവിന്റെ പുതിയ പ്രഖ്യാപനത്തെ വനിതകളായ പുരോഹിതര്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. തങ്ങള്‍ക്ക് സഭയിലേക്ക് മടങ്ങിയെത്തുവാന്‍ ഇതിനാല്‍ സാധിക്കുമെന്നും ഇവര്‍ പ്രത്യാശിക്കുന്നു. വെള്ളിയാഴ്ച വൈദികരുടെ ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വരുമ്പോള്‍ അവിടേക്ക് പ്രവേശിക്കുവാന്‍ ക്യാമ്പയിനില്‍ പങ്കെടുക്കുന്ന വനിതകളെ അനുവദിച്ചിട്ടുമുണ്ട്. കേറ്റ് മാക്എല്‍വി എന്ന ആദ്യത്തെ പുരോഹിതയായ വനിതയുടെ നേതൃത്വത്തിലാണു ക്യാമ്പയിന്‍ നടത്തുന്നത്.


Related Articles »