News - 2025

കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വംശജനായ പാക്ക് കർദ്ദിനാളും

പ്രവാചകശബ്ദം 03-05-2025 - Saturday

കറാച്ചി: സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് ഇന്ത്യയില്‍ ജനിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബം, ജനസംഖ്യയുടെ 2% ൽ താഴെ മാത്രം വരുന്ന ക്രൈസ്തവരുള്ള മുസ്ലീം രാജ്യത്ത്, മതാന്തര സംഭാഷണത്തിന്റെ ഉറച്ച വക്താവ്. പാകിസ്ഥാന്റെ 78 വർഷത്തെ ആധുനിക ചരിത്രത്തിലെ രണ്ടാമത്തെ കർദ്ദിനാള്‍. രണ്ടു മാസത്തിന് ശേഷമാണ് കോണ്‍ക്ലേവ് നടക്കുന്നതെങ്കില്‍ വോട്ടവകാശം നഷ്ട്ടമാകുമായിരിന്ന കര്‍ദ്ദിനാള്‍. ഇത്തവണ നടക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന പാക്ക് കർദ്ദിനാൾ ജോസഫ് കൗട്ട്സിനെ കുറിച്ചുള്ള വിശേഷണങ്ങള്‍ ഇങ്ങനെ നീളുന്നു.

1945 ജൂലൈ 21 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് ജുള്ളുണ്ടൂർ രൂപതയിലെ ഇന്ത്യ പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രധാന പട്ടണമായ അമൃത്സറിലാണ് ജോസഫ് കൗട്ട്സിന്റെ ജനനം. ഗോവയിൽ നിന്നുള്ളവരായിരിന്നു മാതാപിതാക്കള്‍. അദ്ദേഹത്തിന്റെ പിതാവ് പീറ്റർ ഐസിഐ ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസിൽ ഉദ്യോഗസ്ഥനായിരുന്നു. വൈകാതെ രണ്ട് ആൺമക്കളും ഒരു മകളും അടങ്ങുന്ന കുടുംബത്തോടൊപ്പം പിതാവ് പാക്കിസ്ഥാനിലെ ലാഹോറിലേക്ക് താമസം മാറി. സെന്റ് പാട്രിക് ബ്രദേഴ്‌സിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് ഹൈസ്‌കൂളിലായിരിന്നു പഠനം. ലാഹോറിലെ സെന്റ് മേരീസ് സെമിനാരിയിൽ പഠനം തുടർന്നു. കറാച്ചിയിലെ ക്രൈസ്റ്റ് ദി കിംഗ് സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി.

1971 ജനുവരി 9ന് ലാഹോറില്‍ വൈദികനായി അഭിഷിക്തനായി. 1988 മെയ് 5 ന് പാക്കിസ്ഥാനിലെ ഹൈദരാബാദില്‍ സഹായ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം സെപ്റ്റംബർ 16 ന് അഭിഷിക്തനായി. 2012 ജനുവരി 25 ന് കറാച്ചി ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. 2011 മുതൽ 2017 അവസാനം വരെ പാക്ക് ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റുമായും 2021 ഫെബ്രുവരി 11 വരെ കറാച്ചിയിലെ ആർച്ച് ബിഷപ്പുമയും സേവനം ചെയ്തു. 2018 ജൂൺ 28 ന് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കൺസിസ്റ്ററിയിൽ കർദ്ദിനാളായി നിയമിച്ചത്. സംവാദത്തിലും മത ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലും രാഷ്ട്രത്തിന് നൽകിയ സേവനങ്ങളും പാക്കിസ്ഥാന്റെ സാമൂഹിക ക്ഷേമത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും നൽകിയ സംഭാവനകളും പരിഗണിച്ച് പാക്ക് പ്രസിഡന്റിന്റെ ആദരവ് ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് കർദ്ദിനാൾ ജോസഫ്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »