Wednesday Mirror
പോളിയോ ബാധിച്ച ഗൗതത്തെ പൈലറ്റാക്കി മാറ്റിയ ദൈവീക പദ്ധതി നിറവേറിയത് മദര്‍തെരേസയിലൂടെ.
സ്വന്തം ലേഖകന്‍ 28-06-2016 - Tuesday
കൊല്‍ക്കത്ത: പോളിയോ ബാധിച്ച് ഒരു അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്ന ഗൗതം ലെവിസ്. എന്നാല്‍ പാവങ്ങളുടെ അമ്മ ഗൗതത്തെ കണ്ടെത്തിയപ്പോള്‍ അവന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. നടക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന ഗൗതം ഇന്ന് സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വിമാനം പറത്തുവാന്‍ പഠിപ്പിക്കുന്ന ജോലി ചെയ്യുന്നു. തന്റെ ജീവിതത്തെ മാറ്റി മറിച്ച അമ്മ ഉടന്‍ വിശുദ്ധയാകുവാന്‍ പോകുകയാണെന്ന വാര്‍ത്ത, അവരുടെ കാരുണ്യം ഏറ്റുവാങ്ങിയ ലക്ഷങ്ങളെ പോലെ തന്നെ ഗൗതമിനും സന്തോഷം നല്‍കുന്നു. കൊല്‍ക്കത്തയില്‍ മദര്‍തെരേസ ആരംഭിച്ച ശിശുഭവനത്തിനു സമീപം ഗൗതം ഒരു ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ്. ഉയരങ്ങള്‍ കീഴ്‌പ്പെടുത്തുവാന്‍ തന്റെ ജീവിതത്തിനു, ആവശ്യമായ കരുതലും സ്‌നേഹവും ദൈവം മദറിലൂടെ നല്‍കിയതിനെ ഓര്‍മ്മിക്കുന്നതിനായിട്ടാണ് ഇത്.
മൂന്നു വയസുള്ളപ്പോഴാണ് പോളിയോ ബാധിച്ച ഗൗതത്തെ മദര്‍തെരേസ തന്റെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ആ കാലഘട്ടത്തില്‍ പോളിയോ ബാധിച്ചവര്‍ക്ക് നടക്കുന്നതിനായി ഇന്നത്തെ പോലെ മികച്ച ക്രച്ചസുകള്‍ ലഭ്യമല്ലായിരുന്നു. കുഞ്ഞ് ഗൗതം ഏറെ നേരവും നിലത്തുകൂടി ഇഴഞ്ഞാണ് നടന്നിരുന്നത്. തറയില്‍ നിന്നും മുകളിലേക്ക് നോക്കുമ്പോള്‍ തനിക്ക് ചുറ്റുമുള്ള എല്ലാവര്‍ക്കും തന്നെക്കാര്‍ ഉയരം തോനിയിരുന്നതായി ഗൗതം പറയുന്നു. എന്നാല്‍ മദര്‍തെരേസയ്ക്ക് അത്ര ഉയരും ഇല്ലായിരുന്നതായി ഗൗതം ഓര്‍ക്കുന്നു.
പോളിയോ ബാധിച്ച തന്നെ സ്വന്തം അമ്മ വളര്‍ത്തുവാന്‍ ബുദ്ധിമുട്ടായതിനാലാണ് അനാഥാലയത്തില്‍ ഏല്‍പ്പിച്ചത്. മൂന്നു വയസു മുതല്‍ ഏഴു വയസുവരെ ഗൗതമിനെ നോക്കിയതും പരിചരിച്ചതുമെല്ലാം മദര്‍തെരേസയായിരുന്നു. തറയില്‍ ഇഴഞ്ഞു നീങ്ങിയ തന്റെ ദിവസങ്ങള്‍ക്ക് മാറ്റം വന്നത് ബ്രിട്ടീഷുകാരിയായ ഒരു വനിത മദറിന്റെ അനാഥാലയത്തിലേക്ക് വന്നതുകൊണ്ടാണ്. ഡോ. പെട്രീഷിയ ലെവിസ് എന്ന വനിത ന്യൂക്ലിയാര്‍ ഫിസിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ലോ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം സമ്പാദിച്ച വ്യക്തിയായിരുന്നു. അവര്‍ കൊല്‍ക്കത്തയിലെ മദറിന്റെ ആശ്രമം സന്ദര്‍ശിക്കുവാനുള്ള അനുവാദം ചോദിച്ച് ആശ്രമത്തിലേക്ക് കത്ത് എഴുതി. ഇന്ത്യയിലേക്ക് വരുന്നതിനുള്ള നടപടി ക്രമങ്ങള്‍ എല്ലാം വേഗത്തില്‍ തീരുകയും ഡോ. പെട്രീഷിയ ലെവിസ് കൊല്‍ക്കത്തയില്‍ എത്തുകയും ചെയ്തു.
കുഞ്ഞു ഗൗതമിനെ പെട്രീഷയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ഗൗതമിന്റെ പഠനത്തിന് ആവശ്യമായ എല്ലാ സഹായവും താന്‍ ചെയ്തു നല്‍കാമെന്ന് പെട്രീഷിയ മദര്‍ തെരേസയോട് പറഞ്ഞു. എന്നാല്‍ ഗൗതമിന് ഒരു അമ്മയെ കൂടി ആവശ്യമുണ്ടെന്ന് മദര്‍തെരേസ പെട്രീഷയോട് പറഞ്ഞു. ഈ വാക്കുകള്‍ പെട്രീഷയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിച്ചു. അവര്‍ ഗൗതമിനെ ദത്തെടുക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ നീണ്ട നിയമപോരാട്ടം തന്നെ ഇതിനായി അവര്‍ നടത്തേണ്ടി വന്നു.
തന്നോടൊപ്പം ഗൗതമിനെ പെട്രീഷിയ ബ്രിട്ടണിലേക്ക് കൊണ്ടുപോയി. പോളിയോ ബാധിച്ച ഗൗതമിന് മികച്ച വിദ്യാഭ്യാസം നല്‍കുവാന്‍ പെട്രീഷിയ പ്രത്യേകം ശ്രദ്ധിച്ചു. ചാള്‍സ് രാജകുമാരന്‍ പഠിച്ച ഹാംഷൈറിലെ പ്രശസ്തമായ സ്‌കൂളിലാണ് ഗൗതം പഠനം നടത്തിയത്. രാജകുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ പ്രശസ്തരായ പലരുടേയും കുട്ടികള്‍ ഗൗതമിന്റെ തോളില്‍ കൈയിട്ട് നടന്നു. സോളന്റ് സര്‍വകലാശാലയില്‍ നിന്നും ബിസിനസില്‍ ബിരുദം നേടിയാണ് ഗൗതം തന്റെ വിദ്യാഭ്യാസം മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ചത്.
ഇന്ന് ഗൗതം, സമാനമായ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വിമാനം പറത്തുവാന്‍ പഠിപ്പിക്കുന്ന ജോലി ചെയ്യുന്നു.
27-ാം വയസില്‍ തന്നെ മകനായി സ്വീകരിച്ച പ്രെട്രീഷിയ ലെവിസ് എന്ന വളര്‍ത്തമ്മയ്ക്ക് ഇപ്പോള്‍ 59 വയസായതായി ഗൗതം പറയുന്നു. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ ഗൗതം എത്തിയിരിക്കുന്നത് മദര്‍തെരേസയുമൊത്ത് എടുത്ത ചില വിലപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനത്തിനു വേണ്ടിയാണ്.
ഈ വര്‍ഷം സെപ്റ്റംബറില്‍ മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീയായിരിക്കുകയാണ്. മദര്‍തെരേസയുടെ കരുതലിന്റെ കര തലോടല്‍ ലഭിച്ച് ജീവിതത്തില്‍ വന്‍ വിജയം നേടിയ ആയിരങ്ങളില്‍ ഒരാളാണ് ഗൗതം ലെവിസ്.
