Seasonal Reflections - 2025
ജോസഫ്: ദൈവത്തിലേക്ക് അടുപ്പിക്കുന്ന നീതിയുടെ കവചം ധരിച്ചവൻ
പ്രവാചകശബ്ദം 25-09-2021 - Saturday
സ്വിറ്റ്സർലൻഡും ജർമ്മനിയും സ്വിറ്റ്സർലൻഡിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ നിക്കോളാസ് ഓഫ് ഫ്ലീ (1417-1487) അല്ലങ്കിൽ ബ്രദർ ക്ലോസിൻ്റെ തിരുനാൾ സെപ്റ്റംബർ 25നു ആഘോഷിക്കുന്നു. കർഷകനായും സൈനികനായും ജോലി ചെയ്ത് ക്ലോസ് വിവാഹിതനും പത്ത് കുട്ടികളുടെ പിതാവായിരുന്നു. അമ്പതാം വയസ്സിൽ 1467ൽ ക്ലോസ് തന്റെ കുടുംബവും സ്വത്തുക്കളും ഉപേക്ഷിച്ച് സന്യാസിയായി. ബ്രദർ ക്ലോസിൻ്റെ ഒരു പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.
എന്റെ കർത്താവേ, എന്റെ ദൈവമേ, നിന്നിൽ നിന്ന് എന്നെ അകറ്റുന്ന എല്ലാം എന്നിൽ നിന്ന് എടുത്തുമാറ്റുക. എന്റെ കർത്താവേ, എന്റെ ദൈവമേ, എന്നെ നിന്നിലേക്കു അടുപ്പിക്കുന്നതെല്ലാം എനിക്ക് തരിക. എന്റെ കർത്താവേ, എന്റെ ദൈവമേ, എന്നെ എന്നിൽ നിന്ന് അകറ്റിക്കളയുകയും നിനക്ക് പൂർണ്ണമായി നൽകുകയും ചെയ്യണമേ.
യൗസേപ്പിതാവിൻ്റെ ആത്മചൈതന്യം ഈ പ്രാർത്ഥനയിലുണ്ട്. ദൈവത്തിൽ നിന്നു തന്നെ അകറ്റുന്ന എല്ലാ സാഹചര്യങ്ങളും ചിന്തകളും പ്രവർത്തികളും നിശബ്ദനായ യൗസേപ്പിതാവ് ഉപേക്ഷിച്ചിരുന്നു. ദൈവത്തിലേക്ക് അടുപ്പിക്കുന്ന നീതിയുടെ കവചം അവൻ ജിവിതത്തിൽ അണിഞ്ഞിരുന്നു. സ്വർത്ഥതയുടെ പുറമോടികൾ പൊട്ടിച്ചെറിഞ്ഞ് ദൈവഹിതത്തിനു പൂർണ്ണമായി നൽകാൻ ആ നല്ല പിതാവ് എന്നും സന്നദ്ധനായിരുന്നു. യൗസേപ്പിതാവിനെപ്പോലെ എളിമയും നിശബ്ദതയും ബ്രദർ ക്ലോസിൻ്റെയും മുഖമുദ്രയായിരുന്നു. ഈ രണ്ടു ഗുണങ്ങളാൽ സ്വിറ്റ്സർലൻഡിലെ കാൻ്റോണുകൾ തമ്മിലുള്ള യുദ്ധം 1481 ൽ പരിഹരിക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. ലോക സമാധാനവും സുരക്ഷയും ഏറ്റവും ആവശ്യമായിരിക്കുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെയും വിശുദ്ധ നിക്കോളാസിൻ്റെയും മാതൃക നമ്മളെ സഹായിക്കട്ടെ.